തളരാതെ മുന്നേറാം: പരാജയങ്ങളെ അതിജീവിക്കാൻ അഞ്ച് വഴികൾ

വിജയത്തിലേക്കുള്ള യാത്രയിൽ പ്രതീക്ഷിക്കാത്ത തിരിച്ചടികൾ ഉണ്ടാകാം. പ്രത്യേകിച്ച് ബിസിനസ് രംഗത്ത് നേട്ടങ്ങളും നഷ്ടങ്ങളും ഒരുപോലെ നേരിടേണ്ടിവരും. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഒരു സംരംഭം വിചാരിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. കഠിനാധ്വാനം ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. ഇത്തരം അനുഭവങ്ങൾ നിരാശയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു പരാജയംകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. മറിച്ച്, തെറ്റുകൾ തിരിച്ചറിയാനും പുതിയ കാര്യങ്ങൾ പഠിക്കാനും കൂടുതൽ കരുത്തോടെ മുന്നേറാനുമുള്ള അവസരമാണത്. പരാജയങ്ങളിൽ തളർന്നുപോകാതെ ആത്മവിശ്വാസത്തോടെ തിരിച്ചുവരാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ പരിചയപ്പെടാം.

1. സ്വയം കുറ്റപ്പെടുത്താതെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കാം

പരാജയം സംഭവിക്കുമ്പോൾ പലരും ആദ്യം ചെയ്യുന്നത് സ്വയം കുറ്റപ്പെടുത്തുകയാണ്. ‘എനിക്ക് ഇതിന് കഴിയില്ല’, ‘എന്റെ ശ്രമങ്ങളെല്ലാം വെറുതെയായി’ തുടങ്ങിയ ചിന്തകൾ മനസ്സിനെ കൂടുതൽ തളർത്തും. എന്നാൽ വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. ഒരു പരാജയംകൊണ്ട് നമ്മുടെ കഴിവുകൾ ഇല്ലാതാകുന്നില്ല. സംഭവിച്ച തെറ്റുകൾ അംഗീകരിക്കുകയും അവയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യാം. അതേസമയം, ഇതുവരെ നേടിയ ചെറിയ നേട്ടങ്ങൾപോലും ഓർത്തെടുക്കണം. സ്വന്തം കഴിവുകളിൽ വിശ്വാസം പുലർത്തുകയും തന്നോട് തന്നെ കരുണയോടെ പെരുമാറുകയും ചെയ്യുമ്പോഴാണ് വീണ്ടും മുന്നേറാനുള്ള ആത്മവിശ്വാസം ലഭിക്കുന്നത്.

2. പിന്തുണ തേടാൻ മടിക്കരുത്

പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ എല്ലാം ഒറ്റയ്ക്ക് നേരിടണമെന്ന് കരുതരുത്. നമ്മെ മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരുടെ സാന്നിധ്യം വലിയ കരുത്താണ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വിശ്വസ്തരായ സഹപ്രവർത്തകരോടും മനസ്സിലുള്ള വിഷമങ്ങൾ പങ്കുവയ്ക്കാം. സമാനമായ ലക്ഷ്യങ്ങളുള്ള ബിസിനസ് രംഗത്തുള്ളവരുടെ കൂട്ടായ്മകളിൽ അംഗമാകുന്നതും നല്ലതാണ്. അവരുടെ അനുഭവങ്ങളും നിർദേശങ്ങളും പുതിയ വഴികൾ കണ്ടെത്താൻ സഹായിച്ചേക്കാം. ചിലപ്പോൾ മറ്റൊരാളുടെ ഒരു വാക്കുപോലും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും. സഹായം തേടുന്നത് ബലഹീനതയല്ല; വളർച്ചയിലേക്കുള്ള നല്ലൊരു ചുവടുവയ്പ്പാണ്.

3. തിരക്കുകൾക്കിടയിൽ വിശ്രമത്തിനും സമയം കണ്ടെത്താം

ബിസിനസിലെ തിരക്കുകളും തുടർച്ചയായ ആശങ്കകളും മനസ്സിനെയും ശരീരത്തെയും ക്ഷീണിപ്പിക്കും. പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നതിനുപകരം അൽപസമയം ജോലിയിൽനിന്ന് മാറിനിൽക്കാം. ഒരു ചെറിയ യാത്രയാകാം, ഇഷ്ടപ്പെട്ട വിനോദങ്ങളാകാം, കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാകാം; മനസ്സിന് ആശ്വാസം നൽകുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തണം. ഇത്തരം ഇടവേളകൾ ചിന്തകൾക്ക് തെളിച്ചം നൽകുകയും പുതിയ ഊർജത്തോടെ ജോലിയിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്യും. വിശ്രമം സമയം നഷ്ടപ്പെടുത്തലല്ല, കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ഒരുക്കമാണ്.

4. മനസ്സിലുള്ളത് എഴുതിവയ്ക്കാം

ചിലപ്പോൾ മനസ്സിലെ വിഷമങ്ങളും ആശങ്കകളും മറ്റുള്ളവരോട് തുറന്നുപറയാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഒരു ഡയറി എഴുതുന്നത് നല്ല ശീലമാണ്. നേരിട്ട പ്രശ്നങ്ങളും അതുണ്ടാക്കിയ നിരാശയും ആശങ്കകളും അതിൽ തുറന്നെഴുതാം. അതോടൊപ്പം, ആ അനുഭവങ്ങളിൽനിന്ന് പഠിച്ച കാര്യങ്ങളും ഇനി വരുത്തേണ്ട മാറ്റങ്ങളും കുറിച്ചുവയ്ക്കാം. ഇങ്ങനെ എഴുതുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കാനും സ്വന്തം ചിന്തകളെ വ്യക്തമായി മനസ്സിലാക്കാനും സഹായിക്കും. ഓരോ ദിവസവും നേടിയ ചെറിയ വിജയങ്ങൾ രേഖപ്പെടുത്തുന്നതും ആത്മവിശ്വാസം വളർത്തും. മനസ്സിലുള്ള കാര്യങ്ങൾ എഴുത്തിലൂടെ പകർത്തുമ്പോൾ പല പ്രശ്നങ്ങൾക്കും പുതിയ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും.

5. ഓരോ പരാജയത്തിലും പുതിയ പാഠങ്ങൾ കണ്ടെത്താം

പരാജയം സംഭവിച്ചാൽ ‘എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിച്ചു?’ എന്നു മാത്രം ചിന്തിക്കാതെ ‘ഈ അനുഭവം എന്നെ എന്താണ് പഠിപ്പിക്കുന്നത്?’ എന്നും ചോദിക്കണം. എവിടെയാണ് തെറ്റുപറ്റിയത്? എന്തൊക്കെയാണ് മാറ്റേണ്ടത്? അടുത്ത ശ്രമം കൂടുതൽ മെച്ചപ്പെടുത്താൻ എന്താണ് ചെയ്യേണ്ടത്? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുമ്പോൾ പ്രശ്നങ്ങളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും. തെറ്റുകൾ ആവർത്തിക്കാതിരിക്കാനും പുതിയ തീരുമാനങ്ങൾ എടുക്കാനും ഈ ചിന്തകൾ സഹായിക്കും. ഓരോ തിരിച്ചടിയും നമ്മെ കൂടുതൽ അനുഭവസമ്പന്നരാക്കുന്നുവെന്ന് തിരിച്ചറിയണം. പരാജയത്തെ അവസാനമായി കാണാതെ, അടുത്ത വിജയത്തിലേക്കുള്ള പാഠമായി സ്വീകരിക്കാം.

ബിസിനസ് രംഗത്ത് പരാജയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ തിരിച്ചടികൾക്കുമുന്നിൽ തളർന്നുപോകാതെ വീണ്ടും ശ്രമിക്കാനുള്ള മനസ്സാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. സ്വന്തം കഴിവുകളിൽ വിശ്വാസം പുലർത്തിയും മറ്റുള്ളവരുടെ പിന്തുണ സ്വീകരിച്ചും അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ പഠിച്ചും മുന്നേറാം. ഒരു പരാജയവും നമ്മുടെ യാത്രയുടെ അവസാനമാകേണ്ടതില്ല. ചിലപ്പോൾ ഏറ്റവും വലിയ വിജയത്തിലേക്കുള്ള വഴി തുറക്കുന്നത് നമ്മൾ നേരിട്ട ഒരു തിരിച്ചടിയായിരിക്കും. അതുകൊണ്ട് പരാജയങ്ങളെ ഭയക്കാതെ പ്രതീക്ഷയോടെ വീണ്ടും തുടങ്ങാം. ഓരോ പുതിയ ശ്രമവും വിജയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാകട്ടെ.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.