മ്യാന്മറിലെ കത്തോലിക്കാ ഗ്രാമത്തിൽ സൈനികാക്രമണം

മ്യാന്മറിലെ പുരാതന കത്തോലിക്കാ ഗ്രാമമായ ചാൻ താറിൽ സൈന്യത്തിന്റെ ആക്രമണം. 30 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സൈന്യം ഇവിടെ ആക്രമണം നടത്തുന്നത്. ഇവിടെയുള്ള 500 വീടുകളിൽ മൂന്നിൽ രണ്ടു ഭാഗവും സൈന്യം തീവച്ചു നശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

നൂറ്റാണ്ടു പഴക്കമുള്ള അസംപ്‌ഷൻ പള്ളി, കോൺവെന്റ്, വൈദികമന്ദിരം എന്നിവക്കു നേരെയും ആക്രമണമുണ്ടായതായി സംശയിക്കുന്നു. മെയ് ഏഴിന് ചാൻ താർ ഗ്രാമത്തിൽ സൈന്യം ആക്രമണം നടത്തിയിരുന്നു. അന്ന് 20 വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബുദ്ധ ഭൂരിപക്ഷ പ്രദേശമായ സാഗായിങ് പ്രവിശ്യയിലാണ് ചാൻ താർ ഗ്രാമം. ഷെല്ലാക്രമണം നടത്തിയാണ് മ്യാന്മാർ സൈന്യം ഗ്രാമത്തിൽ പ്രവേശിച്ചത്. തുടർന്ന് വീടുകൾ ഓരോന്നായി തീവച്ചു നശിപ്പിക്കുകയായിരുന്നു. മ്യാന്മറിൽ പട്ടാളം അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് ഗ്രാമവാസികളിൽ ഏറെയും സുരക്ഷിതപ്രദേശങ്ങളിലേക്ക് മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.