നീന്തൽ പരിശീലകരായി സന്ന്യാസിനിമാർ: ഇത് ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സഭയുടെ വിയറ്റ്നാം മാതൃക

ശാന്തമായി ഒഴുകുന്ന പെർഫ്യൂം നദിയുടെ തീരങ്ങളിലും വിയറ്റ്നാമിലെ ഗ്രാമീണ കായലുകളിലും ഇന്ന് കേൾക്കുന്നത് കുരുന്നുകളുടെ ചിരിയും സന്തോഷത്തോടെയുള്ള വെള്ളത്തിലെ നീന്തലുകളുമാണ്. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ മഴക്കാലമെത്തിയാൽ ഈ ഗ്രാമങ്ങളിൽ നിന്നും ഉയർന്നിരുന്നത് കണ്ണീരും വിലാപവും മാത്രമായിരുന്നു.

വിയറ്റ്നാമിൽ, പ്രത്യേകിച്ച് മധ്യ പ്രവിശ്യയായ തുവാ തിയൻ ഹ്യൂവിൽ (Thua Thien Hue) കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങളായിരുന്നു. വർഷംതോറും ആയിരത്തിലധികം കുട്ടികളാണ് വിയറ്റ്നാമിൽ വെള്ളക്കെട്ടുകളിലും നദികളിലും വീണ് മരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇന്ന് ഭീതിദമായ ആ അവസ്ഥയ്ക്ക് മാറ്റം കുറിക്കുകയാണ് ഒരുകൂട്ടം കത്തോലിക്കാ സന്ന്യാസിനിമാർ.

മരണച്ചുഴിയിൽ നിന്ന് ജീവന്റെ തീരത്തേക്ക്

നദികളും തോടുകളും വയലുകളും കൊണ്ട് സമൃദ്ധമാണ് വിയറ്റ്നാമിന്റെ ഗ്രാമപ്രദേശങ്ങൾ. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മഴക്കാലത്ത് കനത്ത പ്രളയമാണ് ഈ മേഖലകളിൽ അനുഭവപ്പെടാറുള്ളത്. വള്ളങ്ങളിലും ചെറിയ തടിപ്പടവുകളിലുമായി സ്‌കൂളുകളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ മഴക്കാലം അപകടം പിടിച്ച ഒരു സമയം തന്നെയായിരുന്നു. ചെറിയൊരു അശ്രദ്ധയോ അപകടമോ മതി, കുട്ടികൾ ഒഴുക്കിൽപ്പെടാൻ. ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷപെടാൻ നീന്തൽ പഠിക്കുക എന്നതാണ് മാർഗം. എങ്കിലും വലിയ തുക നൽകി സ്വിമ്മിംഗ് പൂളുകളിൽ പോയി നീന്തൽ പഠിക്കാൻ ഇവിടത്തെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സാധിക്കുമായിരുന്നില്ല.

ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് ‘ഡോട്ടേഴ്സ് ഓഫ് അവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ’ സഭയിലെ സന്ന്യാസിനിമാർ രംഗത്തിറങ്ങിയത്. നീന്തൽ വിദഗ്ധരുടെ സഹായത്തോടെ അവർ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ തുടങ്ങി. അപകടത്തിൽപ്പെടുന്ന കുട്ടികൾ പേടിച്ചരണ്ട് മുങ്ങിപ്പോകുന്നതിന് പകരം, ആദ്യം വെള്ളത്തിൽ സ്വയം പൊങ്ങിക്കിടക്കാനും ശാന്തമായി ശ്വാസമെടുക്കാനും അവർ കുട്ടികളെ പരിശീലിപ്പിക്കുന്നു.

“വളരെ ചെറുപ്പത്തിൽ തന്നെ, വെള്ളത്തിൽ വീണാൽ പേടിക്കാതെ എങ്ങനെ പൊങ്ങിക്കിടക്കാം എന്ന ജീവൻരക്ഷാ തന്ത്രമാണ് ഞങ്ങൾ ആദ്യം പഠിപ്പിക്കുന്നത്. നീന്തൽ അറിയാത്തതാണ് പലപ്പോഴും കുട്ടികളുടെ മരണത്തിനു കാരണമാകുന്നത്. ആ അവസ്ഥയ്ക്ക് മാറ്റം വരുത്തണം,” പരിശീലനത്തിന് നേതൃത്വം നൽകുന്ന സിസ്റ്റർ തെരേസ ങ്ങുയൻ തി ലാൻ പറയുന്നു.

ആഴക്കടലോളമുള്ള സ്നേഹം, പുഴയോരത്തെ ക്ലാസുകൾ

സ്വിമ്മിംഗ് പൂളുകൾക്ക് പകരം ഗ്രാമങ്ങളിലെ നദികളെയും കായലുകളെയുമാണ് കന്യാസ്ത്രീകൾ തങ്ങളുടെ പരിശീലനക്കളരിയാക്കിയത്. സന്നദ്ധ പ്രവർത്തകരായ നീന്തൽ പരിശീലകരുടെ സഹായത്തോടെ സന്ന്യാസിനിമാർ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകിത്തുടങ്ങി.

ഇവിടെ വെള്ളത്തിൽ വീണാൽ മുങ്ങിപ്പോകാതെ ശരീരം സന്തുലിതമായി നിർത്തി പൊങ്ങിക്കിടക്കാൻ അവർ പഠിപ്പിക്കുന്നു. ഒപ്പം പരിഭ്രാന്തരാകാതെ ശ്വാസോച്ഛ്വാസം ക്രമീകരിച്ച് സഹായത്തിനായി കാത്തുനിൽക്കാനും ഒഴുക്കിൽപ്പെടുന്ന കൂട്ടുകാരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടാതെ, വടിയോ കയറോ എറിഞ്ഞു കൊടുത്ത് അവരെ എങ്ങനെ രക്ഷിക്കാൻ കഴിയും എന്നൊക്കെ ഇവിടെ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നു. ഇത്തരത്തിലുള്ള അടിസ്ഥാനപരമായ പരിശീലനത്തിലൂടെ നൂറുകണക്കിന് കുട്ടികളാണ് അപകടങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ പ്രാപ്തരായിരിക്കുന്നത്.

സന്തോഷം തിരികെ ലഭിച്ച കുടുംബങ്ങൾ

പത്ത് വയസ്സുകാരനായ ലെ വാൻ ട്രൂങ്ങിന്റെ അനുഭവം ഇതിനൊരു ഉദാഹരണമാണ്. കഴിഞ്ഞ വർഷം പുഴയിൽ കുളിക്കാനിറങ്ങിയ വാനിന്റെ ഇളയ സഹോദരൻ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത് ട്രൂങ്ങിന്റെ കുടുംബത്തെ വലിയ ആഘാതത്തിലാഴ്ത്തിയിരുന്നു. വിഷാദത്തിലാണ്ട അമ്മയുടെ മുഖത്ത് ഇന്ന് വീണ്ടും പുഞ്ചിരിയെത്തിയത് ട്രൂങ് നീന്തൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയപ്പോഴാണ്.

“ഇപ്പോൾ എനിക്ക് തനിയെ പുഴ നീന്തിക്കടക്കാൻ ധൈര്യമുണ്ട്. എനിക്ക് ഇനി അപകടം സംഭവിക്കില്ലെന്ന ഉറപ്പ് അമ്മയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്,” ട്രൂങ് പ്രതീക്ഷയോടെ പറയുന്നു. ഇതുപോലെ ആത്മധൈര്യം വീണ്ടെടുത്ത അനേകം കുടുംബങ്ങൾ ഉണ്ട് ഇന്നിവിടെ. ഇവരൊക്കെ ഇന്ന് പ്രതീക്ഷയോടെ മുന്നോട്ട് നോക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഈ സന്ന്യാസിനിമാരുടെ നിസ്വാർഥമായ കരുതലും സ്നേഹവും ആണ്.

വെറുമൊരു നീന്തൽ പരിശീലനം എന്നതിലുപരി, വിയറ്റ്നാമിൽ ശക്തിപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള വലിയൊരു ദൗത്യത്തിന്റെ ഭാഗം കൂടിയാണ് ഈ പ്രവർത്തനങ്ങൾ. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ പ്രാദേശിക സമൂഹങ്ങളെ പ്രാപ്തരാക്കുന്നതിനായി പ്രത്യേക രക്ഷാപ്രവർത്തന സേനകൾക്കും ഇവർ രൂപം നൽകിയിട്ടുണ്ട്. ഒരു പ്രാർഥനാ മുറിക്കുള്ളിൽ മാത്രം ഒതുങ്ങാതെ, അപകടച്ചുഴികളിൽ അകപ്പെടുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി മാറുന്ന ഈ സന്ന്യാസിനിമാർ, ക്രിസ്തീയ സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രകാശപൂരിതമായ മാതൃകയായി വിയറ്റ്നാമിൽ നിലകൊള്ളുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.