
കോട്ടയം പട്ടണത്തിലെ പ്രശസ്ത ഗേൾസ് ഹൈസ്‌കൂളായ സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ 104-ാമത് വാർഷികാഘോഷം ഇന്ന് (ജനുവരി 21) രാവിലെ 10 മണിക്ക് കോട്ടയം ബി. സി. എം. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. രാവിലെ ഒൻപതു മണിക്ക് സ്‌കൂൾ മാനേജർ ഫാ. അബ്രാഹം പറമ്പേട്ട് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷങ്ങൾക്കു തുടക്കമാകും. ദീർഘനാളത്തെ സേവനത്തിനുശേഷം റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പൾ മേരി ആൻ ജെ. യ്ക്കും മലയാളവിഭാഗം അധ്യാപിക ജിനു മോട്ടിക്കുമുള്ള യാത്രയയപ്പും വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടും.
കോട്ടയം രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ മാനേജർ ഫാ. തോമസ് പുതിയാകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. ദേശീയ അവാർഡ് ജേതാവായ മലയാള സിനിമാ സംവിധായകൻ ജയരാജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, മുനിസിപ്പൽ കൗൺസിലർ സിൻസി പാറേൽ, സ്‌കൂൾ മാനേജർ അബ്രാഹം പറമ്പേട്ട്, പി. റ്റി. എ. പ്രസിഡന്റ് പ്രേംജി എസ്. ഡി., ജൂലിൻ തോമസ്, അമ്മു അന്ന വിനോദ്, വിൻസിമോൾ ചാക്കോ തുടങ്ങിയവർ പ്രസംഗിക്കും.
സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സി. പ്രിയ എസ്. ജെ. സി. റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന – ജില്ലാതല സ്‌കൂൾ കലോത്സവ വിജയികളായ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടും.




