
ലെയോ പാപ്പ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി റോമിൽ തിരികെയെത്തി. ഫ്രാൻസിലേക്കുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ നാലാമത്തെയും അവസാനത്തെയും ദിവസമായിരുന്നു സെപ്റ്റംബർ 28.
ലൂർദിൽ നിന്ന് മെറ്റ്സിലേക്കുള്ള (Metz) യാത്രയോടെയാണ് അന്നത്തെ ദിവസം ആരംഭിച്ചത്. അവിടെ പാപ്പ ഒരു സർവമത സമ്മേളനത്തിൽ പങ്കെടുക്കുകയും തുടർന്ന് ‘സമാധാനത്തിനും ഐക്യത്തിനുമായി യൂറോപ്പിന്റെ വേരുകളിലേക്ക്’ (To the roots of Europe for peace and unity) എന്ന സമ്മേളനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
പിന്നീട്, മെറ്റ്സിലെ സെന്റ് സ്റ്റീഫൻ കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ പരിശുദ്ധ പിതാവ് കാർമ്മികത്വം വഹിച്ചു. വിദ്വേഷത്തിന്റെയും പിണക്കങ്ങളുടെയും ചങ്ങലകൾ പൊട്ടിച്ചെറിയാൻ ആഹ്വാനം ചെയ്ത പാപ്പ, ഫ്രാൻസിനും യൂറോപ്പിനും ലോകം മുഴുവനും പ്രത്യാശയുടെ വെളിച്ചമായി മാറാൻ പ്രാദേശിക സമൂഹത്തോട് അഭ്യർഥിച്ചു.
ചടങ്ങുകൾ പൂർത്തിയായ ശേഷം, മെറ്റ്സ്-നാൻസി-ലോറൈൻ വിമാനത്താവളത്തിൽ നിന്നും റോമിലേക്ക് തിരിച്ചു. അങ്ങനെ നാലു ദിവസത്തെ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി പാപ്പ റോമിൽ തിരികെയെത്തി.




