
മധ്യകാലഘട്ടങ്ങളിൽ ആത്മീയയാത്രകൾ ക്രൈസ്തവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വിശുദ്ധസ്ഥലങ്ങളിലേക്കുള്ള ഒരു തീർഥാടനമെങ്കിലും ജീവിതത്തിൽ പൂർത്തീകരിക്കേണ്ടത് വിശ്വാസത്തിന്റെ ഒരു ഭാഗംപോലെ ആയിരുന്നു. അതുകൊണ്ടുതന്നെ തീർഥാടനങ്ങളിൽ ഒരുകാലത്ത് ഏറ്റവുമധികം വിശ്വാസികളുടെ പ്രീതി നേടിയ ഒരു യാത്രാമാർഗമാണ് ‘മിഖായേൽ മാലാഖയുടെ വിശുദ്ധരേഖ’ എന്നറിയപ്പെടുന്ന ‘ദി സേക്രഡ്ലൈൻ ഓഫ് സെന്റ് മൈക്കിൾ ദി ആർക്ക് ഏഞ്ചൽ’ (The Sacred Line of St. Michael).
15 നൂറ്റാണ്ടുകളായി മതവിശ്വാസികളിലും ചരിത്രകാരന്മാരിലും കൗതുകമുണർത്തുന്ന ഒരു തീർഥാടനപാതയാണിത്. മിഖായേൽ മാലാഖയുടെ ബഹുമാനാർഥം സ്ഥാപിച്ച ഏഴ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന നേർരേഖയിലുള്ള ഒരു പാതയാണിത്. അഞ്ചാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ അയർലണ്ട് മുതൽ ഇസ്രായേൽവരെ മുഖ്യദൂതനു സമർപ്പിച്ച ദൈവാലയങ്ങൾ, ഗുഹകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇവയ്‌ക്കെല്ലാം ചില പ്രത്യേകതകളുണ്ട്. ദൈവത്തിന്റെ ഒരു വലിയ പദ്ധതിയെന്നപോലെ വിശുദ്ധ ബൈബിളിൽ നിർദേശിക്കപ്പെടുന്ന അതേ രീതിയിൽത്തന്നെയാണ് ഇവയെല്ലാം തന്നെ സ്ഥിതിചെയ്യുന്നത്. പർവതങ്ങളോ, കുന്നുകളോ പോലുള്ള ഉയർന്ന സ്ഥലങ്ങളിൽ നിർമ്മിച്ചിരിക്കുന്നത്, വെള്ളത്താൽ ചുറ്റപ്പെട്ടത്, സ്ഥാപിതമായതോ ഉറച്ച പാറയിൽ കൊത്തിയെടുത്തതോ… എന്നിവയെല്ലാം തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഘടകങ്ങളെ നമ്മെ ഓർമ്മിപ്പിക്കുന്നു. അവയുടെ ചില സ്വഭാവസവിശേഷതകൾ വിശുദ്ധപർവതം, ജീവന്റെ ഉറവിടമായ ജലം, മൂലക്കല്ലായ പാറ എന്നിവയാണ്.
അതിലുപരിയായി, തന്റെ ആത്മീയയുദ്ധത്തിൽ മിഖായേൽ മാലാഖയുടെ വരയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഏഞ്ചലോളജിസ്റ്റ് ഫാ. മാർസെല്ലോ സ്റ്റാൻസിയോൺ പറയുന്നതനുസരിച്ച്, മിഖായേൽ മാലാഖയുടെ ഏഴ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന നിഗൂഢരേഖ വടക്കൻ അർധഗോളത്തിലെ സൂര്യാസ്തമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേനൽക്കാലത്തിന്റെ അവസാനഭാഗത്താണ് ഏറ്റവും ദൈർഘ്യമേറിയ പകൽ. അതായത് ഏറ്റവും കുറഞ്ഞ രാത്രിയും ഈ സമയത്താണ്. വെളിച്ചം എന്ന് നാം വിശേഷിപ്പിക്കുന്ന ദൈവത്തിന്റെ ശക്തി വശുദ്ധ മിഖായേൽ മാലാഖ പ്രകടമാക്കുകയും ഇരുട്ടിനെ പുറത്താക്കുകയും ചെയ്യുന്നു എന്നതിന്റെ പ്രതീകമായി ഇതിനെ കാണാമെന്നും ഫാ. മാർസെല്ലോ വെളിപ്പെടുത്തുന്നു.
വി. മിഖായേൽ മാലാഖയുടെ ഏഴ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന വിശുദ്ധ രേഖ
നേർരേഖയിൽ സ്ഥിതിചെയ്യുന്ന മുഖ്യദൂതന്റെ ഏഴ് ആരാധനാലയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ചുവടെ ചേർക്കുന്നത്.
1. സ്കെല്ലിഗ് മൈക്കിൾ: അയർലണ്ടിലെ ഒരു ദ്വീപാണിത്. ഇവിടെയുള്ള സന്യാസാശ്രമങ്ങൾ ആറാം നൂറ്റാണ്ടിലേതാണ്. വി. പാട്രിക്കിന്റെ മുൻപിൽ മിഖായേൽ മാലാഖ ഈ ദ്വീപിൽ പ്രത്യക്ഷപ്പെടുകയും മിഖായേൽ മാലാഖയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനും ദ്വീപിനെ പിശാചിന്റെ ബന്ധനങ്ങളിൽനിന്നു മോചിപ്പിക്കുന്നതിനുമായി അദ്ദേഹത്തോട് പറഞ്ഞു എന്നും പാരമ്പര്യം പറയുന്നു.
2. സെന്റ് മൈക്കിൾസ് മൗണ്ട്: ഇംഗ്ലണ്ടിലെ കോൺവാളിനു സമീപമുള്ള പാറക്കെട്ടുകൾ നിറഞ്ഞ ഒരു ദ്വീപാണിത്. അഞ്ചാം നൂറ്റാണ്ടിൽ, ഒരു കൂട്ടം മത്സ്യത്തൊഴിലാളികളെ കപ്പൽത്തകർച്ചയിൽനിന്നും രക്ഷിച്ച് അവരെ സുരക്ഷിതമായ തുറമുഖത്തേക്കു നയിച്ചുവെന്നാണ് ഐതിഹ്യം. സ്വർഗീയവാസികളുടെ പ്രധാന കൃപകളും അനുഗ്രഹങ്ങളും കാരണം ദ്വീപ് പിന്നീട് മാലാഖമാരോടുള്ള ഭക്തിയുടെ സ്ഥലമായി മാറി.
3. മൗണ്ട് സെന്റ് മൈക്കിൾ: ഫ്രാൻസിലെ നോർമണ്ടിയിൽ സ്ഥിതിചെയ്യുന്ന മുഖ്യദൂതനെ ബഹുമാനിക്കുന്ന പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണിത്. എട്ടാം നൂറ്റാണ്ടിൽ ബിഷപ്പ് ഓബർട്ടിന്, മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. കൂടാതെ, ക്രിസ്ത്യൻ ആരാധനയ്ക്കായി പാറയുള്ള ദ്വീപിനുമുകളിൽ ഒരു ചാപ്പൽ നിർമ്മിക്കാൻ അഭ്യർഥിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
4. സാക്ര ദി സാൻമിഷേൽ: വടക്കൻ ഇറ്റലിയിലെ ടൂറിനിനടുത്തുള്ള ഒരു പട്ടണത്തിൽ സ്വിസ് ആൽപ്‌സിന് അഭിമുഖമായി നിൽക്കുന്ന ഒരു വലിയ ദൈവാലയമാണിത്. പത്താം നൂറ്റാണ്ടിൽ മുഖ്യദൂതൻ, സന്യാസിയായ ജിയോവാനി വിൻസെൻസോയോട് സ്വയം വെളിപ്പെടുത്തികൊണ്ട്, പിർചിരിയാനോ പർവതത്തിന്റെ കൊടുമുടിയിൽ തന്റെ ബഹുമാനാർഥം ഒരു പള്ളി നിർമ്മിക്കാൻ ആവശ്യപ്പെട്ടു എന്നതാണ് ഈ ദൈവാലയത്തിന്റെ നിർമ്മാണത്തിനു പിന്നിലുള്ള ഐതിഹ്യം.
5. ഗാർഗാനോയിലെ വി. മിഖായേൽ മാലാഖയുടെ ഗ്രോട്ടോ: ഏഴ് ആരാധനാലയങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും പടിഞ്ഞാറൻ രാജ്യങ്ങളിൽ വി. മിഖായേൽ മാലാഖയുടെ ദർശനം ലഭിച്ച ആദ്യ സ്ഥലവും ഇവിടെയാണ്. അഞ്ചാം നൂറ്റാണ്ടിൽ, സാന്റ് ആഞ്ചലോ പർവതത്തിനുമുകളിലുള്ള ഒരു ഗുഹയിൽ കയറിയ പശുക്കുട്ടിയെ പിന്തുടരുന്ന ഒരു ഇടയൻ, ഗുഹ കണ്ടെത്തിയ സംഭവത്തോടെയാണ് ഇത് നടന്നത്. ഇതു കഴിഞ്ഞ് പ്രധാന ദൂതൻ ബിഷപ്പ് ലോറെൻസോ മയോറാനോയ്ക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും ക്രിസ്ത്യൻ ആരാധനയ്ക്കായി ഗുഹ സമർപ്പിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. തെക്കൻ ഇറ്റലിയിലെ ഗാർഗാനോ പ്രൊമോണ്ടറിയിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്.
6. മുഖ്യദൂതനായ വി. മിഖായേൽ പനോർമിറ്റിസിന്റെ ഗ്രീസിലെ ആശ്രമം (Monastery of Archangel Michael Panormitis in Greece): ലൂക്ക് എന്ന സന്യാസിക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്റെ ബഹുമാനാർഥം ഒരു പള്ളി പണിയണമെന്ന് വി. മിഖായേൽ ആവശ്യപ്പെട്ടതായി വിശ്വസിക്കുന്നു. മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടിടത്ത് ഒരു ജലസ്രോതസ്സ് പൊട്ടിപ്പുറപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ സംഭവം നടന്നത്.
7. സ്റ്റെല്ല മാരിസ് മൊണാസ്ട്രി: ഇസ്രയേലിലെ ഹൈഫയിൽ, കാർമൽ പർവതത്തിലെ സ്റ്റെല്ല മാരിസ് ആശ്രമം മിഖായേൽ മാലാഖയുടെ വിശുദ്ധരേഖയുടെ അവസാനത്തെ ദൈവാലയമാണ്. കർമലൈറ്റ് ഓർഡർ സ്ഥാപിച്ച സന്യാസിമാർ പന്ത്രണ്ടാം നൂറ്റാണ്ടിൽ കാർമൽ പർവതത്തിൽ സ്ഥിരതാമസമാക്കിയെന്നാണ് പാരമ്പര്യം. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവർ അവിടെ തങ്ങളുടെ ആദ്യത്തെ പള്ളി പണിതു. അവർ വി. മിഖായേലിന്റെ തീക്ഷ്ണഭക്തരും അദ്ദേഹത്തോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നവരുമായിരുന്നുവെന്ന് പറയപ്പെടുന്നു. 1291-ൽ മുസ്ലീം ആധിപത്യംമൂലം വിശുദ്ധനാട് ഉപേക്ഷിക്കാൻ ഈ സന്യാസിമാർ നിർബന്ധിതരായെങ്കിലും നൂറ്റാണ്ടുകൾക്കുശേഷം അവർ തിരിച്ചെത്തി. ഇപ്പോഴത്തെ കോൺവെന്റും പള്ളിയും 19-ാം നൂറ്റാണ്ടിലേതാണ്.
മിഖായേൽ മാലാഖയുടെ വിശുദ്ധരേഖയുടെ നിഗൂഢതയും സവിശേഷതയും അവസാനിക്കുന്നില്ല. ഈ ഏഴ് ദൈവാലയങ്ങളെക്കുറിച്ചും വ്യക്തമായി പഠനം നടത്തിയപ്പോൾ ഇതിൽ മൂന്നെണ്ണത്തിന്റെ അകലം കൃത്യമായി ആയിരം കിലോമീറ്ററാണെന്നു കണ്ടെത്തി.
മൗണ്ട് സെന്റ് മൈക്കിൾ, സാക്ര ഡി സാൻ മിഷേൽ, ഗാർഗാനോയിലെ വി. മിഖായേൽ മാലാഖയുടെ ഗ്രോട്ടോ എന്നിവയാണ് 1000 കിലോമീറ്റർ വ്യത്യാസത്തിലുള്ളത്. ഈ ദേദൈവാലയങ്ങൾ രാജാക്കന്മാർ, ചക്രവർത്തിമാർ, വിശുദ്ധന്മാർ, മാർപാപ്പമാർ എന്നിവരെ സ്വാഗതം ചെയ്‌തിട്ടുണ്ട്.
വിവർത്തനം: സുനീഷാ വി. എഫ്.




