
ഒക്ടോബർ മാസത്തിൽ ലോകമെമ്പാടുമുള്ള യുദ്ധങ്ങൾ അവസാനിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുമായി ജപമാല ചൊല്ലി പ്രാർഥിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ഫ്രാൻസിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ലൂർദ് മാതാവിന്റെ പുണ്യസങ്കേതത്തിൽ (Sanctuary of Our Lady of Lourdes) സെപ്റ്റംബർ 27 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ‘ത്രികാല പ്രാർഥന’ നയിക്കവെയാണ് മാർപാപ്പ ഈ അഭ്യർഥന നടത്തിയത്.
പരിശുദ്ധ കന്യകാമറിയം വി. ബെർണദത്തയ്ക്ക് പ്രത്യക്ഷപ്പെട്ടത് ജപമാലയുമായിട്ടാണെന്നും പ്രാർഥനയിൽ അവളെ നയിച്ചത് മാതാവാണെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. “വരുന്ന ഒക്ടോബർ മാസത്തിൽ യുദ്ധങ്ങൾ അവസാനിക്കാനും, സംഘർഷഭരിതമായ പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാനുമുള്ള പ്രത്യേക നിയോഗത്തോടെ ജപമാല ചൊല്ലി പ്രാർഥിക്കാൻ ഞാൻ എല്ലാ വിശ്വാസികളെയും ക്രിസ്തീയസമൂഹങ്ങളെയും ക്ഷണിക്കുന്നു” എന്ന് മാർപാപ്പ പറഞ്ഞു.
പ്രാർഥനയോടൊപ്പം പ്രായശ്ചിത്തത്തിന്റെയും കരുണയുടെയും പ്രവൃത്തികളും, സംഭാഷണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും സമാധാനം കൈവരിക്കാനുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്ന് പാപ്പ കൂട്ടിച്ചേർത്തു. കന്യകാമറിയത്തിന്റെ മാതൃക പിന്തുടർന്ന് ദൈവഹിതത്തിനനുസരിച്ച് ജീവിക്കാൻ ത്രികാലപ്രാർഥന നമ്മെ സഹായിക്കുന്നുവെന്ന് വിശദീകരിച്ച പാപ്പ, പരിശുദ്ധ അമ്മ നമുക്കായി മധ്യസ്ഥത വഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സന്ദേശം അവസാനിപ്പിച്ചു.
ലൂർദ് സന്ദർശനത്തിനിടെ രോഗികളുമായും തീർഥാടകരുമായും കൂടിക്കാഴ്ച നടത്തിയ മാർപാപ്പ, മാതാവ് പ്രത്യക്ഷപ്പെട്ട മസ്സബിയേൽ ഗുഹയിൽ പ്രത്യേക പ്രാർഥനയും നടത്തിയിരുന്നു.




