
നൈജീരിയയിലെ ഔച്ചി രൂപതയിൽ നിന്ന് കത്തോലിക്കാ വൈദികനോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികാർഥിയെ ക്രൂരമായി കൊലപ്പെടുത്തി. എന്നാൽ കൂടെയുണ്ടായിരുന്ന ഫാ. ഫിലിപ്പ് എക്‌വേലിയെ തീവ്രവാദികൾ മോചിപ്പിച്ചു. മാർച്ച് മൂന്നിന് നൈജീരിയയിലെ ഔച്ചി രൂപതയിലെ ഒരു പാരിഷ് റെക്ടറിയിൽ നിന്നാണ് വൈദികാർഥിയായ ആൻഡ്രൂ പീറ്റർ, ഫാ. ഫിലിപ്പ് എക്‌വേലി എന്നിവരെ തട്ടിക്കൊണ്ടുപോയത്.
“2025 മാർച്ച് 13 വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 4.00 മണിയോടെ, എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് എൽ ജി എ യിലെ നോർത്ത് ഇബിയിലെ ഒക്‌പെക്‌പെ പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അമുഗെ ഗ്രാമത്തിന് സമീപം വച്ച് ഫാ. എക്‌വേലിയെ സുരക്ഷിതമായി മോചിപ്പിച്ചതായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ഇപ്പോൾ ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ, വൈദികനോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട 21 വയസ്സുള്ള വൈദികാർഥി ആൻഡ്രൂ പീറ്ററിനെ തട്ടിക്കൊണ്ടുപോയവർ അതിദാരുണമായി കൊലപ്പെടുത്തി”- ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലെവ പറയുന്നു.
ആൻഡ്രൂ പീറ്ററിന്റെ കുടുംബാംഗങ്ങൾക്ക് നൈജീരിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അത്മാർഥമായ അനുശോചനം അറിയിക്കുന്നു. എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയ (എൽ ജി എ )യിലെ സെന്റ് പീറ്റർ കാത്തലിക് ചർച്ച് ഇവിയുഖുവ-അജെനെബോഡിലെ വൈദിക റെക്ടറിയിൽ നിന്നാണ് ഫാ. എക്‌വേലിയെയും സെമിനാരിയൻ ആൻഡ്രൂവിനെയും തട്ടിക്കൊണ്ടുപോയത്. തോക്കുധാരികൾ
റെക്ടറിയും പള്ളിയും ആക്രമിച്ച് വാതിലുകളും ജനാലകളും നശിപ്പിച്ച് അവരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.




