തോക്കിൻമുനയിൽ പ്രസവമെടുത്ത നഴ്സ്, മൃതദേഹങ്ങൾ അടക്കം ചെയ്ത സ്ത്രീകൾ! നൈജീരിയൻ തീവ്രവാദ തടവറയിലെ നരകയാതന വെളിപ്പെടുത്തി മോചിതരായവർ

“മരണവും അസഹനീയമായ വേദനയും മാത്രമാണ് ഞങ്ങൾ അവിടെ കണ്ടത്…” തീവ്രവാദികളുടെ ക്രൂരതകളിൽ നിന്ന് രക്ഷപ്പെട്ട് ഇലോറിനിലെ ആശുപത്രി കിടക്കയിൽ കിടന്ന് 44 കാരിയായ മേരി ഇഷായ പറയുമ്പോൾ അവരുടെ വാക്കുകളിൽ ഇനിയും കരകയറാൻ കഴിയാത്ത നടുക്കവും ഭീതിയും ഉണ്ടായിരുന്നു. ഇത് മേരി ഇഷായയുടെ മാത്രം അനുഭവം അല്ല. കൈൻജി ലേക്ക് നാഷണൽ പാർക്കിലെ ഭീകര കേന്ദ്രങ്ങളിൽ നിന്ന് നൈജീരിയൻ സൈന്യം രക്ഷപ്പെടുത്തിയ മുന്നൂറോളം ആളുകൾക്കും ഇത്തരത്തിൽ പറയാനുണ്ട് അനേകം അനുഭവങ്ങൾ. പലർക്കും ഇപ്പോഴും തങ്ങൾ രക്ഷപെട്ടു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അത്രയ്ക്ക് ഭീതികരമായിരുന്നു അവർ കടന്നുപോയ ആറ് മാസങ്ങൾ.

കാടിന്റെ ഇരുളടഞ്ഞ കോണുകളിൽ, ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു കഴിച്ചുകൂട്ടിയ ആറു മാസങ്ങൾ. ഭക്ഷണവും കുടിവെള്ളവുമില്ലാതെ, ഒടുങ്ങാത്ത ക്രൂരതകൾക്ക് ഇരയായി നരകയാതന അനുഭവിച്ച 163 നൈജീരിയൻ സ്ത്രീകൾക്കും കുട്ടികൾക്കും ഇത് ഒരു പുതിയ ജന്മമാണ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ തീവ്രവാദികളുടെ തടവറയിൽ നിന്ന് രക്ഷപ്പെട്ടെത്തിയവർ പങ്കുവയ്ക്കുന്നത് നെഞ്ചുപിടയ്ക്കുന്ന അനുഭവങ്ങളാണ്.

ക്രൂരതകൾ അരങ്ങേറിയ ഫെബ്രുവരിയിലെ ആ രാത്രി

2026 ഫെബ്രുവരി മൂന്നിനാണ് രാജ്യത്തെ നടുക്കിയ ആ ക്രൂരത അരങ്ങേറിയത്. നൈജീരിയയിലെ വോറോ (Woro) ഗ്രാമത്തിലേക്ക് ആയുധധാരികളായ ജിഹാദി തീവ്രവാദികൾ ഇരച്ചുകയറുകയായിരുന്നു. ഗ്രാമവാസികളെ കൂട്ടക്കൊല ചെയ്ത ഭീകരർ 160-ലധികം ആളുകളുടെ ജീവനെടുത്തു. തുടർന്ന് സ്ത്രീകളെയും കുട്ടികളെയും തോക്കിൻമുനയിൽ നിർത്തി കാടുകളിലേക്ക് തട്ടിക്കൊണ്ടുപോയി. ജിഹാദികളുടെ മതപരമായ പ്രത്യയശാസ്ത്രങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ച ഗ്രാമവാസികൾക്ക് നൽകിയ “ശിക്ഷ”യായിരുന്നു ഈ അക്രമമെന്ന് പ്രദേശവാസികൾ പറയുന്നു. തങ്ങളുടെ ഭർത്താക്കന്മാരും അച്ഛന്മാരും കൊല്ലപ്പെട്ടു എന്ന സത്യം അറിയാതെയാണ് അവർ ആ തടവുദിനങ്ങൾ തള്ളിനീക്കിയത് എന്നതാണ് അവർ നേരിട്ട ഏറ്റവും ദാരുണമായ അവസ്ഥ.

ഭീകരതയ്ക്ക് നടുവിലെ പ്രസവങ്ങളും ഒടുങ്ങാത്ത പട്ടിണിയും

“സാധാരണ മെഡിക്കൽ ഉപകരണങ്ങളോ സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. വെറുംകൈകൾ കൊണ്ടാണ് ഞാൻ ആ കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് സ്വീകരിച്ചത്,” അമീറ സാക്ഷ്യപ്പെടുത്തുന്നു. അമീറ ഒരു നഴ്സാണ്. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സംഘത്തിൽ അമീറയും ഉണ്ടായിരുന്നു. കാട്ടിലെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും പത്തോളം ഗർഭിണികളുടെ പ്രസവമെടുത്തത് അമീറയായിരുന്നു. ആ സംഭവങ്ങളുടെ ഓർമ്മകൾ ഏറെ ഭീതിയോടെയാണ് അമീറ പങ്കുവയ്ക്കുന്നത്. പല പ്രസവങ്ങളിലും പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നു. പ്രസവത്തിനു അനുകൂലമായ സൗകര്യങ്ങളോ ഉപകരണങ്ങളോ ഒന്നും ഇല്ലാതിരുന്ന ആ സമയത്ത് ദൈവം മാത്രമായിരുന്നു തുണ എന്നും ഈ നഴ്സ് ഓർക്കുന്നു.

ഭക്ഷണമില്ല. വെള്ളമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വിശപ്പും ദാഹവും കൊണ്ട് തളർന്ന ദിവസങ്ങൾ. ആ ദിവസങ്ങളിൽ പട്ടിണി മൂലം മരിച്ചു വീണ അനേകം ആളുകൾ ഉണ്ട്. ഇങ്ങനെ മരിച്ചു വീണ ആളുകളെ അടക്കം ചെയ്യാൻ മറ്റു ബന്ദികളെ നിർബന്ധിക്കുകയാണ് തീവ്രവാദികൾ ചെയ്തത്. ജീവിതത്തിൽ ഇന്നുവരെ ഒരു മൃതദേഹത്തിൽ പോലും തൊട്ടിട്ടില്ലാത്ത മേരി ഇഷായയെപ്പോലുള്ള സ്ത്രീകൾക്ക്, ഒപ്പം കഴിയവെ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സ്വന്തം കൈകൾ കൊണ്ട് കുഴിച്ചുമൂടേണ്ടി വന്നു. ഈ അവസ്ഥകളെ ഏറെ നടുക്കത്തോടെയാണ് ഇവർ വെളിപ്പെടുത്തുന്നത്.

പ്രതീക്ഷകൾ അവസാനിച്ചിടത്തു നിന്നും ഉള്ള രക്ഷപ്പെടൽ

“ഞങ്ങൾ വീടുകളിലേക്ക് തിരികെ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പ്രാർഥന മാത്രമായിരുന്നു ഒരേയൊരു ആശ്രയം”- ഹൗവ സാലിയു പറയുന്നു. മരണം മാത്രം മുന്നിൽ കണ്ട ഒരു വ്യക്തിയുടെ നിസ്സഹാവസ്ഥയായിരുന്നു ആ വാക്കുകളിൽ നിഴലിച്ചത്. രക്ഷപ്പെടുമ്പോൾ നടക്കുന്നത് യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പലരും. ആ രക്ഷപ്പെടൽ കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല പലരുടെയും സഹനജീവിതം. രക്ഷപെടുത്തുമ്പോൾ ഭക്ഷണം ഇല്ലാതെ പലർക്കും എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് സൈന്യം വെളിപ്പെടുത്തുന്നു. ആ അവസ്ഥയിൽ ക്വാറ (Kwara) സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇലോറിനിലെ ആശുപത്രികളിലേക്ക് അവരെ മാറ്റാൻ അധികാരികൾ നിർബന്ധിതരായി.

രക്ഷപ്പെട്ടെത്തിയ പല സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാർ അക്രമത്തിനിടയിൽ കൊല്ലപ്പെട്ടുവെന്ന കടുപ്പമേറിയ സത്യം തിരിച്ചറിയുന്നത് ഇവിടേക്ക് എത്തിയ ശേഷമാണ്. അതും വലിയ ഒരു മാനസിക ആഘാതമാണ് അവർക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇനിയും സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയും വിധത്തിലേക്ക് ഈ സ്ത്രീകളെയും കുട്ടികളെയും എത്തിക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്. ശാരീരികവും മാനസികവുമായ ആഘാതങ്ങളിലൂടെ കടന്നുപോയ ഇവരെ ചേർത്തു നിർത്തുകയാണ് സഭയും സഭാ സമൂഹവും. ഈ സാഹചര്യത്തിലും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതേ എന്ന തീവ്രമായ പ്രാർഥനയിലാണ് ഇവർ.

വിവർത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.