
തെരുവിൽ നിന്നും രക്ഷിച്ചെടുക്കുന്ന പെൺകുട്ടികളുടെ സമൂലമായ പരിവർത്തനത്തിന് സാക്ഷികളാണ് കെനിയയിലെ ഈ സന്യാസിനിമാർ.
അസംപ്ഷൻ സിസ്റ്റേഴ്സ് ഓഫ് എൽദൊരെറ്റ് (ASE) സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ തെരുവുകളിൽ സേവനം ചെയ്യുന്നത്. ഭവനരഹിതരായ കുട്ടികളെ പൂർണമായി പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്.
ആൺകുട്ടികളെക്കാൾ പെൺകുട്ടികളെ തെരുവിൽ നിന്നും രക്ഷിച്ചെടുക്കാൻ വളരെ എളുപ്പമാണെന്നും അവർ പിന്നെ പഴയ സാഹചര്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ സാധ്യത കുറവാണെന്നും ASE അംഗമായ സി. കരോലിൻ നഗാതിയ പറയുന്നു. കാത്തലിക് പൊന്റിഫിക്കൽ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ആയ, എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) നു നല്കിയ അഭിമുഖത്തിലാണ് സിസ്റ്റർ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. പൊന്തിഫിക്കൽ സംഘടനയായ എ സി എന്നിന്റെ കൂടി സാമ്പത്തിക സഹായത്തോടെയാണ് ഈ സിസ്റ്റേഴ്സ് തെരുവിൽ നിന്നു കുട്ടികളെ രക്ഷിക്കുന്നത്.
“ദാരിദ്ര്യത്തിൽ നിന്നും പുറത്തുകടക്കാൻ വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയൂ. അതുകൊണ്ട് പഠനത്തെ ഗൗരവമായി എടുക്കാൻ ഞങ്ങൾ അവരെ നന്നായി പോത്സാഹിപ്പിക്കുന്നു”- സി. കരോലിൻ പറയുന്നു.
ഏകദേശം 60000 കുടുംബങ്ങൾ നെയ്റോബിയുടെ തെരുവുകളിൽ താമസിക്കുന്നുണ്ട്. ആയിരകണക്കിന് ആൺകുട്ടികളും പെൺകുട്ടികളും സ്കൂളിൽ പോകാതെ ലഹരിക്ക് അടിമകളായോ, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടോ അവിടെ കഴിയുന്നുണ്ട് – സിസ്റ്റേഴ്സ് വിവരിക്കുന്നു.
1962 ൽ കെനിയയിൽ സ്ഥാപിതമായ, അസംപ്ഷൻ സിസ്റ്റേഴ്സ് ഓഫ് എൽദൊരെറ്റ് (ASE), ഈ സമൂഹത്തിൽ 2000 ഓളം അംഗങ്ങൾ ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗവും തെരുവുകളിൽ നിന്നും കുട്ടികളെ രക്ഷിച്ചെടുക്കുന്ന പ്രവർത്തനങ്ങളിലാണ് ഏർപെട്ടിരിക്കുന്നത്.




