ആഗോള സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി അംഗമായി ആർച്ച്ബിഷപ്പ് ജോർജ് ആന്റണിസാമിയെ വീണ്ടും നിയമിച്ചു

മദ്രാസ്-മൈലാപ്പൂർ ആർച്ച്ബിഷപ്പ് ഡോ. ജോർജ് ആന്റണിസാമിയെ വത്തിക്കാന്റെ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി അംഗമായി ലെയോ പതിനാലാമൻ മാർപാപ്പ വീണ്ടും നിയമിച്ചു. അടുത്ത അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് പുതിയ നിയമനം. ആദ്യ സുവിശേഷവൽക്കരണവും പുതിയ പ്രാദേശിക സഭകളും ഉൾപ്പെടുന്ന വിഭാഗത്തിലാണ് (Section for First Evangelization and New Particular Churches) അദ്ദേഹം പ്രവർത്തിക്കുക.

ആഗോള കത്തോലിക്കാ സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിലും മിഷനറി പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിക്കുന്ന സമിതിയാണ് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി. വത്തിക്കാൻ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, ആർച്ച്ബിഷപ്പ് ജോർജ് ആന്റണിസാമി ഈ പദവിയിൽ തുടർന്നും സേവനമനുഷ്ഠിക്കും.

2005-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ സുൽസിയുടെ നാമമാത്ര ആർച്ച്ബിഷപ്പായും ഗാംബിയ, ലൈബീരിയ, ഗിനിയ, സിയേറ ലിയോൺ എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ സ്ഥാനപതിയായും നിയമിച്ചു. 2012 നവംബർ 21-നാണ് അദ്ദേഹം മദ്രാസ്-മൈലാപ്പൂർ രൂപതയുടെ ആർച്ച്ബിഷപ്പായി ചുമതലയേൽക്കുന്നത്. 2020 നവംബറിലാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിൽ ആദ്യമായി അംഗമായി നിയമിക്കുന്നത്. നയതന്ത്രം, കാനോൻ നിയമം, ഇടയപരിപാലന നേതൃത്വം, സുവിശേഷവൽക്കരണം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ദീർഘകാല അനുഭവ സമ്പത്തും സംഭാവനകളും പരിഗണിച്ചാണ് ഈ പുനർനിയമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.