17-ാം വയസ്സിൽ ആദ്യ ബി.ഡബ്ല്യു.എഫ് കിരീടം: ആരാണ് തൻവി ശർമ്മ?

​നമ്മളിൽ പലരും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന പ്രായം ആയിരിക്കും 17 എന്നൊക്കെ പറയുന്നത്. എന്നാൽ അതേ പ്രായത്തിൽ ലോക ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക വാനോളമുയർത്തിയ ഒരു പെൺകുട്ടിയുണ്ട് തൻവി ശർമ്മ! തായ്പേയ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിലെ വനിതാ സിംഗിൾസ് കിരീടം ചൂടി തന്റെ ആദ്യ ബി.ഡബ്ല്യു.എഫ് (BWF) വേൾഡ് ടൂർ പദവി സ്വന്തമാക്കുമ്പോൾ ഇന്ത്യയുടെ കായിക ഭൂപടത്തിൽ പുതിയൊരു ചരിത്രം കൂടി കുറിക്കുകയായിരുന്നു പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്നുള്ള ഈ കൗമാരക്കാരി.

വിയറ്റ്നാമിന്റെ ആറാം സീഡ് താരം ത്യു ലിൻ എൻഗുയെന്നെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് തൻവി ഈ നേട്ടം കൈവരിച്ചത്. 36 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ പക്വതയാർന്ന മനസ്സുറപ്പോടെയാണ് ഈ യുവതാരം റാക്കറ്റേന്തിയത്.

​ചരിത്രനേട്ടങ്ങൾ അനായാസം

​തായ്പേയ് ഓപ്പണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ എന്ന നേട്ടം ഇനി തൻവിക്ക് സ്വന്തമാണ്. ബാഡ്മിന്റൺ ഇതിഹാസം തായ് ത്സു യിംഗിന്റെയും, കൊറിയൻ താരം ലീ യോങ് ഡെയുടെയും റെക്കോർഡുകളാണ് 17 വയസ്സും 222 ദിവസവും പ്രായമുള്ളപ്പോൾ തൻവി തിരുത്തിയെഴുതിയത്. കൂടാതെ 2008 -ൽ സൈന നെഹ്‌വാൾ കിരീടം നേടിയ ശേഷം ഈ ടൂർണമെന്റിൽ വനിതാ സിംഗിൾസ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് തൻവി.

​വിജയത്തിനു പിന്നിലെ ദൃഢനിശ്ചയം

​നേട്ടങ്ങളിൽ ആറാടുമ്പോഴും തികഞ്ഞ ലാളിത്യത്തോടെയാണ് തൻവി സംസാരിക്കുന്നത്. “ഈ കിരീടം നേടാനായതിൽ ഒരുപാട് സന്തോഷമുണ്ട്. ജയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ എന്റെ നൂറ് ശതമാനം കഴിവ് പുറത്തെടുക്കാൻ ഞാൻ ശ്രമിച്ചു” – തൻവി പറയുന്നു.

​തുടർച്ചയായി അഞ്ച് മത്സരങ്ങൾ കളിച്ച് കിരീടത്തിലേക്ക് എത്തുമ്പോൾ കളിയിലെ സ്ഥിരതയും കഠിനാധ്വാനവുമാണ് തന്നെ സഹായിച്ചതെന്ന് തൻവി വ്യക്തമാക്കുന്നു. സൂപ്പർ 500, 750 ടൂർണമെന്റുകൾക്കായി ഇതിലും കഠിനമായി പ്രയത്നിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കി.

​അമ്മയെന്ന ആദ്യ പരിശീലകയും കോച്ച് പാർക്കും

​തൻവിയുടെ ഈ അപൂർവ വളർച്ചയ്ക്ക് പിന്നിൽ മാതൃകാപരമായ പിന്തുണയും ദീർഘവീക്ഷണവും ഉള്ള ഒരാൾ ഉണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല അവളുടെ അമ്മ തന്നെയായിരുന്നു. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയും മുൻ ദേശീയ വോളിബോൾ താരവുമായ അമ്മ മീന ശർമ്മയാണ് തൻവിയുടെ ആദ്യ ഗുരു. മകളെ പരിശീലിപ്പിക്കുന്നതിനായി മാത്രം അമ്മ ബാഡ്മിന്റൺ പഠിച്ചെടുത്തു. പുലർച്ചെ നാല് മണിക്ക് ആരംഭിക്കുന്ന കഠിനമായ പരിശീലനങ്ങളിലൂടെയാണ് അമ്മ തൻവി എന്ന കായികതാരത്തെ വാർത്തെടുത്തത്.

​പിന്നീട് ഗുവാഹത്തിയിലെ നാഷണൽ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറിയ തൻവിയെ, പി.വി. സിന്ധുവിനെ ഒളിമ്പിക് മെഡലിലേക്ക് നയിച്ച പ്രശസ്ത ദക്ഷിണ കൊറിയൻ പരിശീലകൻ പാർക്ക് തായ് – സാംഗ് ഏറ്റെടുത്തു. മത്സരശേഷം തന്റെ സ്വർണ്ണമെഡൽ കോച്ച് പാർക്കിന്റെ കഴുത്തിലണിയിച്ച തൻവിയുടെ ചിത്രം സ്പോർട്സ് ലോകത്തിന്റെ മനം കവർന്ന ഒന്നായിരുന്നു.

​ഭാവിയിലേക്ക് ഒരു വെളിച്ചം

​വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒറ്റ പതിപ്പിൽ രണ്ട് മെഡലുകൾ സിംഗിൾസിൽ വെള്ളിയും മിക്സഡ് ടീമിൽ വെങ്കലവും നേടുന്ന ആദ്യ ഇന്ത്യൻ താരമായ തൻവി ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വർണം നേടിയപ്പോഴും ടീമിലുണ്ടായിരുന്നു. മുൻ ലോക ജൂനിയർ ഒന്നാം നമ്പർ താരമായ തൻവി, കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പൺ ഫൈനലിലും എത്തിയിരുന്നു.

​പ്രതിബന്ധങ്ങൾ കണ്ടു പിന്മാറാതെ സ്വപ്നങ്ങൾക്ക് പിന്നാലെ കൃത്യമായ ലക്ഷ്യത്തോടെ പാഞ്ഞാൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തൻവി ശർമ്മ തെളിയിക്കുന്നു. വിജയ കൊടുമുടി കയറുമ്പോഴും വിനയം കൈവിടാത്ത ഈ 17-കാരി, ഏതൊരു യുവതലമുറയ്ക്കും കായികപ്രേമികൾക്കും വലിയൊരു പ്രചോദനമാണ്. ഇന്ത്യയുടെ ബാഡ്മിന്റൺ ഭാവി ഭദ്രമായ കൈകളിലാണെന്ന് തൻവി തന്റെ പോരാട്ടവീര്യത്തിലൂടെ ഉറപ്പിച്ചുപറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.