ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ- ഓഗസ്റ്റ് 12

ഇന്ത്യയ്ക്ക് മേൽ ബ്രിട്ടീഷുകാർ അധികാരം സ്ഥാപിക്കുന്നതിന് കാരണമായ അലഹബാദ് ഉടമ്പടി ഒപ്പുവച്ചത് 1765 ഓഗസ്റ്റ് 12നായിരുന്നു. ഈ ഉടമ്പടിക്ക് മുമ്പ് ഇന്ത്യയുമായി കച്ചവടബന്ധം മാത്രമുണ്ടായിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉടമ്പടിക്ക് ശേഷം ഇന്ത്യയിൽ ഭരണാധികാരമുറപ്പിച്ചു. മുഗൾ ഭരണാധികാരിയായിരുന്ന ഷാ ആലം രണ്ടാമനും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന ബക്സർ യുദ്ധത്തിനു ശേഷമാണ് ഈ ഉടമ്പടി ഒപ്പു വച്ചത്. യുദ്ധത്തിൽ പരാജയപ്പെട്ടതോടെ റോബർട്ട് കൈ്ലവ് എഴുതിത്തയ്യാറാക്കിയ ഉടമ്പടിയിൽ മുഗൾ ഭരണാധികാരിക്ക് ഒപ്പിടേണ്ടി വന്നു. നാല്പതിനായിരം ചതുരശ്രകിലോമീറ്റർ സ്ഥലത്തിന്റെ നികുതി പിരിക്കാനുള്ള അവകാശം അതോടെ കമ്പനിക്ക് ലഭിച്ചു.

ശബ്ദം റെക്കോർഡ് ചെയ്യാനുള്ള ഉപകരണമായ ഫോണോഗ്രാഫിന്റെ നിർമാണം തോമസ് ആൽവ എഡിസൺ പൂർത്തിയാക്കിയത് 1877 ഓഗസ്റ്റ് 12നായിരുന്നു. ടെലഗ്രാഫ് ട്രാൻസ്മിറ്ററിലൂടെ പ്രക്ഷേപണം ചെയ്യുന്ന സ്വരം അതിലുപയോഗിക്കുന്ന പേപ്പർ ടേപ്പിന്റെ സ്വരം കൂടി കലർന്ന് അവ്യക്തമാകുന്നു എന്ന വസ്തുത ശ്രദ്ധിച്ച എഡിസൺ അതിന് പരിഹാരമായാണ് ശബ്ദം റെക്കോർഡ് ചെയ്ത് സൂക്ഷിക്കാവുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഒരു ടിൻഫോയിൽ സിലിണ്ടറും സ്റൈ്റലസുമാണ് ഫോണോഗ്രാഫ് നിർമിക്കാൻ എഡിസൺ ഉപയോഗിച്ചത്. മേരി ഹാഡ് എ ലിറ്റിൽ ലാംബ് എന്ന വാചകമാണ് അദ്ദേഹം ആദ്യമായി ഫോണോഗ്രാഫിൽ റെക്കോർഡ് ചെയ്തത്.

സ്വതന്ത്ര ഇന്ത്യ ആദ്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയത് 1948 ഓഗസ്റ്റ് 12നായിരുന്നു. പുരുഷ ഹോക്കിയിൽ നേടിയ സ്വർണമായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ. ഫൈനലിൽ ഇന്ത്യ നേരിട്ടതാകട്ടെ 200 വർഷങ്ങൾ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടനെയും. രണ്ടാം ലോകമഹായുദ്ധകാലത്ത് നിലച്ചു പോയ ഒളിമ്പിക് മത്സരങ്ങൾ 12 വർഷങ്ങൾക്ക് ശേഷമാണ് 1948ൽ പുനഃരാരംഭിക്കുന്നത്. ആ മത്സരത്തിൽ പുതുതായി സ്വാതന്ത്ര്യം നേടിയ നിരവധി രാഷ്ട്രങ്ങൾ പങ്കെടുത്തു. 1920 മുതൽ ഇന്ത്യ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ആദ്യ പങ്കാളിത്തമായിരുന്നു 1948ലേത്. അതിൽ സ്വർണമെഡൽ തന്നെ സ്വന്തമാക്കാൻ രാജ്യത്തിന് കഴിഞ്ഞു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.