
കത്തോലിക്കാ സഭയിലെ പ്രസിദ്ധരായ വിശുദ്ധരിൽ ഒരാളും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ (Order of the Visitation of Holy Mary) സ്ഥാപകയുമാണ് വിശുദ്ധ ഫ്രാൻസിസ് ഡി ഷന്താൾ. ഒരു നല്ല ഭാര്യ, നാല് മക്കളുടെ അമ്മ, വിധവ, സന്യാസിനി എന്നീ നിലകളിൽ ക്രിസ്തീയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ മാതൃക പകർന്ന അപൂർവ വിശുദ്ധരിൽ ഒരാളാണ് ഈ വിശുദ്ധ.
കുടുംബവും കുടുംബ ജീവിതവും
1572 ജനുവരി 23-ന് ഫ്രാൻസിലെ ദിജോണിലാണ് വി. ജയിൻ ഫ്രാൻസിസ് ജനിച്ചത്. ഫ്രാൻസിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന ബെനിഗ്നെ ഫ്രെമിയോട്ടിന്റെ മകളായിരുന്നു അവർ. ഇരുപത്തിയൊന്നാം വയസ്സിൽ ബാരൺ ഡി ഷാന്താളുമായി അവരുടെ വിവാഹം നടന്നു. ദമ്പതികൾക്ക് ആറ് മക്കളുണ്ടായെങ്കിലും രണ്ടുപേർ ചെറുപ്പത്തിലേ മരിച്ചു. ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നിട്ടും, എളിമയോടും പ്രാർഥനാപൂർവവുമാണ് ഫ്രാൻസിസ് ജീവിച്ചത്. വീടിന്റെ കാര്യങ്ങൾ കൃത്യമായി നോക്കിനടത്തുന്നതിനൊപ്പം പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുന്നതിൽ അവർ എപ്പോഴും മുന്നിലുണ്ടായിരുന്നു.
1601-ൽ നായാട്ടിനിടയിൽ ഭർത്താവിന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ഫ്രാൻസിസ് വിധവയായി. വെറും 28-ാം വയസ്സിൽ നാല് കൊച്ചുകുട്ടികളുമായി ഒറ്റപ്പെട്ടുപോയ അവരുടെ ജീവിതത്തിൽ കഠിനമായ ദുഃഖവും നിരാശയും നിറഞ്ഞുനിന്നു. എന്നാൽ ഈ സഹനങ്ങളിൽ നിന്ന് അവർ ദൈവത്തിലേക്ക് കൂടുതൽ അടുക്കുകയാണുണ്ടായത്. താൻ അനുഭവിച്ച കടുത്ത വേദനകൾക്കിടയിലും ഭർത്താവിന്റെ മരണത്തിന് കാരണക്കാരനായ ആളോട് പൂർണ്ണഹൃദയത്തോടെ ക്ഷമിക്കാൻ അവർ തയ്യാറായി.
വി. ഫ്രാൻസിസ് സാലെസിന്റെ ആത്മീയ പിന്തുണ
1604-ലെ നോമ്പുകാലത്ത് വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിന്റെ (St. Francis de Sales) പ്രസംഗം കേൾക്കാൻ ഇടയായത് ഫ്രാൻസിസിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. വിശുദ്ധ ഫ്രാൻസിസ് ഡി സാലെസ് അവരുടെ ആത്മീയ പിതാവും വഴികാട്ടിയുമായി മാറി. വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിന്റെ ആത്മീയ ഉപദേശപ്രകാരം 1610 ജൂൺ ആറിന് ഫ്രാൻസിലെ അന്നസിയിൽ (Annecy) ഇരുവരും ചേർന്ന് ‘ഓർഡർ ഓഫ് ദി വിസിറ്റേഷൻ’ എന്ന സന്യാസിനി സമൂഹം സ്ഥാപിച്ചു.
ശാരീരിക ബുദ്ധിമുട്ടുകളോ പ്രായക്കൂടുതലോ കാരണം മറ്റ് സന്യാസ സഭകളിൽ ചേരാൻ കഴിയാത്ത സ്ത്രീകൾക്കും രോഗികളെയും പാവപ്പെട്ടവരെയും ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഈ സമൂഹം ആരംഭിച്ചത്. ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഈ സന്യാസിനി സമൂഹം വേഗത്തിൽ വളരുകയും അവരുടെ ജീവിതകാലത്തുതന്നെ എൺപതോളം മഠങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.
തന്റെ ജീവിതത്തിലുടനീളം പ്രാർഥനയ്ക്കും എളിമയ്ക്കും കാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ വിശുദ്ധ ഫ്രാൻസെസ് 1641 ഡിസംബർ 13-ന് 69-ാം വയസ്സിൽ അന്തരിച്ചു. 1751-ൽ ബെനഡിക്റ്റ് പതിനാലാമൻ മാർപാപ്പ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1767 ജൂലൈ 16-ന് ക്ലെമന്റ് പതിമൂന്നാമൻ മാർപാപ്പ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ന് വിധവകളുടെയും, മക്കളുടെ മരണത്താൽ ദുഃഖിക്കുന്നവരുടെയും, കുടുംബപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെയും മധ്യസ്ഥയായി വിശുദ്ധ ഫ്രാൻസിസ് ഡി ഷന്താൾ വണങ്ങപ്പെടുന്നു.




