
1950 ന് ശേഷമുള്ള ഏറ്റവും കടുത്ത വേനൽച്ചൂടിലൂടെയാണ് ഇറ്റലി കടന്നുപോകുന്നതെന്ന് പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപ് 2003 ൽ രേഖപ്പെടുത്തിയ ഉയർന്ന താപനിലയെ മറികടന്നാണ് ഇത്തവണ ചൂട് പുതിയ റെക്കോർഡ് ഇട്ടിരിക്കുന്നത്. ഇറ്റലിയിലെ ദേശീയ ഗവേഷണ കൗൺസിലിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രമുഖ സാമ്പത്തിക മാധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടത്.
ആഗസ്റ്റ് മാസത്തിൽ കടുത്ത ചൂടാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തിലാദ്യമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന വർഷമായി ഇത് മാറി. ഇറ്റലിയുടെ 70% പ്രദേശങ്ങളിലും താപനില വലിയ തോതിൽ ഉയർന്നത് ജനജീവിതത്തെ സങ്കീർണ്ണമായി ബാധിച്ചിട്ടുണ്ട്.
കടുത്ത ചൂടും വരൾച്ചയും കൃഷിയെയും കർഷകരെയും വലിയ രീതിയിൽ ദുരിതത്തിലാക്കിയിട്ടുണ്ട്. റോം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം ദിവസങ്ങളോളം നീണ്ടുനിന്ന കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലായിരുന്നു. കാലാവസ്ഥാ വ്യതിയാനം വരും ദിവസങ്ങളിൽ കൃഷിമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.




