
എത്യോപ്യയിലെ അതിർത്തി മേഖലയിലുണ്ടായ വംശീയ അതിക്രമങ്ങളെ തുടർന്ന് 50,000 ത്തിലധികം ആളുകൾ കെനിയയിലേക്ക് പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും കൊടിയുർത്തുന്നതിനെയും ചൊല്ലി ഒറോമിയ, സൊമാലി മേഖലകൾ തമ്മിൽ ഒക്ടോബർ 18 മുതൽ ആരംഭിച്ച സംഘർഷമാണ് രൂക്ഷമായ പോരാട്ടമായി മാറിയത്. സ്വന്തം വീടുകൾ കത്തിയമരുകയും വെടിയേറ്റ് നിരവധിയാളുകൾ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടത്.
ഭക്ഷണവും മരുന്നും കൃത്യമായ തണലുമില്ലാതെ കിലോമീറ്ററുകളോളം നടന്ന് കെനിയൻ പ്രദേശങ്ങളിൽ എത്തിയ അഭയാർഥികളുടെ അവസ്ഥ അതീവ ദയനീയമാണ്. അതിർത്തി നഗരമായ കാറ്റിലെ പ്രാദേശിക നിവാസികളുടെ വീടുകളിലും താൽക്കാലിക കേന്ദ്രങ്ങളിലുമായാണ് പലായനം ചെയ്തെത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ കഴിയുന്നത്. കനത്ത തണുപ്പും കൊതുകുശല്യവും പകർച്ചവ്യാധികളും കാരണം കുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും ജീവൻ വലിയ അപകടത്തിലാണെന്ന് റെഡ് ക്രോസ് അധികൃതർ വ്യക്തമാക്കുന്നു.
തുടർച്ചയായ വെടിവയ്പ്പും സംഘർഷവും കാരണം അതിർത്തിയിലൂടെയുള്ള ചരക്ക് ഗതാഗതവും കച്ചവടവും പൂർണ്ണമായും നിലച്ച മട്ടാണ്. സുരക്ഷ ശക്തമാക്കുന്നതിനായി അതിർത്തി മേഖലകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കെനിയൻ അധികൃതർ അറിയിച്ചു. എത്യോപ്യൻ സർക്കാരുമായി ചർച്ച നടത്തി യുദ്ധത്തിന് അടിയന്തരമായി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അയൽരാജ്യമായ കെനിയ.




