
ദൈവരാജ്യത്തെ, ഭൂമിയിൽ വിതയ്ക്കുന്ന വിത്തിനോട് സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള ഈ ഉപമ വി. മർക്കോസിന്റെ സുവിശേഷത്തിൽ മാത്രം കാണപ്പെടുന്ന ഒന്നാണ്. അറിയാതെ ഒരുവന് സ്വർഗം നൽകുന്ന സമ്മാനമാണ് സ്വർഗരാജ്യം. സമയമാകുമ്പോൾ ഈ തിരിച്ചറിവ് ഒരു വിതക്കാരനെപ്പോലെ ഓരോ ക്രിസ്ത്യാനിക്കും ലഭിക്കുന്നു. ദൈവരാജ്യത്തിന്റെ നിഗൂഢമായ വളർച്ചയെ സൂചിപ്പിക്കുന്ന ഈ ഉപമ സ്വർഗരാജ്യത്തിന്റെ വളർച്ച മനുഷ്യന്റെ പ്രയത്നമല്ല, ദൈവത്തിന്റെ വരദാനമാണ് എന്ന് വ്യക്തമാക്കുന്നു. ക്രിസ്തീയവിശ്വാസം ഞെരുക്കപ്പെടുമ്പോൾ സ്വർഗരാജ്യം വളരുകയാണ്. കാരണം, അമരത്ത് ക്രിസ്തുവാണ്.
ഈ ഭൂമിയിൽ വിതയ്ക്കപ്പെടുന്ന നമ്മുടെ ജീവിതമാകുന്ന വിത്തിനെ ഫലം പുറപ്പെടുവിക്കത്തക്ക രീതിയിൽ വളർത്താനും ദൈവരാജ്യം ഭൂമിയിൽ അന്വർഥമാക്കുന്നതിനും വേണ്ടി ദൈവം അനുദിനം പ്രവർത്തിക്കുന്നു. ഈ ദൈവികപദ്ധതിയോട് സ്വയം സമർപ്പിക്കാൻ നമുക്കും സാധിക്കണം. ദൈവം സ്നേഹിക്കുന്ന ഒന്നായി, ചെറുതായി നാം മാറുമ്പോൾ നമ്മളിലൂടെ ഒരു സ്വർഗീയകൃപ ദൈവം ഒരുക്കുന്നു എന്ന തിരിച്ചറിവ് നമുക്കുണ്ടാകട്ടെ.
ഫാ. ഡാനിയേല്‍ കോയിക്കല്‍




