
അർജന്റീനയിലെ ബ്യൂണസ് ഐറീസിലുള്ള മോനുമെന്റോ ഡി ലോസ് എസ്പാനിയോൾസ് മൈതാനത്ത് ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം വേറിട്ടൊരു സംഭവം നടന്നു. ഏകദേശം 25 ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത മഹാസംഗമത്തിൽ ലാ പ്ലാറ്റയിൽ നിന്നെത്തിയ ബെഞ്ചമിൻ വാസിംഗർ (19) എന്ന യുവാവ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ തന്റെ ജീവിതാഭിലാഷം വെളിപ്പെടുത്തി. “എനിക്ക് വൈദികനാകണം”
തോളിൽ ദേശീയ പതാകയും നെഞ്ചിൽ ജപമാലയുമേന്തി C5N ചാനൽ ക്യാമറകൾക്ക് മുന്നിലെത്തിയ ബെഞ്ചമിൻ താൻ അടുത്ത വർഷം സെമിനാരിയിൽ ചേരാൻ തീരുമാനിച്ചതായി അറിയിച്ചു. “ലെയോ മാർപാപ്പയെ നേരിട്ട് കണ്ട നിമിഷമാണ് വൈദികനാകണമെന്ന ആഗ്രഹം മനസ്സിലുറച്ചത്. ഈ തീരുമാനത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്,” അവൻ വ്യക്തമാക്കി.
തന്റെ അനുഭവം പങ്കുവച്ചതിനൊപ്പം മറ്റുള്ളവരോടായി അവൻ ഒരു അഭ്യർഥനയും നടത്തി “ദൈവവിളി തിരിച്ചറിയാൻ ആരും ഭയപ്പെടരുത്, സഭയിൽ കൂടുതൽ വൈദികർ ഉണ്ടാകുന്നതിനായി എല്ലാവരും പ്രാർഥിക്കണം”. മാർപാപ്പയുടെ അർജന്റീന സന്ദർശനം വിശ്വാസികളിൽ പുതിയ ആത്മീയ ഉണർവാണ് സൃഷ്ടിക്കുന്നത്.




