നവംബര്‍ 12: വി. ജോസഫാത്ത്

പോളണ്ടിന്റെ ഒരു പ്രവിശ്യയായ വോളിനിലെ വ്‌ളാഡിമിര്‍ എന്ന സ്ഥലത്ത് 1580 -ല്‍ ജോസഫാത്ത് ജനിച്ചു. മാതാപിതാക്കളാല്‍ വിശ്വാസചൈതന്യത്തില്‍ വളര്‍ത്തപ്പെട്ട ജോസഫാത്ത് സാധാരണ ജോലികള്‍ചെയ്ത് പുണ്യത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു.

1595 നവംബര്‍ 25 -ന് റുഥേനിയന്‍ സഭയില്‍നിന്നും ആറു മെത്രാന്മാരും പത്തുലക്ഷം വിശ്വാസികളും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കിനെ വിട്ട് കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. അവരുടെ ഗണത്തില്‍പെട്ട ആളായിരുന്നു ജോസഫാത്ത്. 1604 -ല്‍ പിലാനിലേ പരിശുദ്ധ ത്രിത്വത്തിന്റെ ആശ്രമത്തില്‍ അദ്ദേഹം ചേര്‍ന്നു. വി. ബേസില്‍ സ്ഥാപിച്ചതായിരുന്നു ആ ആശ്രമം. ജോസഫാത്ത് 1608 -ല്‍ വൈദികനായി. 1617 -ല്‍ പോളോറ്റ്‌സ്‌ക്കിയിലെ മെത്രാപ്പോലീത്തയുമായി.

സഭകളുടെ ഐക്യത്തിനായി ജോസഫാത്ത് നിരന്തരം യത്‌നിച്ചിരുന്നു. പ്രസംഗങ്ങളും പ്രബന്ധങ്ങളും മുഖേന ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പെട്ട ആളിനെ മെത്രാനാക്കണമെന്നുള്ള ആവശ്യം ജോസഫാത്ത് നിഷേധിച്ചതിനാല്‍ അദ്ദേഹത്തിന് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ബദല്‍ ഹൈരാര്‍ക്കി ഉണ്ടാക്കിക്കൊണ്ട് ഓര്‍ത്തഡോക്‌സുകാര്‍ ജോസഫാത്തിനെതിരെ സമരം തുടങ്ങി. റുഥേനിയന്‍ റീത്ത് വിട്ട് അദ്ദേഹം ലത്തീന്‍ റീത്ത് സ്വീകരിച്ചെന്ന് ദുഷ്പ്രചരണം നടത്തി. ലത്തീന്‍ മെത്രാന്മാര്‍പോലും അദ്ദേഹത്തെ തുണച്ചില്ലെങ്കിലും ജോസഫാത്ത് ധീരതയോടെ മുന്നേറി.

1623 ഒക്‌ടോബറില്‍ നടത്തിയ അജപാലനയാത്രയ്ക്കിടയില്‍, തന്നെ വേട്ടയാടുന്നവരോടായി ജോസഫാത്ത് പറഞ്ഞു: “വിറ്റ്‌സ്ബര്‍ഗിലുള്ള ചിലര്‍ എന്നെ വധിക്കാന്‍ ആഗ്രഹിക്കുന്നതായി എനിക്കറിയാം. നിങ്ങളുടെ ഇടയനാണ് ഞാന്‍. നിങ്ങള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതില്‍ ആഹ്ളാദിക്കേണ്ടവനാണ് ഞാന്‍. പത്രോസിന്റെ പിന്‍ഗാമിയുമായി ഐക്യത്തിലായിരിക്കുന്നതിന് ഞാന്‍ എന്റെ ജീവനര്‍പ്പിക്കുന്നതാണ്. ദൈവഹിതമെങ്കില്‍ സത്യത്തിനുവേണ്ടി മരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്.”

ഈ പ്രഖ്യാപനത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്റെ നേതൃത്വത്തില്‍ വന്ന അക്രമിസംഘം ജോസഫാത്തിനെ വധിച്ച് നദിയില്‍തള്ളി. ആറുദിവസം പുഴയില്‍ കിടന്ന മൃതശരീരം കരയ്ക്കടുത്തപ്പോള്‍ യാതൊരു തകരാറും ഉണ്ടായിരുന്നില്ല. വിശ്വാസികള്‍ പോട്ടലിസിലെ ബയാലയില്‍ ശരീരം സംസ്‌ക്കരിച്ചു. നാമകരണ നടപടികള്‍ക്കായി 1628 -ല്‍ കല്ലറ തുറന്നപ്പോള്‍ യാതൊരു മാറ്റവുമില്ലാത്ത നിലയിലാണ് ശരീരം കാണപ്പെട്ടത്.

പലപ്രാവശ്യം മൃതശരീരം പരിശോധനയ്ക്കു വിധേയമാക്കി. ആക്രമണങ്ങളില്‍നിന്നും ശരീരം സംരക്ഷിക്കപ്പെടുന്നതിനായി പലപ്രാവശ്യം സ്ഥലം മാറ്റപ്പെട്ടു. പുനരൈക്യത്തിന്റെ അപ്പസ്‌തോലനായ ജോസഫാത്തിന്റെ ശരീരം ഇപ്പോള്‍ റോമില്‍ പരിരക്ഷിക്കപ്പെടുന്നു. 1867 -ല്‍ ലെയോ 13 -ാമന്‍ പാപ്പാ ജോസഫാത്തിനെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

വിചിന്തനം: ദിവ്യമായ ധ്യാനനിഷ്ഠയില്‍ വ്യാപൃതനാകാന്‍ കഴിയാതെവരുമ്പോള്‍ എളിയപ്രവൃത്തികള്‍ ചെയ്തുശീലിക്കുക.

ഇതരവിശുദ്ധര്‍: അസ്റ്റെരിക്കൂസ് (+1035) ബൊഹിമിയായിലെ മെത്രാന്‍/ അനസ്താതിയൂസ്/ ബനഡിക്റ്റും കൂട്ടരും (+1005) രക്തസാക്ഷികള്‍/ എവോദിയൂസ് (+560) ലീപയിലെ മെത്രാന്‍/ റൂഫൂസ് (+200) അവിഞ്ഞോണിലെ ആദ്യമെത്രാന്‍/ നിലൂസ് (+430) രക്തസാക്ഷി/ പേറ്റര്‍നൂസ് (+726) ബനഡിക്‌റ്റെന്‍ സന്യാസി/ ലിവിനൂസ് (580-657) രക്തസാക്ഷിയായ ഐറിഷ് മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.