അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്രപ്രസിദ്ധമായ കയ്യെഴുത്തുപ്രതികൾ ഇറാഖിലെ രൂപതയ്ക്ക് തിരികെ നൽകി കൽദായ സന്ന്യാസിമാർ

അര നൂറ്റാണ്ടിലേറെക്കാലമായി സൂക്ഷിച്ചിരുന്ന ചരിത്രപ്രധാനമായ കയ്യെഴുത്തുപ്രതികൾ ഇറാഖിലെ അതിരൂപതയ്ക്ക് തിരികെ നൽകി കൽദായ സന്ന്യാസ സമൂഹം. അഖ്ര അതിരൂപതയുടെ പൗരാണിക കയ്യെഴുത്തുപ്രതികളാണ് കാൽദിയൻ ആന്റോണിയൻ ഓർഡർ ഓഫ് സെന്റ് ഹോർമിസ്ഡ് വിഭാഗം തിരികെ നൽകിയത്. ഇറാഖിലെ അർബിലിന്റെ ഭാഗമായ അങ്കാവയിലെ ‘സെർവന്റ് ഓഫ് ഗോഡ് ആന്റ് മാർട്ടിർ ഗബ്രിയേൽ ഡാൻബോ’ മഠത്തിൽ വച്ചാണ് ഔദ്യോഗിക കൈമാറ്റ ചടങ്ങുകൾ നടന്നത്.

മൊസൂൾ-അഖ്ര അതിരൂപതാ മെത്രാപ്പോലീത്ത നജീബ് മീഖായേൽ, കാൽഡിയൻ ആന്റോണിയൻ ഓർഡർ ഓഫ് സെന്റ് ഹോർമിസ്ഡ് സഭയുടെ സുപ്പീരിയർ ജനറൽ ആബട്ട് സമീർ സുറേ ഷോ, കൂടാതെ നിരവധി സന്ന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു.

ഇറാഖിൽ പ്രതികൂല സാഹചര്യങ്ങളും കുടിയിറക്കലുകളും രൂക്ഷമായ സാഹചര്യത്തിൽ 1960-കളിലാണ് ഈ കയ്യെഴുത്തുപ്രതികൾ സുരക്ഷിതമായി സംരക്ഷിക്കാൻ തങ്ങളുടെ സന്ന്യാസ സമൂഹത്തെ ഏൽപ്പിച്ചതെന്ന് ആബട്ട് സമീർ സുറേ ഷോ വ്യക്തമാക്കി. സന്ന്യാസ സമൂഹത്തിലെ അംഗവും പിന്നീട് സുപ്പീരിയർ ജനറലായും അഖ്രയിലെ മെത്രാനായും സേവനമനുഷ്ഠിച്ച അബ്ദുൾ അഹദ് റബ്ബാൻ, സഭയുടെ പാരമ്പര്യവും പൈതൃകവും നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കാൻ ആഗ്രഹിച്ചിരുന്നതായി സുറേ ഷോ പറഞ്ഞു. രൂപതയിലേക്ക് സുരക്ഷിതമായി തിരികെ നൽകാൻ അനുയോജ്യമായ സാഹചര്യങ്ങൾ വരുന്നതുവരെ ഈ കയ്യെഴുത്തുപ്രതികൾ സന്ന്യാസ സമൂഹത്തിന്റെ മേൽനോട്ടത്തിൽ സൂക്ഷിക്കുകയായിരുന്നു.

കാലക്രമേണ മാറിമറിഞ്ഞ സാഹചര്യങ്ങൾ മൂലം അഖ്ര രൂപതയുടേത് ഉൾപ്പെടെയുള്ള കയ്യെഴുത്തുപ്രതി ശേഖരങ്ങൾ സുരക്ഷിതത്വം തേടി പലതവണ മാറ്റേണ്ടി വന്നിട്ടുണ്ടെന്നും ആബട്ട് സമീർ സുറേ ഷോ വിശദീകരിച്ചു. അൽക്കോഷിലെ ‘ഔവർ ലേഡി ഓഫ് ദി സീഡ്സ്’ മഠത്തിൽ നിന്നും പിന്നീട് മൊസൂളിലെ സെന്റ് ജോർജ് മഠത്തിലേക്കും മാറ്റി. തുടർന്നാണ് ഈ കയ്യെഴുത്തുപ്രതികൾ ബാഗ്ദാദിലെ സെന്റ് ആന്റണി മഠത്തിലേക്ക് മാറ്റിയത്. തുടർച്ചയായ ഈ സ്ഥാനമാറ്റങ്ങൾ കാരണം അഖ്ര രൂപതയുടെ കയ്യെഴുത്തുപ്രതികൾ സന്ന്യാസ സമൂഹത്തിന്റെ കൈവശമുള്ള മറ്റ് ശേഖരങ്ങളുമായി കലർന്നുപോയിരുന്നു. തുടർന്ന് ഇവയെ തിരിച്ചറിയാനും വേർതിരിച്ചെടുക്കാനും വലിയ പരിശ്രമങ്ങൾ ആവശ്യമായി വന്നു.

അഖ്ര രൂപതയുടെ ശേഖരത്തിൽ ആകെ 97 കയ്യെഴുത്തുപ്രതികളാണ് ഉണ്ടായിരുന്നതെന്നും അതിൽ 93 എണ്ണം മെത്രാപ്പോലീത്ത നജീബ് മീഖായേലിന് കൈമാറിയതായും സുറേ ഷോ പറഞ്ഞു. ബാക്കിയുള്ള നാലെണ്ണത്തിൽ മൂന്നെണ്ണം മിനസോട്ടയിലെ ഹിൽ മ്യൂസിയം ആന്റ് മാനിസ്‌ക്രിപ്റ്റ് ലൈബ്രറി വഴി ലഭ്യമാക്കിയ, കാൽഡിയൻ പാത്രിയാർക്കേറ്റിന്റെ ഡിജിറ്റലൈസ് ചെയ്ത ശേഖരത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നാലാമത്തെ കയ്യെഴുത്തുപ്രതി ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദശകങ്ങളിലുടനീളം, ഈ കയ്യെഴുത്തുപ്രതികളെ വിലമതിക്കാനാവാത്ത നിധികളായി മാത്രമല്ല, കൽദായ സഭയുടെ ചരിത്രപരവും ആത്മീയവുമായ ഓർമ്മകളുടെയും അതിന്റെ അനന്യത നിലനിർത്തുന്ന പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമായാണ് സന്ന്യാസ സമൂഹം കരുതിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.