
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പകൽ നടന്ന കാര്യങ്ങൾ നാം ഓർത്തുപോകാറുണ്ട്. ആരോ പറഞ്ഞ ഒരു വാക്ക് മനസ്സിനെ നോവിക്കുന്നുണ്ടാകാം; നാളെ എന്തു സംഭവിക്കുമെന്ന ചിന്തയിൽ ഉറക്കം നഷ്ടപ്പെടുന്നുണ്ടാകാം. അങ്ങനെ വളരെ ചെറിയ കാര്യങ്ങൾ പോലും വീണ്ടും വീണ്ടും ചിന്തിച്ച് നാം മനസ്സിനെ അനാവശ്യമായി വിഷമിപ്പിക്കാറുണ്ട്. ഇങ്ങനെ ചിന്തകൾ കൂടുമ്പോൾ നമ്മുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. എന്നാൽ മനസ്സിലേക്ക് വരുന്ന എല്ലാ ചിന്തകൾക്കും പിന്നാലെ പോകേണ്ടതില്ല. ചിന്തകളെ തിരിച്ചറിയാനും മനസ്സിനെ ശാന്തമാക്കാനും നമുക്ക് പഠിക്കാം. അതിന് സഹായിക്കുന്ന ചില നല്ല ശീലങ്ങൾ പരിചയപ്പെടാം.
മനസ്സിൽ ചിന്തകൾ നിറയുമ്പോൾ
നമ്മുടെ മനസ്സ് എപ്പോഴും നമ്മെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് പഴയ തെറ്റുകളും മോശം അനുഭവങ്ങളും വീണ്ടും ഓർമിപ്പിക്കുന്നത്. എന്നാൽ മനസ്സിൽ വരുന്ന എല്ലാ ചിന്തകളും സത്യമായിരിക്കണമെന്നില്ല. സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതും കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്നതും നമ്മുടെ മനസ്സിനെ കൂടുതൽ തളർത്തും. അതിനാൽ ചിന്തകളെ തിരിച്ചറിയാനും അവയ്ക്ക് അമിതപ്രാധാന്യം നൽകാതിരിക്കാനും പഠിക്കണം.
മനസ്സിന് കരുത്തേകാൻ ആറ് നല്ല ശീലങ്ങൾ
1. മനസ്സിലെ ചിന്തകൾ തിരിച്ചറിയാം
മനസ്സിൽ എന്താണ് നടക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. എന്തെങ്കിലും കാര്യത്തിൽ ദേഷ്യമോ വിഷമമോ ഭയമോ തോന്നുമ്പോൾ അതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുക. ‘എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത്?’ എന്ന് സ്വയം ചോദിക്കാം. ചിന്തകളെ മനസ്സിലാക്കുമ്പോൾ അവ മൂലമുണ്ടാകുന്ന വിഷമം കുറയ്ക്കാനും കഴിയും.
2. കാര്യങ്ങളെ മറ്റൊരു രീതിയിൽ കാണാം
ഒരു പ്രശ്നം വരുമ്പോൾ അതിനെക്കുറിച്ച് മാത്രം ചിന്തിച്ച് വിഷമിക്കാതെ മറ്റൊരു രീതിയിൽ നോക്കാൻ ശ്രമിക്കുക. ഓരോ അനുഭവവും നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ട്. ഒരു സുഹൃത്തിനാണ് ഈ പ്രശ്നം ഉണ്ടായതെങ്കിൽ എന്തായിരിക്കും നമ്മൾ ഉപദേശിക്കുക? അതേ ഉപദേശം സ്വന്തം കാര്യത്തിലും സ്വീകരിക്കാം. പ്രശ്നങ്ങളെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണുന്നത് നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കും.
3. ഇന്നത്തെ നിമിഷങ്ങളിൽ സന്തോഷം കണ്ടെത്താം
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കയും കാരണം പലപ്പോഴും ഇന്നത്തെ സന്തോഷം നമ്മൾ മറന്നുപോകുന്നു. അതിനാൽ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ ശ്രമിക്കാം. ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ രുചി ആസ്വദിക്കുക, പ്രകൃതിഭംഗി കാണുക, ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക. ദിവസവും കുറച്ചുസമയം ശാന്തമായി ഇരുന്ന് ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മനസ്സിന് ആശ്വാസം നൽകും.
4. നമ്മെത്തന്നെ സ്നേഹിക്കാം
മറ്റുള്ളവർക്ക് നൽകുന്ന സ്നേഹവും പ്രോത്സാഹനവും നമ്മളും അർഹിക്കുന്നുണ്ട്. ഒരു തെറ്റ് സംഭവിച്ചാൽ അതിന്റെ പേരിൽ സ്വയം കുറ്റപ്പെടുത്താതെ തിരുത്താൻ ശ്രമിക്കുക. ‘എനിക്ക് ഇത് ചെയ്യാൻ കഴിയും’, ‘ഞാൻ വീണ്ടും ശ്രമിക്കും’ എന്നിങ്ങനെ ആത്മവിശ്വാസം നൽകുന്ന വാക്കുകൾ സ്വയം പറയാം. സ്വന്തം കുറവുകൾ അംഗീകരിച്ചുകൊണ്ട് നമ്മെത്തന്നെ സ്നേഹിക്കാൻ പഠിക്കാം.
5. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാം
ദിവസം മുഴുവൻ ജോലികളിലും ഉത്തരവാദിത്തങ്ങളിലും മുഴുകുമ്പോൾ സ്വന്തം സന്തോഷത്തിനായി സമയം കണ്ടെത്താൻ പലപ്പോഴും മറന്നുപോകുന്നു. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുക, പുസ്തകങ്ങൾ വായിക്കുക, നടക്കാൻ പോകുക, പൂന്തോട്ടത്തിൽ സമയം ചെലവഴിക്കുക, പ്രിയപ്പെട്ടവരുമായി സംസാരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ മനസ്സിന് സന്തോഷം നൽകും. ദിവസവും ആവശ്യത്തിന് ഉറങ്ങുന്നതും വ്യായാമം ചെയ്യുന്നതും മനസ്സിന്റെ ആരോഗ്യത്തിന് നല്ലതാണ്.
6. ആവശ്യമുള്ളപ്പോൾ സഹായം തേടാം
ചില വിഷമങ്ങൾ ഒറ്റയ്ക്ക് നേരിടാൻ ബുദ്ധിമുട്ടായിരിക്കും. അത്തരം സമയങ്ങളിൽ വിശ്വസിക്കുന്ന ഒരാളോട് മനസ്സ് തുറന്ന് സംസാരിക്കാം. ചിന്തകളും ആശങ്കകളും ദീർഘകാലം തുടരുകയും ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ ഒരു കൗൺസിലറുടെയോ മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം തേടാം. അതിൽ തെറ്റൊന്നുമില്ല. സ്വന്തം മനസ്സിന്റെ ആരോഗ്യത്തിന് നൽകുന്ന കരുതലാണത്.
മനസ്സിന് സമാധാനം നൽകാം, ജീവിതം സന്തോഷകരമാക്കാം
ജീവിതത്തിൽ എല്ലാ ദിവസവും സന്തോഷം മാത്രം ഉണ്ടാകണമെന്നില്ല. ചിലപ്പോൾ വിഷമങ്ങളും ആശങ്കകളും നമ്മെ തേടിയെത്താം. എന്നാൽ അവയ്ക്കിടയിലും മനസ്സിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ നമുക്ക് പഠിക്കാം. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് അമിതമായി വിഷമിക്കാതെയും വരാനിരിക്കുന്നതിനെക്കുറിച്ച് അനാവശ്യമായി ഭയപ്പെടാതെയും ഇന്നത്തെ ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാം. ഓർക്കുക, ചിന്തകളെ നിയന്ത്രിക്കാൻ പഠിക്കുമ്പോൾ മനസ്സിന് കൂടുതൽ കരുത്ത് ലഭിക്കും. ആ കരുത്താണ് ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും സന്തോഷത്തോടെ മുന്നേറാനും നമ്മെ സഹായിക്കുന്നത്.
വിവർത്തനം: ഡിൻസി തോമസ്




