നവംബര്‍ 10: വി. അന്ത്രയോസ് അവലീനോ

നേപ്പിള്‍സില്‍ 1521 -ല്‍ അന്ത്രയോസ് അവലീനോ ജനിച്ചു. സിവില്‍ നിയമങ്ങളും കാനോന്‍ നിയമങ്ങളും പഠിച്ച് ബിരുദം നേടിയതിനുശേഷം വൈദികവൃത്തി സ്വീകരിച്ചു. അനന്തരം വൈദിക കോടതികളില്‍ അഭിഭാഷകനായി ജോലിചെയ്തു. പിന്നീട് അദ്ദേഹം അഭിഭാഷകജോലി രാജിവച്ചു.

അന്ത്രയോസ് മുപ്പത്തിയഞ്ചാമത്തെ വയസില്‍ നേപ്പിള്‍സിലെ ‘തിയെറ്റയിന്‍’ സഭയില്‍ ചേര്‍ന്നു. പതിനാലുവര്‍ഷം അവിടെ ജീവിച്ചു. 1570 -ല്‍ വി. ചാള്‍സ് ബൊറോമിയോവിന്റെ നിര്‍ബന്ധംമൂലം അധികാരികള്‍ അദ്ദേഹത്തെ ലോംബാര്‍ഡിയിലേക്ക് അയച്ചു. അന്ത്രയോസിന്റെ നിരന്തരമായ പ്രയത്‌നത്തിന്റെ ഫലമായി ലോംബാര്‍ഡിയിലെ ജനങ്ങളുടെ ആത്മീയജീവിതം ഉന്നതിപ്രാപിച്ചു. വിശ്വാസത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടിരുന്ന അവിടുത്തെ ജനത്തെ തിരികെ വിശ്വാസത്തിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു.

1608 നവംബര്‍ പത്താം തീയതി അന്ത്രയോസ് പരിശുദ്ധ കുര്‍ബാന അനുഷ്ഠിക്കാന്‍ഭാവിച്ചപ്പോള്‍ പെട്ടെന്ന് തളര്‍ച്ച ബാധിച്ച് നിലത്തുവീണു; അന്നുതന്നെ മരിക്കുകയുംചെയ്തു. അദ്ദേഹത്തിന് എണ്‍പത്തിയെട്ടു വയസ് പ്രായമുണ്ടായിരുന്നു.

വി. പൗലോസിന്റെ ദൈവാലയത്തിലെ നിലവറയിലാണ് മൃതദേഹം കിടത്തിയത്. ഭക്തരായ സന്ദര്‍ശകര്‍ മൃതദേഹത്തില്‍നിന്നു തലമുടിയും മുഖത്തെ ത്വക്കും മുറിച്ചെടുത്തുകൊണ്ടു പോകാന്‍തുടങ്ങി. മരിച്ചിട്ട് മുപ്പത്തിയാറു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുറിഞ്ഞഭാഗങ്ങളില്‍ ചോരപൊടിഞ്ഞു. ശരീരം ചൂടുള്ളതായും കാണപ്പെട്ടു. വൈദ്യപരിശോധനയില്‍ അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നതായി തെളിഞ്ഞു. എന്നിട്ടും അടുത്ത മുപ്പത്തിയാറു മണിക്കൂർ സമയം തുടര്‍ച്ചയായി മുറിവുകളില്‍നിന്നും രക്തം സ്രവിച്ചുകൊണ്ടിരുന്നു. ആശ്രമവാസികള്‍ ആ രക്തം ചഷകത്തില്‍ ശേഖരിച്ച് ഭദ്രമായി സൂക്ഷിച്ചുവച്ചു. നാലുദിവസം കഴിഞ്ഞപ്പോള്‍ അതു പതഞ്ഞുപൊങ്ങി; പിന്നീട് കട്ടിയാവുകയും ചെയ്തു. തുടര്‍ന്ന് അന്ത്രയോസിന്റെ ചരമവാര്‍ഷിക ദിനങ്ങളിലെല്ലാം കട്ടിയായ രക്തം ഉരുകിയിരുന്നതായി പറയപ്പെടുന്നു. 1717 -ല്‍ സഭ അന്ത്രയോസിനെ വിശുദ്ധനായി നാമകരണംചെയ്തു.

വിചിന്തനം: ”ദൈവം തിരുമനസാകാതെയോ, അങ്ങയുടെ പരിപാലനകൂടാതെയോ അകാരണമായോ യാതെന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല.”

ഇതരവിശുദ്ധര്‍ : ലയോ. പാപാ (440-461)/ ഗുവെരെസാള്‍ദുസ് (+965) സ്‌പെയിനിലെ മെത്രാന്‍/ റാറ്റ്‌സ്ബര്‍ഗ്ഗിലെ ജോണ്‍ (+1066) മിഷനറി/ യൂസ്തൂസ് +(627) കാന്റര്‍ബറിയിലെ മെത്രാന്‍/മോണിത്തോര്‍ (+490) ഓര്‍ലീന്‍സിലെ മെത്രാന്‍ /നോണൂസ് +(417) ഹിലിയോപോളീസിലെ മെത്രാന്‍/ ട്രൈഫോണ്‍(+251) രക്തസാക്ഷി/ റ്റിബേരിയൂസ് (+303) രക്തസാക്ഷി/ ആന്‍ഡ്രൂ (1521-1608)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.