

യേശു തന്റെ രൂപാന്തരീകരണത്തിന് സാക്ഷികളാകാൻ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ മൂന്ന് ശിഷ്യന്മാരെ മാത്രം തിരഞ്ഞെടുത്തതിന് ദൈവശാസ്ത്രപരമായ കാരണങ്ങളുണ്ട്.
നിയമപരമായ സാക്ഷ്യം
യഹൂദ നിയമപ്രകാരം (ആവർത്തനപുസ്തകം 19:15) ഒരു കാര്യം സത്യമാണെന്ന് സ്ഥാപിക്കാൻ രണ്ടോ മൂന്നോ സാക്ഷികൾ ആവശ്യമാണ്. ഭാവിയിൽ സഭയ്ക്ക് മുന്നിൽ ഈ സ്വർഗീയ വെളിപാടിന്റെ സത്യസന്ധത സാക്ഷ്യപ്പെടുത്താൻ ഈ മൂന്ന് പേർ നിയോഗിക്കപ്പെട്ടു.
പഴയനിയമ സമാന്തരം
മോശ സീനായ് മലയിലേക്ക് ദൈവത്തെ കാണാൻ പോയപ്പോൾ അഹരോൻ, നാദാബ്, അബീഹൂ എന്നീ മൂന്ന് പേരെ ഒപ്പം കൂട്ടിയതിന്റെ (പുറപ്പാട് 24:1) ഒരു പുതിയനിയമ ആവർത്തനമാണിത്. യേശു പുതിയ മോശയാണെന്ന് ഇത് കാണിക്കുന്നു.
ദൈവികരഹസ്യത്തിന്റെ സൂക്ഷിപ്പുകാർ
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് മുൻപ് ഈ സ്വർഗീയ മഹിമ പരസ്യമാക്കരുതായിരുന്നു. വലിയൊരു കൂട്ടത്തോട് പറയുന്നതിനേക്കാൾ ഈ അദ്ഭുത രഹസ്യം കാത്തുസൂക്ഷിക്കാൻ വിശ്വസ്തരായ മൂന്ന് പേർ മാത്രമുള്ള ചെറിയ സംഘമാണ് അനുയോജ്യം.
ഭാവി സഭയുടെ തൂണുകൾ
പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവർ പിൽക്കാലത്ത് ആദ്യകാല ക്രിസ്തീയ സഭയുടെ ശക്തരായ നേതാക്കളായി (തൂണുകളായി) മാറേണ്ടവരായിരുന്നു. കഠിനമായ പീഡനങ്ങളെ നേരിടാൻ ഈ സ്വർഗീയ ദർശനം അവർക്ക് ആത്മവിശ്വാസം നൽകി. നേതൃത്വ സ്തംഭങ്ങളായി ഈശോയുടെ സ്വർഗാരോഹണത്തിനു ശേഷം സഭയെ നയിക്കാൻ പോകുന്നവരാണ് ഇവർ. ഇവർ പറയുന്നതാണ് നാളത്തെ ക്രിസ്തുവിന്റെ സഭയുടെ വിശ്വാസത്തിന്റെ വാക്ക്.
രൂപാന്തരീകരണ മലയിലെ മഹത്വത്തിന് സാക്ഷികളായ ഇതേ മൂന്ന് പേരെ തന്നെയാണ് പിന്നീട് ഗെത്സെമനി തോട്ടത്തിലെ യേശുവിന്റെ കഠിനമായ വേദനയ്ക്കും സാക്ഷികളാക്കാൻ കൂട്ടിക്കൊണ്ടുപോകുന്നത്. മഹത്വവും കഷ്ടപ്പാടും തമ്മിലുള്ള ഈ സാഹിത്യപരമായ വൈരുദ്ധ്യം യേശുവിന്റെ ദൈവത്വവും മനുഷ്യത്വവും ഒരേപോലെ പ്രിയ ശിഷ്യർക്കു വെളിപ്പെടുത്തുന്നു.
ഒരു സുവിശേഷകന്റെ തൂക്കം എന്നു പറയുന്നത് യേശുവിനെ അവൻ വ്യക്തി ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതിന്റെ തൂക്കമാണ്.
അപ്പസ്തോലന്മാർ എല്ലാവരും സുവിശേഷ വേല നന്നായി ആരംഭിച്ചവരല്ല. എന്നാൽ അവരെല്ലാവരും നന്നായി അവസാനിപ്പിച്ചവരാണ്. ജീവിതം എങ്ങനെ തുടങ്ങിയാലും, ഇന്നത്തെ ജീവിതാവസ്ഥ എന്തായിരുന്നാലും, യേശുവിനെ അനുഭവിച്ചറിഞ്ഞ ഒരു ജീവിതത്തിന് എല്ലാം നന്നായി അവസാനിപ്പിക്കാൻ സാധിക്കും.
ജിൻസി സന്തോഷ്




