
ഗ്വാട്ടിമാലയിലെ ആന്റിഗ്വയിൽ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഔഗസ്റ്റോ റഫേൽ രാമിരസ് മൊണാസ്റ്റീരിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. രാജ്യത്തെ ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തിന്റെ പേരിൽ അദ്ദേഹം വധിക്കപ്പെട്ടതിന്റെ കൃത്യം 43-ാം വാർഷിക ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം. മാർപാപ്പയ്ക്ക് വേണ്ടി ഗ്വാഡലാജാര ആർച്ച് ബിഷപ്പ് കർദിനാൾ ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചു.
കുമ്പസാര രഹസ്യത്തിന്റെ കാവൽക്കാരൻ
1983 ജൂണിൽ, സായുധ ഗറില്ലാ ഗ്രൂപ്പിൽ ചേരുകയും ഗവൺമെന്റ് പൊതുമാപ്പ് തേടുകയും ചെയ്ത ഒരു കർഷക തൊഴിലാളിയുടെ കുമ്പസാരം ഫാ. ഔഗസ്റ്റോ കേട്ടു. അതിനെ തുടർന്ന് പൊലീസ് ഫാ. ഔഗസ്റ്റോയെയും ആ കർഷക തൊഴിലാളിയുടെ കൂടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇരുവരെയും ചിമാൽതേനാങ്കോയിലെ സൈനിക ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. കുമ്പസാരത്തിൽ താൻ കേട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് വൈദികനെ മാത്രമായി, ലക്ഷ്യമിട്ട് പീഡിപ്പിച്ചു.
ഫാ. ഔഗസ്റ്റോയുടെ ഔദ്യോഗിക ചിത്രത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾ തന്റെ വസ്ത്രത്തിന്റെ (ഹാബിറ്റ്) കൈക്കുള്ളിൽ ഒതുക്കിപ്പിടിച്ചിട്ടുണ്ട്. ഈ ചിത്രം പകർത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇരുമ്പ് കൈവിലങ്ങുകൾ ഉപയോഗിച്ച് അദ്ദേഹത്തെ തൂക്കിയിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതുമൂലം അദ്ദേഹത്തിന്റെ കൈകൾക്ക് സാരമായി പരിക്കേൽക്കുകയും പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
കുമ്പസാര രഹസ്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക വഴി ഓരോ വ്യക്തിയുടെയും അന്തസ്സ് സംരക്ഷിക്കുകയും പാപികൾക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിനുള്ള സുരക്ഷിതമായ സങ്കേതം എപ്പോഴും കണ്ടെത്താനാകുമെന്ന് ഉറപ്പാക്കുകയുമാണ് ഫാ. ഔഗസ്റ്റോ ചെയ്തത്.
ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിലകൊണ്ടയാൾ
ഗ്വാട്ടിമാലയെ ‘രക്തസാക്ഷികളുടെ മനോഹരവും എന്നാൽ ദുഃഖപൂരിതവുമായ ഭൂമി’ എന്നാണ് കർദിനാൾ ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ വിശേഷിപ്പിച്ചത്. സ്പെയിനിൽ ശുശ്രൂഷ ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയ ഫാ. ഔഗസ്റ്റോ, അർപ്പണബോധത്തോടെയുള്ള ഇടവക ശുശ്രൂഷയ്ക്കായും ഏറ്റവും ദരിദ്രരെ സംരക്ഷിക്കുന്നതിനായും തന്റെ ജീവിതം മാറ്റിവച്ചതായി കർദിനാൾ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ മാതൃക പിന്തുടരാനും, പീഡനങ്ങൾക്കോ പാർശ്വവൽക്കരണത്തിനോ ഇരയാകുന്നവർക്കും വിശ്വാസത്തിന്റെ ആശ്വാസം തേടുന്നവർക്കും ഒപ്പം നിൽക്കാൻ കഴിയുന്ന, ‘ആടുകളുടെ മണമുള്ള’ ഇടയന്മാരായി മാറാനും കർദിനാൾ വൈദികരെ ആഹ്വാനം ചെയ്തു.
1982-ൽ ഫാ. ഔഗസ്റ്റോ നടത്തിയ പ്രസംഗത്തിലെ ചില വരികൾ ഉദ്ധരിച്ചുകൊണ്ടാണ് കർദിനാൾ പ്രസംഗം ഉപസംഹരിച്ചത്. “ദൈവത്തോട് നാം അടുക്കുകയും അവിടുത്തെ ജീവനിൽ നാം പങ്കുചേരുകയും ചെയ്യുന്ന ‘കൂദാശപരമായ വിരുന്നാണ് വിശുദ്ധ കുർബാന'” എന്നായിരുന്നു ആ വൈദികൻ വിശേഷിപ്പിച്ചത്.




