
സിനിമയിലെ നായകന്മാരെക്കാൾ വലിയ മനസ്സോടെ യഥാർഥ ജീവിതത്തിലെ ഹീറോ ആയി വീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ’ത്തിൽ വേഷമിട്ടതിന് തനിക്ക് ലഭിക്കേണ്ട മുഴുവൻ പ്രതിഫലവും നിർധനരായ കാൻസർ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന നൽകിയിരിക്കുകയാണ് താരം.
ചിത്രത്തിലെ അഭിനയത്തിനായി നിശ്ചയിച്ചിരുന്ന ആറുകോടി രൂപയിൽ നിന്നും ഒരു പൈസ പോലും വ്യക്തിപരമായി തനിക്ക് വേണ്ടെന്നും അത് കാൻസറിനോട് പോരാടുന്ന കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കണമെന്നും നിർമ്മാതാവ് നമിത് മൽഹോത്രയോട് വിവേക് ഒബ്റോയ് ആവശ്യപ്പെടുകയായിരുന്നു. തന്റെ 50 -ാം ജന്മദിനത്തോടനുബന്ധിച്ച് 50 കാൻസർ ബാധിതരായ കുട്ടികളുടെ ചികിത്സ പൂർണ്ണമായും ഏറ്റെടുത്തുകൊണ്ട് താരം ഈ വാഗ്ദാനം പാലിച്ചു. ദീർഘകാലമായി കാൻസർ രോഗികൾക്ക് കൈത്താങ്ങാവുന്ന കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷനും സോഷ്യൽ മീഡിയ ലോകവും താരത്തിന്റെ ഈ വലിയ മനസ്സിന് ഒന്നടങ്കം ആദരവും അഭിനന്ദനങ്ങളും ചൊരിയുകയാണ്.
’നമുക്ക് സാമ്പത്തികമായി ഉയർച്ച ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ യഥാർഥ ലക്ഷ്യം നമ്മളെക്കാൾ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്നുള്ളതാണ്’ എന്ന സന്ദേശമാണ് വിവേക് ഒബ്റോയ് ഇതിലൂടെ നൽകുന്നത്. റീൽ ലൈഫിലെ കഥാപാത്രങ്ങളേക്കാൾ വലിയ മനുഷ്യസ്നേഹത്തിന്റെ മാതൃക കാട്ടി താരം വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്.




