ഹാലോവീൻ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിൽ കനത്ത ജാഗ്രത: 70,000 പൊലീസുകാരെ വിന്യസിച്ചു

ഹാലോവീൻ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫ്രാൻസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ്യവ്യാപകമായി 70,000 പൊലീസുകാരെയും അർധസൈനിക പൊലീസുകാരെയും വിന്യസിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു.

ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്ന് ഫ്രാൻസിൽ വ്യാപകമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഇതിൽ ചില സമരങ്ങൾ വലിയ തോതിലുള്ള കൊള്ളകളിലേക്കും കലാപങ്ങളിലേക്കും വഴിമാറിയിരുന്നു. ഒക്ടോബർ 31 ലെ സാഹചര്യങ്ങൾ പൊതുക്രമസമാധാനത്തിന് ഭീഷണി ഉയർത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കവചിത വാഹനങ്ങളും ജലപീരങ്കികളും ഉൾപ്പെടെയുള്ളവ സജ്ജമാക്കിയിട്ടുണ്ട്.

ഹാലോവീൻ ആഘോഷത്തിന്റെ മറവിൽ പ്രക്ഷോഭകർ മുഖം മൂടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.