പോപ്പ് മൊബീലിന്റെ നൂറാം വാർഷികം: വത്തിക്കാൻ മ്യൂസിയത്തിൽ പ്രത്യേക പ്രദർശനം ആരംഭിച്ചു

മെഴ്‌സിഡസ് ബെൻസും വത്തിക്കാനും തമ്മിലുള്ള നൂറ് വർഷത്തോളമുള്ള സഹകരണത്തിന്റെ ഓർമ്മയ്ക്കായി ‘എ സെഞ്ച്വറി ഓഫ് ദി പോപ്പ് മൊബീൽ’ (A Century of the Popemobile) എന്ന പേരിലുള്ള പ്രത്യേക പ്രദർശനം ഒക്ടോബർ 28 ന് വത്തിക്കാൻ മ്യൂസിയത്തിൽ ആരംഭിച്ചു. ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചിരുന്ന ലിമോസിൻ കാറുകൾ മുതൽ പൊതുചടങ്ങുകളിൽ വിശ്വാസികളെ അഭിവാദ്യം ചെയ്യാനും ആശീർവദിക്കാനും മാർപാപ്പമാർ ഉപയോഗിക്കുന്ന ആധുനിക പോപ്പ് മൊബീലുകൾ വരെയുള്ള വാഹനങ്ങളുടെ ചരിത്രപരമായ വളർച്ചയാണ് ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.

വത്തിക്കാൻ മ്യൂസിയത്തിന്റെ ഹിസ്റ്റോറിക്കൽ കളക്ഷൻസ് ക്യൂറേറ്ററായ സാന്ദ്രോ ബർബാഗല്ലോ പ്രദർശനത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കവെ, പോപ്പ് മൊബീൽ കേവലം ഒരു വാഹനമല്ലെന്നും അത് മാർപാപ്പയുടെ ഇടയദൗത്യത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. തെരുവുകളിൽ കാത്തുനിൽക്കുന്ന വിശ്വാസികളെ കാണാനും ആശീർവദിക്കാനും അവരുടെ അടുത്തേക്കെത്താനും ഈ വാഹനം സഹായിക്കുന്നു. സഞ്ചരിക്കാനുള്ള ഒരു മാർഗം എന്നതിലുപരി, ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ മാർപാപ്പയെ പ്രാപ്തനാക്കുന്നത് ഈ വാഹനങ്ങളാണെന്ന് വത്തിക്കാൻ മ്യൂസിയം ഡയറക്ടർ ബാർബറ യാത്തയും കുറിച്ചു.

മാർപാപ്പയ്ക്കായി വാഹനങ്ങൾ നിർമ്മിക്കുമ്പോൾ സാങ്കേതിക തികവിനൊപ്പം സുരക്ഷയ്ക്കും കംഫർട്ടിനും നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് മെഴ്‌സിഡസ് ബെൻസ് പ്രതിനിധികൾ വിശദീകരിച്ചു. സ്റ്റുട്ട്ഗാർട്ടിൽ നിർത്തിയിട്ടിരിക്കുന്ന ചരിത്രപ്രസിദ്ധമായ പോപ്പ് മൊബീൽ വാഹനങ്ങളിൽ മാർപാപ്പയ്ക്കു മാത്രമായി മാറ്റിവച്ചിട്ടുള്ള സീറ്റിൽ മറ്റാർക്കും ഇരിക്കാൻ അനുവാദമില്ലെന്ന് മെഴ്‌സിഡസ് ബെൻസ് ഹെറിറ്റേജ് മേധാവി മാർക്കസ് ബ്രെറ്റ്ഷ്വെർട്ട് വ്യക്തമാക്കി.

എട്ട് ചരിത്രപ്രസിദ്ധമായ മേഴ്‌സിഡസ് ബെൻസ് വാഹനങ്ങളാണ് ഈ പ്രദർശനത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.