
ഒക്ടോബർ 29 ന് വത്തിക്കാനിൽ വച്ച് ലെയോ പതിനാലാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോസ്റ്റാറിക്കൻ പ്രസിഡന്റ് ലോറ ഫെർണാണ്ടസ് ഡെൽഗാഡോ പാപ്പയെ തന്റെ രാജ്യത്തേക്ക് ക്ഷണിച്ചു.”കോസ്റ്റാറിക്ക സന്ദർശിക്കാനും ഞങ്ങളുടെ കാവൽ മധ്യസ്ഥയായ ‘സ്വർഗീയ രാജ്ഞിയായ മാലാഖമാരുടെ മാതാവിനെ’ വണങ്ങാനുമായി പരിശുദ്ധ പിതാവിനെ ഞാൻ ക്ഷണിച്ചു,” കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് പറഞ്ഞു. 1983-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ സന്ദർശനത്തിന് ശേഷം മറ്റൊരു മാർപാപ്പ തങ്ങളുടെ മണ്ണിലെത്തുന്നത് കോസ്റ്റാറിക്കൻ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട അനുഭവമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കോസ്റ്റാറിക്കയിലെ വിവിധ പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന പ്രശസ്തമായ കാപ്പിയും പ്രസിഡന്റ് മാർപാപ്പയ്ക്ക് സമ്മാനമായി നൽകി. ഏതാണ്ട് 30 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കോസ്റ്റാറിക്കയിലെ നിലവിലെ സാഹചര്യങ്ങളും വത്തിക്കാനുമായുള്ള ഉഭയകക്ഷി ബന്ധവും ചർച്ചയായി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും പ്രസിഡന്റ് ലോറ ഫെർണാണ്ടസ് ചർച്ച നടത്തി. വത്തിക്കാനും കോസ്റ്റാറിക്കയും തമ്മിലുള്ള നല്ല ബന്ധത്തെയും പ്രാദേശിക കത്തോലിക്കാ സഭയുമായുള്ള സഹകരണത്തെക്കുറിച്ചും ഇരുകൂട്ടരും സംസാരിച്ചു.
കോസ്റ്റാറിക്കയിലെ ഏറ്റവും വലിയ അഭയാർഥി സമൂഹമായ നിക്കരാഗ്വൻ അഭയാർഥികളുടെ വിഷയവും, രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളും പ്രസിഡന്റ് പരിശുദ്ധ പിതാവുമായി പങ്കുവച്ചു. വിഭ്യാഭ്യാസം, ആരോഗ്യം, യുവജന ക്ഷേമം എന്നിവയ്ക്കൊപ്പം സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടുകളാണ് തങ്ങളുടെ സർക്കാർ സ്വീകരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
മാർപാപ്പ വളരെ ഊഷ്മളമായും സൗഹൃദത്തോടെയുമാണ് തന്നോട് സംസാരിച്ചതെന്നും സ്വന്തം വീട്ടിലെത്തിയത് പോലെയുള്ള അനുഭവമായിരുന്നു അതെന്നും പ്രസിഡന്റ് അനുസ്മരിച്ചു. കോസ്റ്റാറിക്കയിലെ ജനങ്ങൾ പാപ്പയ്ക്കായി പ്രാർഥിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ മാർപാപ്പ സന്തോഷവാനായി കാണപ്പെട്ടുവെന്നും അവർ പറഞ്ഞു.
1983 മാർച്ച് മാസത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ ചരിത്രപരമായ സന്ദർശനത്തിന് ശേഷം, ലെയോ പതിനാലാമൻ മാർപാപ്പയും തങ്ങളുടെ രാജ്യം സന്ദർശിച്ച് വിശ്വാസികളെ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിലാണ് കോസ്റ്റാറിക്കൻ ജനത.




