
തകർന്നുതരിപ്പണമായ ലോഹക്കൂമ്പാരങ്ങൾക്കിടയിൽ ജീവനു വേണ്ടി പിടയുന്ന മനുഷ്യർ, നിലവിളിക്കാൻ പോലും ശേഷിയില്ലാത്തവിധം വീണുപോയ ആളുകൾ… സ്പെയിനിലെ ടൊളേഡോ പ്രവിശ്യയിലെ ഉർദ (Urda) എന്ന ശാന്തമായ ഗ്രാമത്തെ നടുക്കിയ തീവണ്ടി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുകയാണ് 78-കാരനായ അന്റോണിയോ ഗാർസിയ കൊണ്ടാഡോ.
ഒക്ടോബർ 28-നായിരുന്നു അഞ്ഞൂറിലധികം യാത്രക്കാരുമായി പാഞ്ഞുവന്ന വേഗതയേറിയ രണ്ട് തീവണ്ടികൾ (Renfe AVE, Iryo) കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായത്. അപകടസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രാദേശിക ഫാർമസിസ്റ്റാണ് അന്റോണിയോ.
പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ട്രെയിൻ അപകടത്തെക്കുറിച്ച് മകൾ പറയുന്നത്. ചെറിയൊരു അപകടമായിരിക്കാമെന്ന ധാരണയിൽ കാറുമെടുത്ത് സംഭവസ്ഥലത്തേക്ക് പോയ അന്റോണിയോ കണ്ടത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു.
“അവിടെ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എൻജിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് അമർന്നുപോയിരുന്നു. മൃതദേഹങ്ങളും മരണത്തോട് മല്ലടിക്കുന്ന മനുഷ്യരും മാത്രമായിരുന്നു അവിടെ, ശബ്ദമുയർത്തി നിലവിളിക്കാൻ പോലും ആർക്കും ശേഷിയുണ്ടായിരുന്നില്ല.” അന്റോണിയോ വേദനയോടെ പറയുന്നു.
എന്നാൽ, അപകടസ്ഥലത്ത് അനുഭവപ്പെട്ട ഭയാനകമായ മൗനമാണ് അദ്ദേഹത്തെ ഏറെ ഉലച്ചത്. “അവിടെ ആരുടെയും നിലവിളികൾ കേൾക്കാൻ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ വേദന കൊണ്ട് സംസാരിക്കാൻ പോലും അവർക്ക് ശേഷിയുണ്ടായിരുന്നില്ല. മൃതദേഹങ്ങൾക്കിടയിൽ കിടന്ന ചിലർ കൈകൾ മാത്രം ചലിപ്പിക്കുന്നുണ്ടായിരുന്നു.”
തന്റെ കൺമുന്നിൽ വച്ച് മരണത്തിന് കീഴടങ്ങിയ ഒരു യാത്രക്കാരന്റെ അവസാന വാക്കുകൾ അന്റോണിയോയ്ക്ക് മറക്കാനാകുന്നില്ല. “മൈറ്റേ, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. കുട്ടികളെ നന്നായി നോക്കണം, ദൈവം നല്ലവനാണ്,” എന്ന് തന്റെ പ്രിയപ്പെട്ട ഭാര്യയോട് വിടപറഞ്ഞ്, ദൈവത്തെ സ്തുതിച്ചുകൊണ്ട് ആ മനുഷ്യൻ കണ്ണടച്ച കാഴ്ച അന്റോണിയോയെ ഏറെ വികാരഭരിതനാക്കി.
തൊട്ടടുത്ത്, വളരെ ശാന്തനായി ആംബുലൻസ് കാത്തുനിന്ന ഒരു യുവാവിനെയും അന്റോണിയോ കണ്ടു. എന്നാൽ, അടുത്തെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഒരു കൈ അറ്റുപോയ കാര്യം ശ്രദ്ധിക്കുന്നത്. ആ കാഴ്ച കണ്ടപ്പോൾ താൻ കരഞ്ഞുപോയെന്നും അദ്ദേഹം ഓർക്കുന്നു.
ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ അന്റോണിയോ ഉടനടി തന്റെ ഫാർമസിയിലേക്ക് മടങ്ങി. മകൻ, മകൾ, ഭാര്യ, അസിസ്റ്റന്റ് എന്നിവരെയും കൂട്ടി ഫാർമസിയിലുണ്ടായിരുന്ന വേദനാസംഹാരികളും മറ്റ് പ്രഥമശ്രുശൂഷാ മരുന്നുകളും മുഴുവനായെടുത്ത് വീണ്ടും അപകടസ്ഥലത്തേക്ക് ഓടിയെത്തി.
397 യാത്രക്കാരുണ്ടായിരുന്ന റെൻഫെ (Renfe AVE) ട്രെയിനും 147 യാത്രക്കാരുണ്ടായിരുന്ന ഐറിയോ (Iryo) ട്രെയിനും തമ്മിൽ കൂട്ടിയിടിച്ച അപകടസ്ഥലത്ത് മിനിറ്റുകൾക്കകം നിരവധി ആംബുലൻസുകളും ഫയർഫോഴ്സും സിവിൽ ഗാർഡ്സും എത്തിച്ചേർന്നു. എങ്കിലും തുടക്കത്തിൽ ആവശ്യത്തിന് മരുന്നുകളെത്തിക്കാൻ അന്റോണിയോയുടെ സമയബന്ധിതമായ ഇടപെടൽ ഏറെ സഹായിച്ചു.
“ആദ്യ നിമിഷങ്ങളിൽ സഹായത്തിനായി കൈകൂപ്പിയ മനുഷ്യർക്ക് മുന്നിൽ ഒന്നും ചെയ്യാനാകാതെ ഒറ്റപ്പെട്ടുപോയ ആ നിമിഷമാണ് എന്നെ ഏറ്റവും കൂടുതൽ തളർത്തിയത്,” അന്റോണിയോ പറയുന്നു. ഇത്തരം വലിയ ആഘാതങ്ങളെയും വേദനകളെയും അതിജീവിക്കാൻ ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം മാത്രമാണ് തനിക്ക് കരുത്ത് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.




