“വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ തളർന്നുകഴിഞ്ഞു; അവർ സമാധാനം ആഗ്രഹിക്കുന്നു”: കർദിനാൾ പിസബല്ല

സംഘർഷഭരിതമായ വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ തളർന്നു കഴിഞ്ഞുവെന്നും അവർക്ക് ഇപ്പോൾ സമാധാനമാണ് ആവശ്യമെന്നും ഊന്നിപ്പറഞ്ഞ് ജെറുസലേം പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഗ്ലോബൽ ഹൗസ് ഓഫ് ഫ്രണ്ട്ഷിപ്പ് ആൻഡ് ഹോപ്പ്’ എന്ന പുതിയ അന്താരാഷ്ട്ര പദ്ധതിയുടെ ഉദ്ഘാടനത്തിനായി അസ്സീസി നഗരത്തിലെത്തിയ അദ്ദേഹം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“മധ്യപൂർവ്വേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെയധികം സമയം ആവശ്യമാണ്. നമുക്ക് പുതിയ മുഖങ്ങളും പുതിയ നേതാക്കളും വേണം. ആഗതമാകുന്ന വോട്ടെടുപ്പിൽ വോട്ടർമാരാണ് അത് തീരുമാനിക്കേണ്ടത്. ജെറുസലേമിലെ സാഹചര്യം അതീവ സംഘർഷഭരിതമാണ്”- അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, തുടർച്ചയായി വരുന്ന പ്രഖ്യാപനങ്ങളും പിന്നീട് അതിനെത്തന്നെ തിരുത്തിക്കുറിക്കുന്ന അവസ്ഥയും ക്രൈസ്തവർക്കിടയിൽ വലിയ മടുപ്പ് ഉണ്ടാക്കുന്നതായും കർദിനാൾ വെളിപ്പെടുത്തി.

നല്ലതു എന്തെങ്കിലും സംഭവിക്കുമ്പോൾ പോലും അത് വിശ്വസിക്കാൻ ആളുകൾ പ്രയാസപ്പെടുകയാണെന്നും അത്തരത്തിൽ ഉള്ള മാനസികാവസ്ഥയിലേക്ക് അധികാരികളുടെ ‘നയംമാറ്റങ്ങൾ’ ജനങ്ങളെ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും കർദിനാൾ പിസബല്ല പറയുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അസ്സീസിയിൽ തുടക്കം കുറിച്ച ചരിത്രപ്രസിദ്ധമായ ‘ലോക സമാധാന പ്രാർഥനാ ദിന’ത്തിന്റെ 40-ാം വാർഷികത്തെക്കുറിച്ച് സംസാരിക്കവെ, ഈ ഓർമ്മ പുതുക്കൽ വെറുമൊരു “ഭൂതകാല സ്മരണ മാത്രമായി” മാറരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.