
കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill, 2026) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭാ പ്രതിനിധികളുടെയും പ്രമുഖ നേതാക്കളുടെയും സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.കെ രാജ്യസഭാ എം.പി. പി. വിത്സന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഡൽഹിയിൽ കേന്ദ്ര മന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചത്.
പുതിയ നിയമ ഭേദഗതി നിലവിലെ രൂപത്തിൽ നടപ്പിലാക്കുന്നത് രാജ്യത്തുടനീളമുള്ള ചാരിറ്റബിൾ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ക്ഷേമ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. ബിൽ പിൻവലിക്കാൻ സർക്കാർ തയ്യാറല്ലെങ്കിൽ, 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തെക്കുറിച്ചുള്ള സമഗ്രമായ പരിശോധനയ്ക്കായി ഇത് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (JPC) വിടണമെന്നും സംഘം ആവശ്യപ്പെട്ടു.
ആർച്ച് ബിഷപ്പ് അനിൽ കൂട്ടൊ, സി.എസ്.ഐ മോഡറേറ്റർ കെ. റൂബൻ മാർക്ക്, സുവിശേഷകൻ പോൾ ദിനകരൻ, കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ എന്നിവയുടെ പ്രതിനിധികളും സംഘത്തിൽ ഉണ്ടായിരുന്നു.
വിദേശ സംഭാവനകളുടെ ദുരുപയോഗം തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ അധികാരത്തെ തങ്ങൾ എതിർക്കുന്നില്ലെന്ന് സംഘം നിവേദനത്തിൽ വ്യക്തമാക്കി. എന്നാൽ, നിലവിലെ ഭേദഗതിയിലെ ചില കടുപ്പമേറിയ വ്യവസ്ഥകൾ കാരണം സ്ഥാപനങ്ങളുടെ സ്വത്തുക്കൾ യാതൊരു മുൻകൂർ നോട്ടീസോ, അന്വേഷണമോ കൂടാതെ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഇടയാക്കും. ഇത് തെറ്റ് ചെയ്യുന്നവരെയല്ല, മറിച്ച് ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ബാധിക്കുകയെന്ന് അവർ ഓർമ്മിപ്പിച്ചു.




