കേരളത്തിൽ കനത്ത മഴ തുടരുന്നു: പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലായി മഴക്കെടുതികളിൽ ഇതുവരെ ആകെ 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അടുത്ത മണിക്കൂറുകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകൾക്കും യെല്ലോ അലേർട്ടാണ് നൽകിയിരുന്നത്.

പത്തനംതിട്ട പമ്പാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് മൂഴിയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇന്നലെ മാത്രം ആറുപേർ കൂടി മരിച്ചതോടെ ആകെ മരണം 15 ആയി ഉയർന്നു. തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു.

സംസ്ഥാനത്തൊട്ടാകെ 273 ദുരിതാശ്വാസ ക്യാംപുകളിലായി 7,674 പേരെ പുനരധിവസിപ്പിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. 30 വീടുകൾ പൂർണ്ണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ എന്നീ 12 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.