
ജീവിതത്തിൽ സന്തോഷവും ആരോഗ്യവും വിശുദ്ധിയും ആഗ്രഹിക്കാത്തവരായി ആരുമില്ല. ഇതിനായി ബൈബിളും വിശുദ്ധരും നൂറ്റാണ്ടുകളായി നമ്മെ പഠിപ്പിക്കുന്ന വഴികൾ എത്രത്തോളം സത്യമാണെന്ന് ഇന്നത്തെ ശാസ്ത്രലോകവും അടിവരയിടുന്നു. ദൈവത്തോടുള്ള അടുപ്പം ആത്മീയമായി മാത്രമല്ല, നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഈ ഏഴ് ആത്മീയ ശീലങ്ങളെ ‘BLESSED’ എന്ന വാക്കിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാം:
1. പ്രകൃതിഭംഗി ആസ്വദിക്കുക (Beauty)
ദൈവസൃഷ്ടിയുടെ ഭംഗി കണ്ടറിയാനും ആസ്വദിക്കാനും സമയം കണ്ടെത്തുക. ദിവസവും കുറച്ചുസമയം പ്രകൃതിയോട് ചേർന്നു നടക്കുന്നത് ശരീരത്തിലെ മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ശാസ്ത്രം പറയുന്നു. സൃഷ്ടിയിലെ കൊച്ചുകൊച്ചു ഭംഗികൾ കണ്ട് ദൈവത്തിന് നന്ദി പറയുന്നത് മനസ്സിന് വലിയ ശാന്തത നൽകും.
2. ഹൃദയം തുറന്ന് ചിരിക്കുക (Laughter)
“സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്” എന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു. സന്തോഷത്തോടെ ചിരിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ നല്ല ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും രോഗപ്രതിരോധ ശേഷി കൂടുകയും ചെയ്യുന്നു. ക്രിസ്തീയ ജീവിതത്തിൽ സന്തോഷം എന്നത് നമ്മൾ കൃത്രിമമായി ഉണ്ടാക്കേണ്ട ഒന്നല്ല, മറിച്ച് പരിശുദ്ധാത്മാവ് നൽകുന്ന വലിയൊരു ഫലമാണ്.
3. ദൈവവുമായുള്ള ആത്മബന്ധം (Encounter)
ദിവസവും പ്രാർഥനയിലൂടെയും ദൈവവചന വായനയിലൂടെയും ദൈവത്തോട് സംസാരിക്കുക. സ്ഥിരമായി പ്രാർഥിക്കുന്നവരിൽ ആശങ്കകളും വിഷാദവും കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിശുദ്ധ അമ്മത്രേസ്യ പറഞ്ഞതുപോലെ, പ്രാർഥന എന്നാൽ ദൈവവുമായുള്ള ആഴമായ സൗഹൃദമാണ്.
4. ദൈവസ്തുതി ഗീതങ്ങൾ ആലപിക്കുക (Song)
ദൈവത്തെ സ്തുതിച്ചുകൊണ്ട് പാട്ടുകൾ പാടുന്നത് നമ്മുടെ ചിന്തകളെയും മനസ്സിലെ ഭാരങ്ങളെയും മാറ്റിയെടുക്കും. വിശുദ്ധ കുർബാനയിലോ പ്രാർഥന വേളകളിലോ ഭക്തിഗാനങ്ങൾ ആലപിക്കുമ്പോൾ ദൈവീക സാന്നിധ്യം നമ്മിൽ നിറയുകയും മനസ്സിന് വലിയ ഉന്മേഷം ലഭിക്കുകയും ചെയ്യും.
5. മൗനവും ആത്മനിയന്ത്രണവും (Silence & Fasting)
ബഹളങ്ങൾ നിറഞ്ഞ ഈ ലോകത്ത് ദിവസവും കുറച്ചുസമയമെങ്കിലും ശാന്തമായി മൗനമായിരിക്കാൻ ശ്രദ്ധിക്കുക. മൗനമാണ് ദൈവത്തിന്റെ ഭാഷ. അതോടൊപ്പം ഉപവാസവും ആത്മനിയന്ത്രണവും നമ്മുടെ മനസ്സിനെയും ആത്മാവിനെയും ശക്തിപ്പെടുത്തുന്ന ആത്മീയ വ്യായാമങ്ങളാണ്.
6. ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക (Engage)
കുടുംബത്തോടും സുഹൃത്തുക്കളോടും ചേർന്നുനിൽക്കുക. ആഴമുള്ള നല്ല ബന്ധങ്ങളാണ് മനുഷ്യന്റെ ദീർഘായുസ്സിനും സന്തോഷത്തിനും പ്രധാന കാരണം. ഇടവക കൂട്ടായ്മകളിൽ പങ്കാളികളാകുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും ജീവിതത്തിലെ സന്തോഷം ഇരട്ടിയാക്കും.
7. ദൈവമക്കളെന്ന തിരിച്ചറിവ് (Distinct)
ലോകത്തിന്റെ വിജയ അളവുകോലുകൾക്ക് പിന്നാലെ പോകാതെ, നമ്മൾ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന ബോധ്യത്തോടെ ജീവിക്കുക. വ്യക്തമായ ജീവിതലക്ഷ്യവും സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ദൈവീകമായ കാഴ്ചപ്പാടും ഉള്ളവർ പ്രതിസന്ധികളിൽ തളരില്ല.
സന്തോഷവും വിശുദ്ധിയും പരസ്പരം വേർപെടുത്താൻ കഴിയാത്ത കാര്യങ്ങളാണ്. ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുമ്പോൾ അവിടെ സന്തോഷവും സമാധാനവും സ്വയം വന്നുചേരും. വലിയ പ്രതിസന്ധികളെപ്പോലും അതിജീവിക്കാൻ ഈ ഏഴ് ലളിതമായ ശീലങ്ങൾ നമ്മെ സഹായിക്കും. ദൈവത്തോട് ചേർന്നുനിന്ന് സന്തോഷവും വിശുദ്ധിയുമുള്ള ഒരു ജീവിതം നയിക്കാൻ ഇന്നുതന്നെ നമുക്ക് പരിശ്രമിക്കാം.
വിവർത്തനം: ഡിൻസി തോമസ്



