ജോർദാൻ പള്ളി ആക്രമണം: ഒൻപത് ക്രൈസ്തവ വിശ്വാസികൾക്ക് കണ്ണീരോടെ വിടചൊല്ലി രാജ്യം

ജോർദാനിലെ ഹമൂദ് ഗ്രാമത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഒൻപത് ക്രൈസ്തവ വിശ്വാസികളുടെയും സംസ്കാര ചടങ്ങുകൾ നടന്നു. ദുരന്തം നടന്ന അതേ പള്ളിയിൽ ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ വിതുമ്പുന്ന ഹൃദയങ്ങളോടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഒരു മൃതസംസ്കാര ചടങ്ങിനിടെയാണ് പള്ളി വളപ്പിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ വിശ്വാസികൾക്കുനേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ വിവരമെങ്കിലും ശനിയാഴ്ചയോടെ മരണസംഖ്യ ഒൻപതായി ഉയർന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരർക്കായി അധികൃതർ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സംഭവത്തെ തുടർന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ആക്രമണകാരികൾ “ഇസ്ലാമിന്റെ നിയമങ്ങൾക്ക് പുറത്തുള്ളവരാണെന്ന്” വിശേഷിപ്പിച്ച രാജാവ്, തീവ്രവാദ ആശയങ്ങളുടെ വേരറുക്കാൻ കർശനമായ നയപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ നിർദ്ദേശം നൽകി.

പ്രധാന ഹൈവേകളിൽ സുരക്ഷാ സേന കനത്ത പരിശോധനയാണ് നടത്തുന്നത്. മൂന്ന് പ്രതികൾക്കായി ഉൾനാടൻ മരുഭൂമി പ്രദേശങ്ങളിൽ പോലും സുരക്ഷാ സേന പരിശോധന തുടരുകയാണ്.

ഞായറാഴ്ചത്തെ വിശുദ്ധ കുർബാന നടക്കുമ്പോൾ രാജ്യത്തുടനീളമുള്ള ക്രിസ്തീയ ദേവാലയങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അമനിലെ പ്രധാന ഓർത്തഡോക്സ് പള്ളിക്ക് മുന്നിൽ സായുധ വാഹനങ്ങൾ നിലയുറപ്പിച്ചിരുന്നു. “ഈ ആക്രമണം ഞങ്ങളെ തളർത്തുകയില്ല, മറിച്ച് ഞങ്ങളെ കൂടുതൽ ശക്തരാക്കുകയേ ഉള്ളൂ,” എന്ന് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയ വൈദികൻ വ്യക്തമാക്കി.

പ്രധാനമായും മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും, സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ജോർദാനിൽ ഇത്തരം ആക്രമണങ്ങൾ അപൂർവ്വമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ തീർത്ഥാടകരെ ആകർഷിക്കുന്ന നിരവധി ചരിത്ര പ്രാധാന്യമുള്ള വിശുദ്ധ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് ജോർദാൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.