ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവൻ തുടിക്കുന്ന പ്രതിമ നിർമ്മിച്ച് ലോകശ്രദ്ധ നേടിയിരിക്കുകയാണ് പെറൂവിയൻ ശില്പിയായ വാൾട്ട് വിസാർഡ്. ലിമയിലെ സാന്റിയാഗോ ഡി സുർക്കോയിലുള്ള തന്റെ പണിപ്പുരയിലാണ് അദ്ദേഹം ഈ അദ്ഭുത പ്രതിമ പൂർത്തിയാക്കിയത്. മാർപാപ്പയുടെ പുഞ്ചിരി, മുഖത്തെ ചുളിവുകൾ, രോമകൂപങ്ങൾ, കൺപീലികൾ, വസ്ത്രങ്ങൾ, മോതിരം, കുരിശ് തുടങ്ങി ഓരോ ചെറിയ വിശദാംശങ്ങളും കൃത്യതയോടെ പ്രതിമയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്.
മനുഷ്യചർമ്മത്തിന് സമാനമായ തിളക്കവും മൃദുത്വവും നൽകാൻ ഉയർന്ന നിലവാരമുള്ള മെഡിക്കൽ ഗ്രേഡ് സിലിക്കൺ ആണ് മാർപാപ്പയുടെ ശില്പത്തിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ടുമാസത്തെ കൃത്യമായ ഗവേഷണത്തിനും പഠനങ്ങൾക്കും ശേഷമാണ് പ്രതിമ നിർമ്മാണം പൂർത്തിയാക്കിയത്.
മാർപാപ്പയുടെ കണ്ണുകളിലെ ഭാവവും വൈകാരികതയും പൂർണ്ണമായി കൊണ്ടുവരിക എന്നതായിരുന്നു നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് വാൾട്ട് വിസാർഡ് പറയുന്നു. മുൻപ് വത്തിക്കാനിൽ വച്ച് മാർപാപ്പയെ നേരിട്ട് കണ്ട നിമിഷവും ഉത്ഥാനം ചെയ്ത യേശുക്രിസ്തുവിന്റെ രൂപം പാപ്പയ്ക്ക് സമ്മാനിച്ചതുമാണ് ഈ പുതിയ സംരംഭത്തിന് പ്രേരണയായത്.
’കലയെ ദൈവസേവനത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ ശില്പം നിർമ്മിച്ചത്. സാധാരണക്കാർക്കും മാർപാപ്പയുടെ സാമീപ്യം അനുഭവിച്ചറിയാൻ ഇത് സഹായിക്കും -‘ വാൾട്ട് വിസാർഡ് പറയുന്നു.
വരാനിരിക്കുന്ന മാർപാപ്പയുടെ പെറു സന്ദർശന വേളയിൽ ഇത് പാപ്പയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കാനാണ് വാൾട്ട് വിസാർഡിന്റെ ആഗ്രഹം.




