വടക്കുകിഴക്കേ ഇന്ത്യയുടെ അപ്പസ്തോലിക ദൂതൻ: ലെയോ പാപ്പ ധന്യൻ പദവിയിലേക്കുയർത്തിയ ബിഷപ്പ് ഒറെസ്റ്റെ മരെംഗോ

“വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന, ഏറെ പ്രാർഥിക്കുന്ന, ഇടവക ശുശ്രൂഷകളിൽ ആത്മാർഥമായി വ്യാപരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.”- കഴിഞ്ഞ ദിവസം ലെയോ പതിനാലാമൻ പാപ്പ ധന്യൻ പദവിയിലേക്ക് ഉയർത്തിയ ബിഷപ്പ് ഒറെസ്റ്റെ മരെംഗോയെ കുറിച്ച് തുറാ സഹായമെത്രാൻ ബിഷപ്പ് ജോസ് ചിറയ്ക്കൽ ഓർക്കുന്നത് ഇപ്രകാരം ആണ്. വടക്കുകിഴക്കേ ഇന്ത്യയിലെ തദ്ദേശീയരായ ജനവിഭാഗങ്ങൾക്കിടയിലെ പതിറ്റാണ്ടുകളുടെ സേവനവും അവരുടെ ഇടയിൽ പ്രാദേശിക കത്തോലിക്കാ സഭ സ്ഥാപിക്കുന്നതിനും വളർത്തുന്നതിനും അദ്ദേഹം നൽകിയ സംഭാവനകളും എക്കാലത്തും സജീവ സാക്ഷ്യമായി നിലനിൽക്കുന്ന യാഥാർഥ്യങ്ങളാണ്. ഈ പുണ്യങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ടാണ് പാപ്പ ഈ സലേഷ്യൻ മിഷനറിയെ ദൈവദാസനായി ഉയർത്തിയത്. ബിഷപ്പ് ഒറെസ്റ്റെ മരെംഗോയുടെ ജീവിതത്തിലൂടെ നമുക്കും ഒന്ന് കടന്നു പോകാം.

മിഷനറി ദൗത്യവുമായി ഇന്ത്യയിലേക്ക് 

ഇറ്റലിയിലെ ഡിയാനോ ഡി ആൽബയിൽ ഒരു കർഷക കുടുംബത്തിൽ 1906 ഓഗസ്റ്റ് 29-ന് ജനിച്ച മരെംഗോ, തന്റെ 13-ാം വയസ്സിൽ സെലേഷ്യൻ സന്ന്യാസ സമൂഹത്തിൽ ചേർന്നു. 1923-ൽ മറ്റ് എട്ട് നോവിസുകൾക്കൊപ്പമാണ് അദ്ദേഹം വടക്കുകിഴക്കേ ഇന്ത്യയിൽ എത്തിയത്. ഏഴ് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ മിഷനറി യാത്രയുടെ തുടക്കമായിരുന്നു അത്. 1932 ഏപ്രിൽ രണ്ടിന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1951-ൽ ദിബ്രുഗഡ് രൂപതയുടെ ആദ്യ ബിഷപ്പായും 1964-ൽ തേസ്പൂർ രൂപതയുടെ ആദ്യ ബിഷപ്പായും മരെംഗോ മാറി.

അദ്ദേഹം ഇന്ത്യയിൽ സേവനം ആരംഭിച്ച സമയം ഏറ്റവും വലിയ പ്രതിസന്ധി ഭാഷാപരമായ അറിവില്ലായ്മയായിരുന്നു. പല സംസ്കാരങ്ങളിൽ ഉള്ള ആളുകളുമായും പല ഭാഷകൾ സംസാരിക്കുന്നവരുമായും അദ്ദേഹത്തിന് ഇടപെഴകേണ്ടി വന്നു. ഏകദേശം ഇരുപതോളം ഭാഷകൾ സംസാരിക്കുന്ന ആളുകളുമായി ഉള്ള സഹകരണത്തിലൂടെയാണ് അദ്ദേഹം തന്റെ സുവിശേഷ ദൗത്യം നിർവഹിച്ചത്. തളരാമായിരുന്ന അനേകം സാഹചര്യം ഉണ്ടായിരുന്നെങ്കിലും അവിടെയൊന്നും പതറാതെ ധൈര്യത്തോടെ അദ്ദേഹം മുന്നോട്ട് പോയി. ഇടവകകളിൽ സജീവമായി പ്രവർത്തിക്കുന്നതിനായി അദ്ദേഹം അവരുടെ ഭാഷകൾ പോലും പഠിച്ചെടുത്തു. ജനങ്ങളുമായി അവരുടെ സ്വന്തം ഭാഷയിൽ ആശയവിനിമയം നടത്താനും അവരുടെ സംസ്കാരങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാനും ഇത് അദ്ദേഹത്തെ സഹായിച്ചു. ഈ കാരണത്താൽ തന്നെ അദ്ദേഹത്തെ അവരുടെ സ്വന്തം കൂട്ടത്തിലുള്ള ഒരാളായിട്ടാണ് ജനങ്ങൾ കണ്ടിരുന്നത്.

അദ്ദേഹം മരെംഗോ മിഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും കത്തോലിക്കാ സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും പ്രാദേശിക പൗരോഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം സഭയുടെ ദൗത്യത്തിൽ അത്മായരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും, ഇന്ത്യാ-പാക് സംഘർഷ കാലത്ത് അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ആളുകളെ സഹായിക്കുകയും ചെയ്തു. സഭയുടെ സാന്നിധ്യം ക്രമേണ വിപുലീകരിച്ചുകൊണ്ടിരുന്ന ആ പ്രദേശത്ത്, വ്യക്തിപരമായ ഇടപെടലുകൾക്കും പ്രാദേശിക ഭാഷകൾക്കും സമൂഹങ്ങളുമായുള്ള നിരന്തരമായ ബന്ധത്തിനും ഊന്നൽ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ മിഷനറി ശൈലി.

വടക്കുകിഴക്കേ ഇന്ത്യയോടുള്ള മായാത്ത അർപ്പണബോധം

ബിഷപ്പായുള്ള നിയമനങ്ങൾക്കു ശേഷവും മരെംഗോ തന്റെ സേവനം തുടർന്നു. 1972-ൽ അദ്ദേഹം തുറാ രൂപതയുടെ ആദ്യ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. 1973-ൽ തുറാ രൂപത ഔദ്യോഗികമായി രൂപീകൃതമായതിനെ തുടർന്ന്, 1979-ൽ ബിഷപ്പ് ജോർജ്ജ് മമ്മളശ്ശേരി തുറാ രൂപതയുടെ ആദ്യ റെസിഡന്റ് ബിഷപ്പായി നിയമിതനാകുന്നതുവരെ ബിഷപ്പ് മരെംഗോ ആ പദവിയിൽ തുടർന്നു.

തന്റെ ഭരണപരമായ ചുമതലകൾ ഒഴിഞ്ഞശേഷവും ആ പ്രദേശം വിട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല. ബിഷപ്പ് മരെംഗോ തുറയിൽത്തന്നെ തുടരുകയും ഇടവക ശുശ്രൂഷകളിൽ സഹായിക്കുകയും ചെയ്തു. വളർന്നുവരുന്ന മിഷൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇറ്റലിയിലെ ഉപകാരികളിൽ നിന്ന് സാമ്പത്തിക സഹായം കണ്ടെത്താനും അദ്ദേഹം ഈ കാലയളവിൽ ആത്മാർഥമായി പ്രയത്നിച്ചു. 1998 ജൂലൈ 30-ന് അദ്ദേഹം മരിക്കുന്നതുവരെ മരെംഗോ രൂപതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തുറാ കത്തീഡ്രൽ ദൈവാലയത്തിലാണ് ബിഷപ്പ് ഒറെസ്റ്റെ മരെംഗോയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്. പ്രാദേശിക സഭയുടെ ആദ്യകാല വളർച്ചയുമായി അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.