വിശുദ്ധ കുർബാനയിലെ പങ്കാളിത്തവും പ്രാർഥനയും ആളുകളെ കൂടുതൽ സന്തോഷവാന്മാർ ആക്കുന്നുവെന്ന് പുതിയ പഠനം

പതിവായി പ്രാർഥിക്കുകയും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും ചെയ്യുന്ന വ്യക്തികളിലാണ് സന്തോഷവും ആത്മീയ നന്മയും കൂടുതൽ കാണപ്പെടുന്നതെന്ന് പുതിയ ശാസ്ത്രീയ പഠനം വ്യക്തമാക്കുന്നു. പ്രശസ്തമായ ‘പാസ്റ്ററൽ സൈക്കോളജി’ (Pastoral Psychology) ജേണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലാറ്റിനമേരിക്കയിലെയും കരീബിയൻ രാജ്യങ്ങളിലെയും 19 രാജ്യങ്ങളിൽ നിന്നുള്ള 3,000-ത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പെറുവിലെ മാർസെലിനോ ചാംപഗ്നാറ്റ് സർവകലാശാലയിലെ സെസിലിയ സാൽഗാഡോ ലെവാനോ, പെറുവിയൻ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ എഡ്വാർഡോ മൻസാനാരെസ് മെദീന എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

വ്യക്തിപരമായ പ്രാർഥന, പ്രാർഥനകൾ ചൊല്ലുക, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, ദിവ്യകാരുണ്യ ആരാധനയിൽ സംബന്ധിക്കുക തുടങ്ങി കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട നാല് കാര്യങ്ങളാണ് ഗവേഷണത്തിനായി പ്രധാനമായി പരിശോധിച്ചത്. ഈ ആത്മീയ ശീലങ്ങൾ പാലിക്കുന്ന ആളുകളിൽ സന്തോഷം, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി, ക്ഷമിക്കാനുള്ള മനസ്സ്, നന്ദി എന്നീ മാനസിക ഗുണങ്ങൾ വളരെ ഉയർന്ന അളവിൽ കാണപ്പെടുന്നുവെന്ന് പഠനം കണ്ടെത്തി. വിശ്വാസവും പ്രാർഥനയും വ്യക്തികൾക്ക് ആത്മശക്തി നൽകുന്നതിനൊപ്പം ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നേരിടാനും പ്രത്യാശ നിലനിർത്താനും സഹായിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

വിശ്വാസപരമായ ആചാരങ്ങൾ മനുഷ്യന്റെ മാനസികാരോഗ്യത്തിനും സന്തുലിതാവസ്ഥയ്ക്കും എത്രത്തോളം സഹായകരമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നുണ്ടെങ്കിലും, മതം മാത്രമാണ് സന്തോഷത്തിന്റെയും മാനസികാരോഗ്യത്തിന്റെയും ഏക കാരണമെന്ന തരത്തിൽ ഈ ഫലങ്ങളെ പൂർണ്ണമായും വ്യാഖ്യാനിക്കാനാകില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നിരുന്നാലും, ആത്മീയ ജീവിതവും വ്യക്തിഗത വികസനവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഈ പഠനം അടിവരയിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.