
ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭങ്ങൾ യൂറോപ്പിലുടനീളം പടരുന്നതിനിടെ ഇറ്റലിയിലും വ്യാപക അക്രമം. ഇതിന്റെ ഭാഗമായി റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിന്റെ സുരക്ഷാകവാടങ്ങൾ ഭേദിച്ച് പ്രതിഷേധക്കാർ അകത്തേക്ക് ഇരച്ചുകയറി. പലസ്തീൻ പതാകകൾ ഏന്തിയും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രക്ഷോഭകരുടെ കടന്നുകയറ്റം.
വർധിച്ചുവരുന്ന ജീവിതചെലവിനും ഗാസയിലെ യുദ്ധത്തിനുമെതിരെ ഒക്ടോബർ 24 ന് റോം, മിലാൻ, ടൂറിൻ തുടങ്ങിയ പ്രമുഖനഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് കൊളോസിയത്തിലും സംഘർഷഭരിതമായ അന്തരീക്ഷം ഉണ്ടായത്. കൊളോസിയത്തിൽ വിനോദസഞ്ചാരികൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവായതിനെ തുടർന്ന് കഴിഞ്ഞ മാസം ഈ പ്രദേശം അതീവ സുരക്ഷാമേഖലയായി (റെഡ് സോൺ) പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധക്കാർ കവാടം തകർത്ത് അകത്തുകയറുകയായിരുന്നു.
കൊളോസിയത്തിലെ ഏറ്റുമുട്ടലിനു പുറമെ, ‘പിയാസ ഡെല്ല റിപ്പബ്ലിക്ക’യ്ക്കു സമീപവും പ്രതിഷേധക്കാരുമായി കടുത്ത സംഘർഷമുണ്ടായതായി അധികൃതർ അറിയിച്ചു. ഇവിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
മിലാനിൽ പ്രതിഷേധക്കാർ ഊർജനിയന്ത്രണ ഏജൻസിയുടെ ഓഫീസിനു മുന്നിൽ ചാണകം വിതറുകയും വൈദ്യുതിബില്ലിന്റെ കൂറ്റൻ മാതൃക അഗ്നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഫ്രാൻസിലുണ്ടായ പ്രക്ഷോഭത്തിനിടെ കടകൾ കൊള്ളയടിക്കപ്പെടുകയും ആഡംബരവസ്തുക്കൾ കവരുകയും ചെയ്തിരുന്നു. ഇത് മുന്നിൽകണ്ട് മിലാനിലെ പല വ്യാപാരികളും തങ്ങളുടെ ഷോപ്പുകളുടെ ജനലുകളും വാതിലുകളും പലകകൾ വച്ച് അടച്ചുപൂട്ടിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മിലാനിൽ നിയോഗിച്ചിട്ടുള്ള 5,000 പൊലീസ് ഉദ്യോഗസ്ഥർക്കു പുറമെ 500 സൈനികരെക്കൂടി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അയച്ചു. യൂറോപ്പിലുടനീളം നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഇറ്റലിയിലും സമരം ശക്തമായിരിക്കുന്നത്.
ഇറ്റലിക്കു പുറമെ സ്പെയിൻ, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും കൂറ്റൻ പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



