
കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. തോമസ് ആനിമൂട്ടിൽ നിയമിതനായി. നിയമന ഉത്തരവ് സീറോമലബാർ സിനഡ് നടക്കുന്ന കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിലും റോമിലും ഒരേ സമയം വായിച്ചു.
പരേതരായ ജോസഫ് – ഏലി ദമ്പതികളുടെ പുത്രനായി 1962 ജനുവരി 13 നാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ ജനനം. പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം സെമിനാരിയിൽ ചേർന്നു. കോട്ടയം സ്റ്റനിസ്ലാവോസ് മൈനർ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13 ന് ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്താ ക്രോചേയിൽ നിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റും കരസ്ഥമാക്കി.
വിവിധ ശുശ്രൂഷകളും പദവികളും
വയനാട് പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സ്കൂളുകളുടെ മാനേജർ, കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റർ ഡയറക്ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി തുടങ്ങി നിരവധി പ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസ് (UCLA) നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യുക്കേഷൻ പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കയിൽ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടറായും ക്നാനായ കാത്തലിക് കോൺഗ്രസിന്റെ സ്പിരിച്വൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ, 11 വർഷം കോട്ടയം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ സേവനം കാഴ്ചവച്ചു. വാഴ്ത്തപ്പെട്ട മാർ മാത്യു മാക്കീൽ, ദൈവദാസൻ ഫാ. തോമസ് പൂതത്തിൽ എന്നിവരുടെ നാമകരണ നടപടികളുടെ പ്രമോട്ടർ, കാത്തലിക് നഴ്സസ് ഗിൽഡിന്റെ ആത്മീയ ഉപദേശകൻ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, ഇടുക്കി ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നു.
മലയാളം, ഇംഗ്ലീഷ് ഭാഷകൾക്കു പുറമെ ഇറ്റാലിയൻ, ജർമൻ ഭാഷകളും അദ്ദേഹത്തിന് വശമുണ്ട്. എലിയാമ്മ, ചാക്കോ, മാത്യു, ബേബി, ലൈസാമ്മ എന്നിവരും പരേതനായ ഫിലിപ്പുമാണ് നിയുക്ത ബിഷപ്പിന്റെ സഹോദരങ്ങൾ.
നിയുക്ത മെത്രാന്റെ സ്ഥാനരോഹണത്തീയതി പിന്നീട് അറിയിക്കുന്നതാണ്.




