വി. അഗസ്തീനോസിന്റെ കബറിടം എങ്ങനെ ഇറ്റലിയിലായി?  

വടക്കേ ആഫ്രിക്കയിലെ ഹിപ്പോയിലെ മെത്രാനായിരുന്ന വി. അഗസ്തീനോസിന്റെ പൂജ്യാവശിഷ്ടം എങ്ങനെ ഇറ്റാലിയൻ പട്ടണമായ പവിയയിൽ എത്തിച്ചേർന്നു. ഒരു ചെറിയ കുറിപ്പ്.

ഇറ്റാലിയൻ പത്രപ്രവർത്തകനായ ആന്റോനെല്ലോ സാച്ചിയുടെ, വി. അഗസ്റ്റിനെക്കുറിച്ചുള്ള പുസ്തകമാണ് ‘St. Augustine in Pavia. The Discovery of Relics, The Pilgrimage’ എന്നത്. ഉത്തര ഇറ്റലിയിലുള്ള പവിയ നഗരത്തിൽ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ എങ്ങനെയെത്തി എന്ന ഈ ഗ്രന്ഥം വിവരിക്കുന്നു.

എ.ഡി. 430-ൽ ആഫ്രിക്കയിലെ ഹിപ്പോയിലാണ് അഗസ്റ്റിൻ മരണമടഞ്ഞത്. പക്ഷേ, പിന്നീടുള്ള നൂറ്റാണ്ടുകളിൽ വിശുദ്ധന്റ ഭൗതീകാവശിഷ്ടം നിരവധി സ്ഥലങ്ങൾ സന്ദർശിച്ച് അവസാനം പവിയിലെ വി. പത്രോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽ ബസിലിക്ക ഓഫ് സാൻ പിയത്രൊ ഇൻ ചേൾ ദോറോ (Basilica of San Pietro in Ciel d’Oro) എത്തിച്ചേർന്നു. അതിന്റെ പിന്നിൽ സംഭവബഹുലമായ ഒരു ചരിത്രമുണ്ട്.

ആറാം നൂറ്റാണ്ടിന്റ ആരംഭത്തിൽ ക്രൂരനായ ട്രാസാമണ്ടോ രാജാവ് ആഫ്രിക്കൻ മെത്രാന്മാരെ നാടുകടത്തിയപ്പോൾ ആഫ്രിക്കൻസഭ പരിപാവനമായി സൂക്ഷിച്ചിരുന്ന അഗസ്റ്റിന്റെ പൂജ്യശരീരം അടക്കംചെയ്തിരുന്ന പേടകവും  എടുത്തിരുന്നു. പിന്നീട് അവർ ഇറ്റലിയിലുള്ള സർദാനിയ ദ്വീപിൽ എത്തിച്ചേർന്നു. അവിടെയുള്ള ചർച്ച് ഓഫ് സെന്റ് സത്തുർണീനോ ഓഫ് കാല്യരി (Church of St. Saturnino of Cagliari) ൽ  അഗസ്റ്റിന്റെ പൂജ്യശരീരമടങ്ങിയ പെട്ടി അടക്കംചെയ്തു. തുടർന്നുവന്ന രണ്ടുനൂറ്റാണ്ടുകൾ അഗസറ്റിന്റെ കബറിടം ഈ പള്ളിയിലായിരുന്നു. എ.ഡി. 722-ൽ മുഹമ്മദീയർ സർദീനിയാ ദ്വീപാക്രമിച്ചപ്പോൾ ലോങ്ങോബാൻഡിയൻ  സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പവിയയിലെ വി. പത്രോസിന്റെ ബസിലിക്കായിലേക്കു മാറ്റി.

വി. അഗസ്റ്റിന്റെ പേടകം 

അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന് അവരുടെ പ്രിയപ്പെട്ട പിതാവിന്റെ കബറിടം ഒരു മനോഹരമായ സ്മാരകമണ്ഡപത്തിലാക്കാൻ (mausoleum) ആഗ്രഹമുണ്ടായതിനാൽ ബസിലിക്കായിൽ അവർ ഒരു സ്മാരകമണ്ഡപം പണിതു. എകദേശം ഇരുപതു വർഷമെടുത്തു (1360-1380) മാർബിൾകൊണ്ടുള്ള ഈ സ്മൃതികുടീരം നിർമ്മിക്കാൻ. ഈ സ്മാരകമണ്ഡപത്തിലെ വി. അഗസ്റ്റിന്റെ പേടകം (“the ark of St. Augustine”) എന്നറിയപ്പെടുന്ന പേടകത്തിലാണ് കൃപയുടെ വേദപാരംഗതൻ (Doctor of Grace) എന്നറിയപ്പെടുന്ന വി. അഗസ്റ്റിന്റെ പൂജ്യാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പൂർണ്ണമായും മാർബിളിൽ നിർമ്മിച്ച പ്രസ്തുതപേടകത്തിന് 395 മീറ്റർ ഉയരുവും 307 മീറ്റർ വീതിയും 168 മീറ്റർ ആഴവുമുണ്ട്. ഈ സ്മാരകമണ്ഡപം നൂറുകണക്കിനു വിശുദ്ധരുടെയും മാലാഖമാരുടെയും രൂപങ്ങളാൽ  അലങ്കരിച്ചിരിക്കുന്നു.

റോമിനെ മധ്യയൂറോപ്പും ഉത്തര ടൂറോപ്പുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴി പവിയയിലൂടെ ആയിരുന്നതിനാൽ നൂറ്റാണ്ടുകളായി വി. അഗസ്റ്റിന്റെ കബറിടത്തിലേക്ക് ധാരാളം തീർഥാടകർ പ്രവഹിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.