ഞായർ പ്രസംഗം: ഏലിയാ-സ്ലീവാ-മൂശാക്കാലം ഒന്‍പതാം ഞായര്‍ ഒക്ടോബർ 25, മത്തായി 12: 22-32 പ്രതിസന്ധികള്‍ = പടവുകള്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

വാനമേഘങ്ങളില്‍ മഹത്വത്തോടു കൂടി ആഗതനാകുന്ന ദൈവപുത്രനായ മിശിഹായെ സ്വീകരിക്കാന്‍ വിശ്വാസികളായ നാമോരോരുത്തരും ഒരുങ്ങണമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ ഒന്‍പതാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്.

യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങളോ, പ്രതിസന്ധികളോ അല്ല നമ്മെ തകര്‍ക്കുന്നത്. മറിച്ച് ജീവിതത്തില്‍ ഒറ്റയ്ക്കാണ്, പ്രതിബന്ധങ്ങളില്‍ ആരും കൂടെയില്ല എന്ന നൊമ്പരമാണ് പലപ്പോഴും നമ്മെ നിരാശരാക്കുന്നത്. വി. മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം 22 മുതല്‍ 32 വരെയുള്ള തിരുവചന ഭാഗങ്ങളില്‍ അന്ധനും ഊമനും പിശാചുബാധിതനുമായ ഒരു മനുഷ്യനെ ഈശോ സുഖപ്പെടുത്തിയിട്ടും, അതില്‍ ദൈവത്തിന്റെ കരം ദര്‍ശിക്കാന്‍ യഹൂദാജനത്തിന് കഴിയുന്നില്ല. എന്നുമാത്രമല്ല, പിശാചുകളുടെ തലവനായ ബെത്സെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നതെന്ന് പറയുകയും ചെയ്യുന്നു.

യേശുവിന്റെ നന്മ കാണാനോ, ആ നന്മയുടെ കരങ്ങള്‍ ദര്‍ശിക്കാനോ, യേശുവെന്ന നന്മയോടൊപ്പം നില്‍ക്കാനോ സാധിക്കാത്തവിധം അന്ധരായിപ്പോയ ഒരുകൂട്ടം മനുഷ്യരെയാണ് നാമിവിടെ കാണുന്നത്. അവര്‍ ഈശോ എന്ന നന്മയെ തിന്മയായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈശോ ഇപ്രകാരം പറയുന്നത്: “എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടു കൂടെ ശേഖരിക്കാത്തവന്‍ ചിതറിക്കപ്പെടും” എന്ന്. വിശുദ്ധ ഗ്രന്ഥത്തിലൂടെ കണ്ണോടിക്കുമ്പോള്‍, നന്മകള്‍ പ്രവര്‍ത്തിച്ചിട്ടും മനുഷ്യരുടെ തെറ്റിധാരണകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായിത്തീര്‍ന്ന ഒട്ടനവധി വ്യക്തികളെ കാണാന്‍ സാധിക്കും. പഴയനിയമത്തില്‍ പൂര്‍വപിതാവായ ജോസഫ് ധാര്‍മ്മികത കൈവിടാതെ സ്വന്തം യജമാനന്റെ ഭാര്യയുടെ ചതിയില്‍ നിന്ന് ഓടിയകലുമ്പോള്‍ ലോകം അവനെ ഒരു കുറ്റവാളിയായി കാണുകയും കാരാഗൃഹത്തില്‍ തടവുകാരനാക്കുകയും ചെയ്യുന്നു. എന്നാല്‍, പിന്നീട് ദൈവം അവനെ തടവറയില്‍ നിന്ന് മോചിപ്പിച്ച് ഈജിപ്തിന്റെ രക്ഷകനായി ഉയര്‍ത്തി.

ദൈവഭയത്തോടെ ജീവിച്ച സൂസന്ന പാപം ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ന്യായാധിപന്മാര്‍ അവളെ പരസ്യമായി അപമാനിക്കുകയും മരണശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍, നീതിമാന്മാരുടെ പ്രാര്‍ഥന കേള്‍ക്കുന്ന ദൈവം പ്രവാചകനായ ദാനിയേലിലൂടെ അവരുടെ നിരപരാധിത്വം തെളിയിച്ചു. ദൈവാലയത്തിലിരുന്ന് ഹൃദയം നൊന്ത് കരഞ്ഞു പ്രാര്‍ഥിച്ച ഹന്നായെ പുരോഹിതനായ ഏലി പോലും ‘മദ്യപിച്ച് ഉന്മത്തയായവള്‍’ എന്ന് തെറ്റിധരിച്ചു. എന്നാല്‍, ആ നിശ്ശബ്ദമായ കണ്ണുനീരിന് ദൈവം നല്‍കിയ മറുപടിയായിരുന്നു സാമുവേല്‍.

സമൂഹം പാപിയെന്ന് മുദ്രകുത്തിയ മഗ്ദലേനാ മറിയത്തിനാണ് ഈശോ തന്റെ ഉത്ഥാനശേഷം ആദ്യമായി പ്രത്യക്ഷപ്പെടുന്നതും ഉയര്‍പ്പിന്റെ സദ്വാര്‍ത്ത അറിയിക്കാന്‍ നിയോഗിക്കുന്നതും. ക്രിസ്തുവിന്റെ പാദത്തിങ്കലിരുന്ന് അവന്റെ വചനം കേട്ട മറിയത്തെക്കുറിച്ച് സഹോദരി മാര്‍ത്ത പരാതിപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ ലോകരക്ഷകനായ ഈശോ തന്നെ അവളെ സംരക്ഷിക്കുന്നതായും നാം കാണുന്നുണ്ട്.  നമ്മുടെ ജീവിതത്തിലും ഇതുപോലെ നന്മ ചെയ്യുമ്പോള്‍ തിന്മ തിരിച്ചുകിട്ടാം. ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ പോലും തെറ്റിധരിക്കാം, കുറ്റപ്പെടുത്താം. എന്നാല്‍, മനുഷ്യന്‍ ബാഹ്യഭാഗം കാണുമ്പോള്‍ ദൈവം നമ്മുടെ ഹൃദയം കാണും.

പ്രശസ്ത കാര്‍ഡിയോളോജിസ്റ്റ് ഡോ. ജോസഫ് ചാക്കോ ഒരു ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയുടെ സഹായത്തോടെ ദരിദ്രരായ കുട്ടികള്‍ക്ക് തികച്ചും സൗജന്യമായി ഹൃദയശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. നൂറുകണക്കിന് കുരുന്നുകളാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ പുതിയ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നാട്ടുകാരെല്ലാം അദ്ദേഹത്തെ ഒരു ദൈവൂതനായിട്ടാണ് കണ്ട് ആദരിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിലെ മറ്റൊരു സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തെക്കുറിച്ച് അപവാദപ്രചരണങ്ങള്‍ നടത്താന്‍ തുടങ്ങി. “ഡോക്ടര്‍ ജോസഫ് ചാക്കോ സൗജന്യമായി ഓപ്പറേഷന്‍ ചെയ്യുന്നത് വലിയ മനസ്സ് കൊണ്ടല്ല, പിന്നെയോ വിദേശത്തു നിന്നുള്ള ഫണ്ട് തട്ടാനും പേരും പ്രശസ്തിയും വര്‍ധിപ്പിക്കാനുമാണെന്ന്” ആ സഹപ്രവര്‍ത്തകന്‍ പ്രചരിപ്പിച്ചു. പ്രതിസന്ധികളില്‍ തളരാത്ത മനുഷ്യരില്ല. സ്വാഭാവികമായും തെറ്റിധരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ പ്രലോഭനം പിന്‍വാങ്ങുക എന്നതാണ്. ഡോ. ജോസഫ് ചാക്കോയും താന്‍ ചെയ്ത നല്ല പ്രവര്‍ത്തികളുടെ പേരില്‍ തെറ്റിധരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തപ്പോള്‍ ആദ്യം സമൂഹത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിച്ചു. എങ്കിലും തന്റെ നിലപാടുകള്‍ ശരിയാണ് എന്ന ഉറച്ച ബോധ്യമുള്ളതിനാല്‍ വീണ്ടും തന്റെ കര്‍മ്മമണ്ഡലത്തിലേക്ക് തികഞ്ഞ ഊര്‍ജസ്വലതയോടെ കടന്നുവരികയും അനേകര്‍ക്ക് അഭയകേന്ദ്രമാവുകയും ചെയ്തു. ഒ.എന്‍.വി. കുറുപ്പ് ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി: “ഏറ്റവും വലിയ ഭാഗ്യം മറ്റുള്ളവരാല്‍ സ്‌നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ്. എന്നാല്‍, ഏറ്റവും വലിയ ദുഃഖം സ്വന്തം സത്യം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയാതെ വരികയും അവര്‍ നമ്മെ തെറ്റിധരിക്കുകയും ചെയ്യുമ്പോഴാണ്.”

എന്നാല്‍ ഈശോയാകട്ടെ, ഫരിസേയരും യഹൂദപ്രമാണികളും തെറ്റിധാരണകളുടെയും വിമര്‍ശനങ്ങളുടെയും ശരങ്ങളാല്‍ തന്റെ അടുത്തുവന്നപ്പോള്‍, ശരികളെ തെറ്റുകളാക്കു കയും കണ്‍മുന്‍പില്‍ കാണുന്ന സത്യങ്ങളുടെമേല്‍ കണ്ണുകളടയ്ക്കുകയും വിശ്വാസത്തേക്കാളുപരി അവിശ്വാസത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഫരിസേയ മനോഭാവത്തിനെതിരായി ശക്തമായി നിലകൊള്ളുകയും അവയെ നിഷിദ്ധമായി വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. ഏതൊരു ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് ഈശോയ്ക്കുണ്ടായിരുന്ന ഈ ബോധ്യത്തില്‍ ഉറയ്ക്കാനാണ്. അത് സാധ്യമാകുന്നത് പരിശുദ്ധാത്മാവിന്റെ സഹായത്താലാണ്.

പ്രിയമുള്ളവരേ, നാം ചെയ്യുന്ന നന്മകളെ തിന്മകളായി തെറ്റിധരിക്കപ്പെടുമ്പോള്‍ അവയെ നേരിടാന്‍ പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമാണ്. കാരണം, പരിശുദ്ധാത്മാവാണ് സകല നന്മകളുടെയും ഉറവിടം. പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് പ്രധാനമായും രണ്ടു തലങ്ങളിലാണ്. ഒന്നാമതായി, എന്നിലെ ആന്തരിക മനുഷ്യനോട് സംസാരിക്കുന്നതുവഴി. പരിശുദ്ധാത്മാവിനെ മനുഷ്യന്റെ മനഃസാക്ഷി എന്നാണ് സഭ പഠിപ്പിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകം മുപ്പതാം അധ്യായം 21-ാം വാക്യത്തില്‍ ദൈവം ഇപ്രകാരം പറയുന്നുണ്ട്: “നീ വലത്തോട്ടോ, ഇടത്തോട്ടോ പോകുമ്പോള്‍ കാതുകള്‍ക്കു പിന്നില്‍ നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി ഇതിലെ പോവുക.” നമ്മുടെ ജീവിതത്തില്‍ ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ഓരോ വാക്ക് പറയുമ്പോഴും നമ്മുടെ കാതുകള്‍ക്ക് പിന്നില്‍, ‘ഇത് ശരിയാണ്, അത് തെറ്റാണ്, ഇത് ചെയ്യുക, അത് ചെയ്യരുത്’ എന്ന് നാം കേള്‍ക്കാറില്ലേ? ആത്മാവിന്റെ സഹായകനായ പരിശുദ്ധാത്മാവിന്റെ സ്വരമാണിത്. ആ സ്വരത്തില്‍ സ്‌നേഹവും സമാധാനവും ക്ഷമയും നന്മയും വിശ്വസ്തതയും ഒളിഞ്ഞിരിപ്പുണ്ട് എന്ന് പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു.

രണ്ടാമതായി, നമുക്കൊപ്പം ആയിരിക്കുന്നതിലൂടെ സംസാരിക്കുന്നു, നമുക്കൊപ്പം ആയിരിക്കുന്നതിലൂടെ ആയിരിക്കുന്നവരിലൂടെ സംസാരിക്കുന്നു, മാമോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും നമ്മിലേക്ക് ഇറങ്ങിവന്നതുപോലെ തന്നെ മറ്റു വ്യക്തികളിലൂടെയും ദൈവത്തിന്റെ ആത്മാവിനെ നമുക്ക് സംലഭ്യമാണ്. അതുകൊണ്ടു തന്നെ ഒപ്പമായിരിക്കാനും പ്രിയപ്പെട്ടവരെയും അധികാരികളെയും സ്‌നേഹിതരെയും സ്‌നേഹിക്കാനും അവരുടെ നന്മകളെ തിരിച്ചറിയാനും നമുക്ക് സാധിക്കണം. നമ്മുടെ ജീവിതത്തില്‍ കൂടെയുള്ള പ്രിയപ്പെട്ടവര്‍ – നമ്മുടെ മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, സ്‌നേഹിതര്‍, നമ്മെ വഴിനടത്തുന്നവര്‍, അവര്‍ നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ എന്നിവയുണ്ട്. അത് പലപ്പോഴും ദൈവത്തിന്റെ സ്വരമാണ്. അവര്‍ തരുന്ന പ്രോത്സാഹനങ്ങള്‍ ദൈവം കാണിക്കുന്ന കരുതലുകളാണ്, നമ്മെ തിരുത്താനായി അവര്‍ കാണിക്കുന്ന ചില പിടിവാശികള്‍ ഇതെല്ലാം കേവലം മനുഷ്യരുടെ വാശിയോ, ഇടപെടലുകളോ ആയി മാത്രം കാണരുത്. മറിച്ച്, നമ്മെ ദൈവവഴിയില്‍ നടത്താന്‍ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇതെല്ലാം എന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.

അതുകൊണ്ട് നമ്മുടെ ഒപ്പം ആയിരിക്കുന്നവരെ കേവലം മനുഷ്യരായി മാത്രം കാണാതെ ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന ആലയങ്ങളായി കണ്ട് അവരെ സ്‌നേഹിക്കാനും ബഹുമാനിക്കാനും ദൈവത്തിന്റെ സ്വരം അവരിലൂടെ കേള്‍ക്കാനും നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം.

പ്രിയമുള്ളവരേ, മനുഷ്യര്‍ നമ്മെ തെറ്റിധരിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും നമ്മെ ആശ്വസിപ്പിക്കാനും വഴിനടത്താനും പരിശുദ്ധാത്മാവ് എപ്പോഴും നമ്മുടെ കൂടെയുണ്ട്. കാരണം, അവന്‍ സത്യത്തിന്റെ ആത്മാവാണ്, അവന്‍ ആശ്വാസപ്രദനാണ്. ആ ആത്മാവിന്റെ സ്‌നേഹവും ശക്തിയും നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നവരാകാനുള്ള കൃപയ്ക്കായി ഈ വിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ഥിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ജോയല്‍ ജോസഫ് പ്ലാക്കല്‍, MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.