സുവിശേഷവത്കരണം എപ്പോഴും സ്‌നേഹത്തിന്റെ പ്രവൃത്തി: മിഷൻ ഞായറിനോടനുബന്ധിച്ച് ലെയോ പാപ്പ

ഒക്ടോബർ 18 ന് നടത്തുന്ന ​നൂറാമത് ആഗോള മിഷൻ ഞായറാചരണത്തോടനുബന്ധിച്ച് വിശ്വാസികൾക്കായി ലെയോ പതിനാലാമൻ മാർപാപ്പ വീഡിയോ സന്ദേശം നൽകി. ‘ക്രിസ്തുവിൽ ഒന്നുചേർന്ന് ദൗത്യത്തിൽ ഒന്നായി’ എന്ന പ്രമേയത്തെക്കുറിച്ചാണ് മാർപാപ്പ സന്ദേശത്തിൽ സംസാരിച്ചത്.

​1926 ൽ പിയൂസ് പതിനൊന്നാമൻ മാർപാപ്പ ആഗോള മിഷൻ ഞായറാചരണത്തിന് തുടക്കമിട്ടതു മുതൽ തിരുസഭയ്ക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് പാപ്പ ദൈവത്തിന് നന്ദിയർപ്പിച്ചു. പെറുവിലെ തന്റെ മിഷനറി പ്രവർത്തനങ്ങൾക്കും ദൈവികവിളി തിരിച്ചറിയുന്നതിനും വിശ്വാസികളുടെ പ്രാർഥനയും പിന്തുണയും വലിയ പങ്ക്  വഹിച്ചതായി മാർപാപ്പ സ്‌മരിച്ചു.

​മാമോദീസയിലൂടെ ഓരോ വ്യക്തിയും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാകുന്നുവെന്നും സുവിശേഷം പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാകണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സുവിശേഷവത്കരണം എപ്പോഴും സ്നേഹത്തിലും പ്രാർഥനയിലും അധിഷ്ഠിതമായ പ്രവൃത്തിയാണെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.