നൈജീരിയയിൽ വിശുദ്ധ കുർബാന മധ്യേ തടസ്സമുണ്ടാക്കി മൂന്നുപേരെ തട്ടിക്കൊണ്ടുപോയി ആയുധധാരികൾ

നൈജീരിയയിൽ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച, എനുഗു (Enugu) സംസ്ഥാനത്തെ ഇനോയി അഫയിലുള്ള (Inoyi Affa) സെന്റ് ജോസഫ് പള്ളിയിൽ പ്രഭാത വിശുദ്ധ കുർബാന നടക്കുമ്പോൾ ആയുധധാരികളായ കുറഞ്ഞത് ഏഴുപേരെങ്കിലും ദൈവാലയത്തിലേക്ക് ഇരച്ചുകയറിയതായി ‘ഫിഡെസ്’ റിപ്പോർട്ട് ചെയ്തു. കനത്ത മഴയ്ക്കിടെ അക്രമികൾ വിശ്വാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും അതിനെ തുടർന്ന് ആളുകൾ പള്ളിയിൽ നിന്ന് ഓടിരക്ഷപെടുകയും ചെയ്തു.

എന്നാൽ ഇതിനിടെ അക്രമികൾ മൂന്നുപേരെ തട്ടിക്കൊണ്ടു പോയി. ഒരു വൈദികാർഥി, ഒരു മതബോധന അധ്യാപകൻ, ഒരു ഇടവകാംഗം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. വഴിയാത്രക്കാരിൽ പലരും അക്രമികളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും, അവർ ആയുധധാരികളാണെന്ന് മനസ്സിലാക്കിയതിനാലും തടവിലാക്കപ്പെട്ടവരുടെ ജീവൻ കൂടുതൽ അപകടത്തിലാകാതിരിക്കാനുമാണ് ആ ശ്രമം ഉപേക്ഷിച്ചതെന്ന് ഫിഡെസ് വ്യക്തമാക്കി.

തുടർന്ന്, പൊലീസ് തിരച്ചിൽ നടത്തുകയും മതബോധന അധ്യാപകനെ മോചിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, വൈദികാർഥിയായ ലോറൻസ് ചിഡെറ ഇഗ്ബോയും ഇമ്മാനുവൽ എന്ന് മാത്രം തിരിച്ചറിഞ്ഞ ഇടവകാംഗവും ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.