വെനസ്വേലയിലെ ഭൂകമ്പം: 94 ദൈവാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

ജൂൺ 24-ന് വെനസ്വേലയിലെ ഇരട്ട ഭൂകമ്പം 94 ദൈവാലയങ്ങളെ ബാധിച്ചതായി വെനസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (CEV) പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കി. വെനസ്വേലൻ ഇടക്കാല സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 6,125 ആയി ഉയർന്നു. കാണാതായവരുടെ എണ്ണം ഇപ്പോഴും വ്യക്തമല്ല. എന്നാൽ സ്വതന്ത്ര ഏജൻസികളുടെ കണക്കുകൂട്ടലനുസരിച്ച് മരണസംഖ്യ പതിനായിരക്കണക്കിന് വരും.

“സമീപകാലത്തുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ഇടയപരിപാലനപരമായ പിന്തുണ നൽകാനും ദൈവജനത്തോടൊപ്പം സഞ്ചരിക്കാനും വെനസ്വേലയിലെ കത്തോലിക്കാ സഭ തുടർന്നും മുന്നിലുണ്ടാകും. വിവിധ രൂപതകളിൽ നിന്നും അതിരൂപതകളിൽ നിന്നും ശേഖരിച്ച വിവരങ്ങളനുസരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘടനാപരമായതും ചെറുതുമായ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്” – ബിഷപ്പുമാർ പ്രസ്താവനയിൽ പറഞ്ഞു.

ബിഷപ്പുമാരുടെ വിലയിരുത്തൽ പ്രകാരം, ലാ ഗ്വൈറ (La Guaira), മരക്കായ് (Maracay), സാൻ ഫെലിപ്പ് (San Felipe), പോർട്ടോ കബെല്ലോ (Puerto Cabello), ലോസ് ടെക്വസ് (Los Teques) എന്നീ രൂപതകളിലാണ് കേടുപാടുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. “വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഈ മേഖലകളിലെ ബിഷപ്പുമാരും പ്രാദേശിക വൈദികരും അപകടസാധ്യതകൾ വിലയിരുത്തുന്നത് തുടരുകയാണ്” എന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, കാരക്കാസ് അതിരൂപതയുടെ കീഴിലുള്ള 25 പള്ളികൾക്ക് കേടുപാടുകൾ സംഭവിച്ചതായി ജൂലൈ പകുതിയോടെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ദുരന്തത്തിൽ തകർന്നവയുടെ വേഗത്തിലുള്ളതും സമഗ്രവുമായ പുനർനിർമ്മാണം വേണമെന്ന് വെനസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

ബിഷപ്പുമാരുടെ കണക്കനുസരിച്ച്, കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ 85 എണ്ണം ഇടവക പള്ളികളും ചാപ്പലുകളും ആറെണ്ണം റെക്ടറികളും ധ്യാനകേന്ദ്രങ്ങളുമാണ്. കൂടാതെ ഒരു ആശുപത്രി, ലാ ഗ്വൈറ സെമിനാരി (ഇവിടെ വലിയ രീതിയിൽ ഘടനാപരമായ തകരാറുകൾ സംഭവിച്ചു), ഒരു ഓഫീസ് കെട്ടിടം എന്നിവയും ഈ പട്ടികയിലുണ്ട്.

കാരക്കാസിൽ കേടുപാടുകൾ സംഭവിച്ച പല പള്ളികളും രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ ഭാഗമായി കരുതപ്പെടുന്നവയാണെന്നതും ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.