
ഇറ്റലിയിലെ ലിഗൂറിയൻ തീരത്ത്, സാൻ ഫ്രുട്ടുവോസോ (San Fruttuoso) ഉൾക്കടലിൽ 18 മീറ്റർ താഴ്ചയിൽ നീലക്കടലിന്റെ ശാന്തതയിൽ കൈകൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു ക്രിസ്തു രൂപമുണ്ട്. ‘ആഴക്കടലിലെ ക്രിസ്തു’ എന്നാണ് ഈ രൂപം അറിയപ്പെടുന്നത്. ആഴക്കടലിലെ നിശബ്ദ സംരക്ഷകനായി അറിയപ്പെടുന്ന ഈ വെങ്കല ശിൽപ്പം കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, കടലിൽ ജീവൻ പൊലിഞ്ഞവർക്കായുള്ള ഒരു സ്മാരകം കൂടിയാണ്. അറിയാം ആഴക്കടലിൽ ഒരു ക്രിസ്തു രൂപം സ്ഥാപിച്ചതിനു പിന്നിലെ ചരിത്രം.
1947-ൽ ഇറ്റാലിയൻ ഡൈവിംഗ് പയനിയറായിരുന്ന ഡാരിയോ ഗൊൺസാറ്റി (Dario Gonzatti) പരീക്ഷണ ഡൈവിംഗിനിടെ കടലിൽ മരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സുഹൃത്തും പ്രശസ്ത ഡൈവറുമായ ഡ്യുലിയോ മാർക്കന്റെ (Duilio Marcante) ആശയത്തിലാണ് ഈ രൂപം നിർമ്മിക്കപ്പെട്ടത്. ശില്പിയായ ഗ്വിഡോ ഗല്ലെറ്റി (Guido Galletti) നിർമ്മിച്ച 2.5 മീറ്റർ ഉയരമുള്ള ഈ വെങ്കല രൂപം 1954 ഓഗസ്റ്റ് 29 ന് നിർമ്മാണം പൂർത്തിയാക്കി കടലിൽ സ്ഥാപിച്ചു.
ഈ രൂപത്തിന് ഒരു പ്രത്യേകത ഉണ്ട്. ഏറെ വൈകാരിക പ്രാധാന്യമുള്ള വസ്തുക്കളിൽ നിന്നാണ് ഈ രൂപം നിർമ്മിക്കുന്നതിനുള്ള ലോഹം സമാഹരിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ അമ്മമാരും വിധവകളും സംഭാവന ചെയ്ത മെഡലുകൾ, കായിക മെഡലുകൾ, മണികൾ, കപ്പലിന്റെ ഭാഗങ്ങൾ, പ്രൊപ്പല്ലറുകൾ, പീരങ്കികൾ എന്നിവയിൽ നിന്നാണ് ലോഹം സമാഹരിച്ചത്. ഈ ഘടകങ്ങളെല്ലാം ഉരുക്കി ചേർത്ത് ഏഴ് പതിറ്റാണ്ടിലേറെയായി മെഡിറ്ററേനിയൻ കടലിന്റെ അഗാധതയെ നിശബ്ദമായി കാത്തുസൂക്ഷിക്കുന്ന ഈ ഒറ്റ രൂപം നിർമ്മിക്കപ്പെട്ടു.
കൈകൾ സ്വർഗത്തിലേക്ക് ഉയർത്തി, അനുഗ്രഹിക്കുന്ന രീതിയിൽ നിൽക്കുന്ന ക്രിസ്തുവിന്റെ ഈ രൂപം കടൽയാത്രികർക്കും മുങ്ങൽ വിദഗ്ദ്ധർക്കും (Divers) പ്രത്യാശയുടെയും സംരക്ഷണത്തിന്റെയും പ്രതീകമാണ്. കടലിൽ അപകടത്തിൽപ്പെട്ടവർക്കും ജീവൻ വെടിഞ്ഞവർക്കും വേണ്ടിയുള്ള നിശബ്ദ പ്രാർഥനയായി ഈ രൂപം നിലകൊള്ളുന്നു. എല്ലാ വർഷവും വിദഗ്ദ്ധ ഡൈവർമാർ കടലിനടിയിലിറങ്ങി സസ്യങ്ങളും പായലുകളും നീക്കം ചെയ്ത് ഈ ശിൽപ്പം വൃത്തിയാക്കാറുണ്ട്.
2004-ൽ, സമഗ്രമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ശിൽപ്പം താൽക്കാലികമായി കടലിൽ നിന്ന് പുറത്തെടുത്തു. കാലക്രമേണ സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനും, കപ്പലിന്റെ നങ്കൂരം തട്ടി അബദ്ധത്തിൽ വേർപെട്ടുപോയ ഒരു കൈ വീണ്ടും ഘടിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു അത്. ഒരു വർഷത്തിനുശേഷം, ശില്പത്തിന്റെ സംരക്ഷണം സുഗമമാക്കുന്നതിനായി നിർമ്മിച്ച പുതിയ അടിത്തറയിൽ, അതേ താഴ്ചയിൽ തന്നെ രൂപം പുനഃസ്ഥാപിച്ചു. ലോകമെമ്പാടുമുള്ള ഡൈവിംഗ് പ്രേമികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന കടലിനടിയിലെ ഈ ക്രിസ്തു രൂപം, മെഡിറ്ററേനിയൻ കടലിന്റെ അഗാധതയിലെ അദ്ഭുതങ്ങളിലൊന്നായി ഇന്നും തിളങ്ങിനിൽക്കുന്നു.




