
ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് വടക്കൻ എത്യോപ്യയിലെ പ്രധാന സാംസ്കാരിക-മത ആഘോഷവും സ്ത്രീകളുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളുമായ അഷെന്ദ (Ashenda) ആഘോഷങ്ങളും ടൈഗ്രെ (Tigray) മേഖലയിലെ പ്രധാന നഗരമായ മെക്കെലെയിൽ (Mekelle) റദ്ദാക്കി. അലങ്കാര വസ്ത്രങ്ങളണിഞ്ഞ ആയിരക്കണക്കിന് യുവതികൾ പരമ്പരാഗതമായി പങ്കെടുക്കാറുള്ള അഷെന്ദ ആഘോഷങ്ങളുടെ പ്രധാന ചടങ്ങ് ഇന്ന് മെക്കെലെയിലെ ഒരു സ്റ്റേഡിയത്തിൽ നടക്കേണ്ട പൊതുസമ്മേളനമായിരുന്നു.
2022-ൽ അവസാനിച്ച ഭയാനകമായ രണ്ട് വർഷത്തെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് ടൈഗ്രെ ഇനിയും പൂർണ്ണമായി മുക്തമായിട്ടില്ല. അടുത്തിടെയുണ്ടായ മാരകമായ ഡ്രോൺ ആക്രമണങ്ങൾക്ക് കാരണം ഫെഡറൽ സായുധ സേനയാണെന്ന് പ്രാദേശിക അധികാരികൾ ആരോപിച്ചതോടെ, സംഘർഷം വീണ്ടും ഉയർന്നുവരുമോ എന്ന ആശങ്കയിലാണ് പ്രദേശം.
ഓർത്തഡോക്സ് ക്രൈസ്തവർ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന വേളയിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അഷെന്ദ ആഘോഷവും നടക്കുന്നത്. തിഗ്രിന്യ (Tigrinya) ഭാഷയിൽ ‘ഉയരമുള്ള പച്ചപ്പുല്ല്’ എന്നാണ് അഷെന്ദ എന്ന വാക്കിന്റെ അർഥം. സ്ത്രീകളെ ആദരിക്കുന്ന വലിയൊരു സാംസ്കാരിക പരിപാടിയായി ഇത് മാറിയിട്ടുണ്ട്. ടൈഗ്രെയിലും വടക്കൻ എത്യോപ്യയുടെ മറ്റ് ഭാഗങ്ങളിലുമുള്ള പെൺകുട്ടികളും യുവതികളും വലിയ ആവേശത്തോടെയാണ് ഈ ദിവസത്തിനായി കാത്തിരിക്കുന്നത്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച്, പ്രത്യേക രീതിയിൽ മുടി മെടഞ്ഞിട്ട് പുറത്തിറങ്ങി നൃത്തം ചെയ്യാനും കളിക്കാനും അവർക്ക് ഈ ദിവസങ്ങളിൽ സ്വാതന്ത്ര്യമുണ്ട്. വർഷത്തിലെ മറ്റ് സമയങ്ങളിൽ ഇത്തരം കാര്യങ്ങൾക്ക് സാധാരണയായി നിയന്ത്രണങ്ങളുണ്ടാകാറുണ്ട്.
ആഗസ്റ്റ് 20 ന് മെക്കെലെയിലുണ്ടായ അവസാന ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാരായ 13 പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ടൈഗ്രെയുടെ കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് ബ്യൂറോ അറിയിച്ചു. ആഗസ്റ്റ് 18-ന് മെക്കെലെയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഡാൻഡെറയ്ക്ക് (Dandera) സമീപം ഉണ്ടായ രണ്ട് ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് പത്തിന് രായ-അലമാത (Raya-Alamata) ജില്ലയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും അവർ പറഞ്ഞു.
തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളും യുദ്ധഭീഷണിയും മൂലം ആഗസ്റ്റ് 22 ശനിയാഴ്ച സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കുകയാണെന്ന് ടൈഗ്രെയുടെ സാംസ്കാരിക വിനോദസഞ്ചാര ബ്യൂറോ മേധാവി ഡോറി അസ്ഗെഡോം (Dori Asgedom) പ്രഖ്യാപിച്ചു.




