ഞായർ പ്രസംഗം: കൈത്താക്കാലം ഏഴാം ഞായര്‍ ഓഗസ്റ്റ് 23, മത്തായി 6: 19-24 നാം തീര്‍ഥാടകര്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയ സഹോദരങ്ങളേ,

നമ്മുടെ കണ്ണുകള്‍ ഏറ്റവും കൂടുതല്‍ തിളങ്ങുന്നത് എപ്പോഴാണ്? എവിടെയെങ്കിലും ഒരു പുതിയ ഓഫര്‍ കാണുമ്പോഴോ, കുറച്ചുകൂടി പണം സമ്പാദിക്കാനുള്ള ഒരു പുതിയ അവസരം മുന്നില്‍ തെളിയുമ്പോഴോ അല്ലേ? എല്ലാം സ്വന്തമാക്കാനും കൂടുതല്‍ നേടാനും നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ പരക്കംപാച്ചിലിനിടയില്‍, ‘എന്റെ യഥാര്‍ഥ നിധി എന്താണ്, അത് എവിടെയാണ്’ എന്ന് ചിന്തിക്കാന്‍ തിരുസഭ ഇന്ന് നമ്മെ ക്ഷണിക്കുന്നു. അതിന് ആദ്യം നാം തിരിച്ചറിയേണ്ടത്, നിധി എന്നതിന്റെ അര്‍ഥമെന്താണ് എന്നതാണ്.

ഒരു മനുഷ്യന്റെ നിധി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഭിമുഖ്യമാണ്. ഒരാളുടെ ആഭിമുഖ്യം ഭൗതികസമ്പത്താണെങ്കില്‍, അവന്റെ നിധി സമ്പത്തായിരിക്കും. മറ്റൊരാളുടെ നിധി ജീവിതവിജയവും പ്രശസ്തിയും സ്വപ്നങ്ങളുടെ സാക്ഷാത്കാരവുമായിരിക്കാം. എന്നാല്‍ ഒരാളുടെ ജീവിതത്തിന്റെ കേന്ദ്രം ക്രിസ്തുവാണെങ്കില്‍, അവന്റെ യഥാര്‍ഥ നിധി ദൈവവും നിത്യജീവനുമായിരിക്കും. ഇവിടെയാണ് ഈശോയുടെ വാക്കുകള്‍ നമ്മെ ആത്മശോധനയിലേക്കു നയിക്കുന്നത്; ”നിന്റെ നിക്ഷേപം എവിടെയാണോ അവിടെ ആയിരിക്കും നിന്റെ ഹൃദയവും.” ക്രിസ്തുവില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചു ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം. എന്നാല്‍, ക്രിസ്തുവില്‍ നിന്നകന്നുപോകുന്ന നിമിഷങ്ങളില്‍ നമ്മുടെ ഹൃദയം എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് നാം സ്വയം ചോദിക്കണം. ദൈവത്തിലാണോ? അതോ നമ്മുടെ സ്വന്തം ഇഷ്ടങ്ങളിലും താല്‍പര്യങ്ങളിലും ഭൗതികനേട്ടങ്ങളിലുമാണോ?

ഒരു വിദേശ വിനോദസഞ്ചാരി പ്രശസ്തനായ ഒരു സന്ന്യാസിയെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി. അവിടെ ഒരു പായയും ഒരു മണ്‍പാത്രവും ഏതാനും പുസ്തകങ്ങളുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ഭുതത്തോടെ അയാള്‍ സന്ന്യാസിയോട് ചോദിച്ചു: ”സ്വാമീ, അങ്ങയുടെ മറ്റ് സാധനങ്ങളെല്ലാം എവിടെയാണ്?” സന്ന്യാസി ശാന്തമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ”സഹോദരാ, നിങ്ങളുടെ ഫര്‍ണിച്ചറുകളും വലിയ പെട്ടികളും എവിടെയാണ്?” വിദേശി ചിരിച്ചുകൊണ്ട് പറഞ്ഞു: ”അതെങ്ങനെ ഇവിടെയുണ്ടാകും? ഞാന്‍ ഇവിടെ ഒരു യാത്രക്കാരന്‍ മാത്രമാണ്. കടന്നുപോകുന്ന വഴിയിലാണ്.” അപ്പോള്‍ സന്ന്യാസി ശാന്തമായി മറുപടി പറഞ്ഞു: ”ഞാനും ഈ ഭൂമിയില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ്. ഞാനും കടന്നുപോകുന്ന വഴിയിലാണ്. പിന്നെ എന്തിനാണ് ഞാന്‍ ഇവിടെ നിക്ഷേപങ്ങള്‍ കൂട്ടിവയ്ക്കുന്നത്?”

പ്രിയ സഹോദരങ്ങളേ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം ഒരു യാത്രയാണ്. ലക്ഷ്യം നിത്യജീവനാണ്. നാം ഇവിടെ സ്ഥിര താമസക്കാരല്ല, തീര്‍ഥാടകരാണ്. അതുകൊണ്ടുതന്നെ ഈ ലോകത്തിലെ വസ്തുക്കളെ ഉപയോഗിക്കാം; എന്നാല്‍, അവയില്‍ നമ്മുടെ ഹൃദയം ബന്ധിക്കപ്പെടാന്‍ അനുവദിക്കരുത്.

ഇന്ന് നാം കേട്ട യാക്കോബ് ശ്ലീഹായുടെ ലേഖനവും നമ്മെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു, ”ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.” ഇതിന്റെ അര്‍ഥം ഭൗതികവസ്തുക്കളെല്ലാം ഉപേക്ഷിച്ച് നാം വീണ്ടും പ്രാചീന സന്ന്യാസജീവിതത്തിലേക്ക് മടങ്ങിപ്പോകണമെന്നാണോ? അല്ല. യേശു നമ്മോട് ആവശ്യപ്പെടുന്നത് ഭൗതികവസ്തുക്കളെ വെറുക്കാനല്ല; അവയോടുള്ള നമ്മുടെ ആഭിമുഖ്യം ശരിയായ സ്ഥാനത്ത് സ്ഥാപിക്കാനാണ്. നമ്മുടെ ഹൃദയത്തില്‍ അവ ദൈവത്തിന്റെ സ്ഥാനത്ത് വരരുത്.

ഇതിന് ഏറ്റവും മനോഹരമായ ഉദാഹരണമാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി. സമ്പത്തിന്റെയും സുഖസൗകര്യങ്ങ ളുടെയും പിന്നാലെ പോകുന്നതിനു പകരം അദ്ദേഹം ക്രിസ്തുവിനെ തന്റെ ജീവിതത്തിന്റെ ഏകനിധിയായി തിരഞ്ഞെടുത്തു. എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വന്തമാക്കിയപ്പോള്‍, ലോകം നഷ്ടപ്പെട്ടതല്ല, മറിച്ച് ക്രിസ്തുവില്‍ യഥാര്‍ഥ സമ്പത്ത് കണ്ടെത്തുകയായിരുന്നു.

പ്രിയ സഹോദരങ്ങളേ, നമ്മുടെ ജീവിതത്തിലും യഥാര്‍ഥ ആഭിമുഖ്യം കണ്ടെത്താനുള്ള കാഴ്ച നമുക്കുണ്ടാകണം. സഭയുടെ ആത്മീയപാരമ്പര്യം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ സത്യമുണ്ട്, കണ്ണുകളുടെ നിര്‍മ്മലത എന്നത് ലോകത്തെയും സഹോദരങ്ങളെയും ദൈവത്തിന്റെ സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി കാണുക എന്നതാണത്.

മരുഭൂമിയിലെ ഒരു താപസനെക്കുറിച്ച് പറയപ്പെടുന്ന മനോഹരമായ ഒരു കഥയുണ്ട്. സ്ത്രീകളെ കാണുമ്പോള്‍ അവരില്‍ നിന്ന് അകന്നുമാറുന്നതാണ് വിശുദ്ധിയുടെ അടയാളമെന്നു കരുതിയിരുന്ന ഒരു താപസന്‍ മരുഭൂമിയില്‍ ജീവിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം മരുഭൂമിയില്‍ നിന്ന് വരുമ്പോള്‍ വെള്ളം കോരിക്കൊണ്ടുവരുന്ന കുറച്ച് സ്ത്രീകളെ കണ്ടു. പതിവുപോലെ അവരെ ഒഴിവാക്കാന്‍ അദ്ദേഹം മറ്റൊരു വഴിയിലേക്കു മാറാന്‍ ശ്രമിച്ചു. അപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു: ”അങ്ങ് വഴിമാറിപ്പോകരുത്. ഞങ്ങളുടെ കണ്ണുകളിലേക്കു നോക്കാന്‍ പഠിക്കുക. ഞങ്ങള്‍ സ്ത്രീകളാണെന്ന കാര്യം പോലും ഓര്‍മ്മിപ്പിക്കാത്ത വിധം, ദൈവത്തിന്റെ മക്കളായി ഞങ്ങളെ കാണാന്‍ പഠിക്കുക.” ക്രിസ്തുവിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ കാണാന്‍ നമുക്ക് കഴിയണം. മനുഷ്യനെ വെറുമൊരു ഉപഭോക്താവായി കാണാതെ, വെറുമൊരു സഹപ്രവര്‍ത്തകനായി കാണാതെ, വെറുമൊരു ബന്ധുവായി കാണാതെ ദൈവത്തിന്റെ സ്വരൂപവും സാദൃശ്യവും വഹിക്കുന്ന ഒരു വ്യക്തിയായി കാണാന്‍ കഴിയണം. അവരുടെ വേദന കാണാനും അവരുടെ ആവശ്യങ്ങളിലേക്ക് കടന്നുചെല്ലാനും അവരെ സഹായിക്കാനും സ്‌നേഹിക്കാനും നമുക്ക് കഴിയുമ്പോഴാണ് നമ്മുടെ നിധി ക്രിസ്തുവിലാണെന്ന് തെളിയിക്കുന്നത്.

എന്നാല്‍, ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വലിയ വെല്ലുവിളി എന്താണ്? ദൈവത്തെയും മാമോനെയും ഒരേസമയം സ്വന്തമാക്കാനുള്ള ആഗ്രഹം. ഒരു ത്രാസിന്റെ രണ്ട് തട്ടുകളില്‍ ദൈവത്തെയും ലോകത്തെയും വച്ച് ഒരുപോലെ തുലനം ചെയ്യാന്‍ നാം ശ്രമിക്കുന്നു. എന്നാല്‍, യേശു വളരെ വ്യക്തമായി പറയുന്നു: ”നിങ്ങള്‍ക്ക് ദൈവത്തെയും മാമോനെയും ഒരേസമയം സേവിക്കാനാവില്ല.” മാമോന്‍ എന്നത് കേവലം പണം മാത്രമല്ല, ദൈവത്തിന്റെ സ്ഥാനത്ത് നാം പ്രതിഷ്ഠിക്കുന്ന എന്തും നമ്മുടെ മാമോനായി മാറാം. പണം, പ്രശസ്തി, അധികാരം, സുഖസൗകര്യങ്ങള്‍, ബന്ധങ്ങള്‍, സ്വന്തം കഴിവുകള്‍, നേട്ടങ്ങള്‍ അങ്ങനെ എന്തുമാകാം. നാം ദൈവത്തേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നതെന്തോ അതാണ് നമ്മുടെ ജീവിതത്തിലെ മാമോന്‍.

അതുകൊണ്ട് ഇന്ന് വചനം നമ്മോട് ഗൗരവമേറിയ ഒരു ചോദ്യം ചോദിക്കുന്നു: ”ഞാന്‍ ഭൂമിയില്‍ ശേഖരിച്ചുവയ്ക്കുന്നത് എന്തിനുവേണ്ടിയാണ്? അത് എന്നെ നിത്യജീവനിലേക്കു നയിക്കുന്നുണ്ടോ?” നമ്മുടെ ജീവിതത്തിലെ നിക്ഷേപങ്ങള്‍ നിത്യജീവനു വേണ്ടിയുള്ളവയാണോ എന്ന് നാം ആത്മശോധന ചെയ്യണം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 2544-ാം നമ്പറില്‍ പറയുന്നു: ”ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ തങ്ങളേക്കാളുപരിയായി ക്രിസ്തുവിനെയും സുവിശേഷത്തെയും സ്‌നേഹിക്കുകയും സമ്പത്തിന്റെ പ്രലോഭനത്തില്‍ വീഴാതെ ദരിദ്രരോട് കാരുണ്യം കാണിക്കുകയും സ്വര്‍ഗത്തില്‍ നിക്ഷേപം ശേഖരിക്കുകയും വേണം.”

അതുകൊണ്ട് പ്രിയ സഹോദരങ്ങളേ, വി. മത്തായിയുടെ സുവിശേഷത്തിലെ ആ വചനം ഒരിക്കല്‍ കൂടി നമ്മുടെ ഹൃദയത്തില്‍ പതിപ്പിക്കാം – ”നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.” നിത്യജീവനിലായിരിക്കട്ടെ നമ്മുടെ നിക്ഷേപം. ദൈവത്തിലായിരിക്കട്ടെ നമ്മുടെ ഹൃദയം. ഭൗതികവസ്തുക്കളിലല്ല, അവയെ സൃഷ്ടിച്ച ദൈവത്തിലായിരിക്കട്ടെ നമ്മുടെ പ്രത്യാശ. സന്തോഷത്തിലും സങ്കടത്തിലും ദൈവത്തെ കണ്ടെത്താന്‍ നമുക്ക് കഴിയട്ടെ. ജീവിതത്തില്‍ പ്രതിബന്ധങ്ങളുണ്ടാകുമ്പോള്‍ ദൈവത്തില്‍ നിന്ന് അകന്നുപോകാതെ, കൂടുതല്‍ ശക്തമായി അവിടുത്തെ പക്കലേക്ക് തിരിയാന്‍ നമുക്ക് സാധിക്കട്ടെ.

ഈ ലോകത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ കണ്ണുകള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിപ്പിടിക്കാം. ലോകത്തില്‍ ജീവിക്കാം; എന്നാല്‍ ലോകം നമ്മുടെ ഹൃദയത്തില്‍ വാഴാതിരിക്കട്ടെ. വസ്തുക്കള്‍ ഉപയോഗിക്കാം; എന്നാല്‍ അവ നമ്മെ ഉപയോഗിക്കാതിരിക്കട്ടെ. സമ്പത്ത് കൈവശം വയ്ക്കാം; എന്നാല്‍, നമ്മുടെ ഹൃദയത്തിന്റെ ഉടമ ദൈവം മാത്രമായിരിക്കട്ടെ.

വി. അഗസ്തീനോസിന്റെ പ്രസിദ്ധമായ പ്രാര്‍ഥന നമുക്കും ഹൃദയത്തില്‍ ഏറ്റുപറയാം: ”ദൈവമേ, അങ്ങേക്കായി മാത്രമാണ് അങ്ങ് ഞങ്ങളെ സൃഷ്ടിച്ചത്. അങ്ങില്‍ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയത്തിന് വിശ്രമമില്ല.” പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ബ്രദര്‍ അലന്‍ പൊള്ളയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.