
നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസമായിട്ടും വിട്ടയ്ക്കുകയോ രക്ഷിക്കാനുള്ള ശ്രമത്തിൽ പുരോഗതിയോ ഉണ്ടാകാത്തതിനാലാണ് മാതാപിതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മെയ് 15 നാണ് സംബിസ വനമേഖലയ്ക്കു സമീപമുള്ള മുസ്സ (Mussa) ഗ്രാമത്തിലെ ക്ലാസ് മുറികളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP), ബൊക്കോ ഹറാം തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകൾ സാധാരണക്കാർക്കും സ്‌കൂളുകൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ നൈജീരിയയിൽ തുടരുകയാണ്. മുസ്സയിൽ നിന്ന് തട്ടിക്കൊണ്ടുപോയവരിൽ 45 ഓളം കുട്ടികൾ ഇനിയും തിരിച്ചെത്താനുണ്ട്.
മുസ്സയ്ക്ക് സമീപമുള്ള ലാസ്സയിൽ ജൂൺ 29 ന് നടന്ന ആക്രമണത്തിൽ 36 വിദ്യാർഥികളെയും ഒരു അധ്യാപകനെയും കാണാതായിട്ടുണ്ട്. ഇവർ ഇപ്പോഴും ഭീകരരുടെ തടവിലാണ്. മൂന്നരയും എട്ടരയും വയസ്സുള്ള തങ്ങളുടെ രണ്ട് മക്കളെ നഷ്ടപ്പെട്ട പീസ് നിക്കോളസ് ഉൾപ്പെടെയുള്ള രക്ഷിതാക്കൾ വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. “ഞങ്ങൾ ദിവസവും ഭയത്തിലാണ്. ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. മക്കളെ രക്ഷപെടുത്താൻ സർക്കാരിനോട് അപേക്ഷിക്കുകയാണ്,” പീസ് പറയുന്നു.
വർഷങ്ങളായി സൈനിക നടപടികൾ തുടരുന്നുണ്ടെങ്കിലും വടക്കുകിഴക്കൻ നൈജീരിയയിൽ ഇത്തരം തട്ടിക്കൊണ്ടുപോകലുകൾക്ക് ഒരു കുറവും വന്നിട്ടില്ല. കമ്മ്യൂണിറ്റി നേതാക്കൾ പറയുന്നത്, പിഞ്ചുകുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി കൊണ്ടുപോകുന്നതിനേക്കാൾ വലിയൊരു വേദന മറ്റൊന്നില്ലെന്നാണ്.




