2027 ലെ സായിദ് മാനവ സാഹോദര്യ പുരസ്കാരത്തിന് നാമനിർദേശങ്ങൾ ക്ഷണിക്കുന്നു

ജനവിഭാഗങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനുള്ള 2027-ലെ സായിദ് മാനവ സാഹോദര്യ പുരസ്കാരത്തിനായുള്ള നാമനിർദേശങ്ങൾ 2026 ഒക്ടോബർ ഒന്ന് വരെ സമർപ്പിക്കാം. മാനവ സാഹോദര്യത്തിനായുള്ള സായിദ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പിനുള്ള നാമനിർദേശങ്ങളാണ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്.

2019-ൽ അബുദാബിയിൽ വച്ച് അൽ-അസ്ഹർ ഗ്രാന്റ് ഇമാം അഹമ്മദ് തയ്യിബും അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ പുരസ്കാരം സ്ഥാപിതമായത്. ആ കൂടിക്കാഴ്ചയിൽ, ഇരു മതനേതാക്കളും ചേർന്ന് ലോകസമാധാനത്തിനും സഹവർത്തിത്വത്തിനുമായുള്ള ‘മാനവ സാഹോദര്യ പ്രഖ്യാപനരേഖയിൽ’ ഒപ്പുവച്ചു. മാനവ സാഹോദര്യ പുരസ്കാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 2026 ഒക്ടോബർ ഒന്നുവരെ നാമനിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.

പത്തുലക്ഷം യുഎസ് ഡോളറിന്റെ (ഒരു മില്യൺ യുഎസ് ഡോളർ) സാമ്പത്തിക അവാർഡ് അടങ്ങുന്നതാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) സ്ഥാപകനായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നാമധേയത്തിലുള്ള ഈ പുരസ്കാരം. മതം, ലിംഗഭേദം, വംശം, ദേശീയത എന്നിവ നോക്കാതെ ആളുകളെ സഹായിക്കുന്നതിനുള്ള ഷെയ്ഖ് സായിദിന്റെ ധാർമ്മിക പാരമ്പര്യം, മാനവികത, മറ്റുള്ളവരോടുള്ള ആദരവ് എന്നിവയാണ് ഈ പുരസ്കാരത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്.

ഓരോ വർഷവും, സംവാദങ്ങൾക്കും പരസ്പര ഐക്യദാർഢ്യത്തിനും സംഭാവന നൽകിയവരെയാണ് ആദരിക്കുന്നതെന്ന് സായിദ് മാനവ സാഹോദര്യ പുരസ്കാരത്തിന്റെ സെക്രട്ടറി ജനറൽ ജഡ്ജി മുഹമ്മദ് അബ്ദൽസലാം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പുരസ്കാരത്തിന്റെ ഏഴാം പതിപ്പിന് അർഹരായവരെ 2026 ഫെബ്രുവരി നാലിന് അബുദാബിയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടന്ന ചടങ്ങിൽ വച്ച് ആദരിച്ചു. സമാധാനപരമായ സഹവർത്തിത്വം, മാനുഷിക സഹായം, എല്ലാവർക്കും വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് അസർബൈജാനും അർമേനിയയും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിനും, പലസ്തീൻ മാനുഷിക സംഘടനയായ താവൂനും (Taawon), അഫ്ഗാൻ വനിതാ അവകാശ പ്രവർത്തകയായ സർഖ യാഫ്താലിക്കും (Zarqa Yaftali) പുരസ്കാരം നൽകി.

2019 മുതൽ, ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിരത, അഭയാർഥി പിന്തുണ, സാമൂഹിക വികസനം, ഭരണസഹായം, യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണം തുടങ്ങി വിവിധ മാനുഷിക മേഖലകളിലെ സംഭാവനകൾക്കായി 20 രാജ്യങ്ങളിൽ നിന്നുള്ള 20 വ്യക്തികൾക്കും സംഘടനകൾക്കും ഈ പുരസ്കാരം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.