
അബോർഷൻ (ഗർഭച്ഛിദ്രം) ക്ലിനിക്കുകൾക്ക് മുന്നിൽ തടസ്സം സൃഷ്ടിക്കുന്നതും വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ പാസാക്കിയ പുതിയ നിയമത്തിനെതിരെ പ്രോ-ലൈഫ് പ്രവർത്തകർ രംഗത്ത്. ക്ലിനിക്കുകൾക്ക് മുന്നിൽ സമാധാനപരമായി നടത്തുന്ന പ്രാർഥനകളും പ്രതിഷേധങ്ങളും പോലും കുറ്റകൃത്യമായി ചിത്രീകരിക്കപ്പെടാൻ ഈ നിയമം കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂജേഴ്‌സി ഗവർണർ മിക്കി ഷെറിൽ (Mikie Sherrill) ഒപ്പുവച്ച ഈ നിയമത്തിൽ, ഗർഭച്ഛിദ്ര സേവനങ്ങളോ മറ്റ് അനുബന്ധ ചികിത്സകളോ തേടിയെത്തുന്നവരെ തടസ്സപ്പെടുത്തുകയോ, ഭീഷണിപ്പെടുത്തുകയോ, മാനസികമായ ബുദ്ധിമുട്ടുകൾ (emotional harm) ഉണ്ടാക്കുകയോ ചെയ്യുന്നത് കടുത്ത ശിക്ഷാർഹമായ കുറ്റമായി നിർവചിച്ചിരിക്കുന്നു. പുതിയ നിയമപ്രകാരം അബോർഷൻ സെന്ററുകളിലേക്ക് വരുന്ന വ്യക്തികളെ തടയുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ 18 മാസം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കാം. വൻതോതിലുള്ള ശാരീരിക പരിക്കുകൾ സംഭവിച്ചാൽ ഇത് 10 വർഷം വരെ തടവും 1,50,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. ബാധിക്കപ്പെടുന്ന വ്യക്തികൾക്കോ ക്ലിനിക്ക് ജീവനക്കാർക്കോ പ്രതിഷേധക്കാർക്കെതിരെ വ്യക്തിപരമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതികളെ സമീപിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഗർഭച്ഛിദ്ര വിരുദ്ധ പ്രവർത്തകരുടെയും കത്തോലിക്കാ സംഘടനകളുടെയും പ്രധാന ആശങ്ക ഈ നിയമത്തിലെ വിശാലമായ നിർവചനങ്ങളെക്കുറിച്ചാണ്. ക്ലിനിക്കുകൾക്ക് മുന്നിൽ നിന്ന് നിശബ്ദമായി പ്രാർഥിക്കുന്നതും, ഗർഭച്ഛിദ്രത്തിന് മുതിരുന്ന സ്ത്രീകൾക്ക് പിന്തുണയോ കൗൺസിലിംഗോ വാഗ്ദാനം ചെയ്യുന്നതും, സന്ദേശങ്ങളടങ്ങിയ പ്ലാക്കാർഡുകൾ പിടിക്കുന്നതും പോലും ‘മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി’ എന്ന പേരിൽ കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
വാക്കുകൾകൊണ്ടുള്ള സമാധാനപരമായ ആശയവിനിമയങ്ങളും പ്രാർഥനകളും തടയുന്നത് അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും (Free Speech) മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് നിയമ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
എന്നാൽ, ക്ലിനിക്കുകളിൽ എത്തുന്ന രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമനടപടികളിൽ നിന്ന് അവരെ സംരക്ഷിക്കാനുമാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് ഗവൺമെന്റിന്റെയും അബോർഷൻ അനുകൂലികളുടെയും വാദം. എങ്കിലും, പ്രാർഥനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ നിയമത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ നിയമപോരാട്ടങ്ങൾക്ക് അമേരിക്കൻ കോടതികൾ സാക്ഷ്യം വഹിച്ചേക്കും.




